മേരി കോം
ബോക്സിങ് താരം മേരികോമിന് ഒന്നിലധികം വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നുവെന്ന ആരോപണവുമായി മുൻ ഭർത്താവ് കരുങ് ഓൻഖോലർ (ഓൺലർ). തന്‍റെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് തട്ടിയെടുത്തുവെന്ന് മേരി കോം മുൻ ഭർത്താവിനെതിരേ ആരോപണമുന്നയിച്ചിരുന്നു. അതിനു പിന്നാലെയാണ് ഓൺലർ രംഗത്തെത്തിയിരിക്കുന്നത്. തനിക്കെതിരേയുള്ള ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടാണ് 2013 മുതൽ മേരികോമിന് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് ഓൺലർ ആരോപിച്ചിരിക്കുന്നത്.
ആദ്യം 2013ൽ ജൂനിയർ ബോക്സറുമായി അവൾക്ക് ബന്ധമുണ്ടായിരുന്നു. അതറിഞ്ഞതിനെത്തുടർന്ന് ഞങ്ങളുടെ കുടുംബത്തിൽ കലഹമുണ്ടായി. ഒടുവിൽ ഞങ്ങൾ ഒത്തുതീർപ്പിനു തയാറായി. അതിനു ശേഷം 2017ൽ മറ്റൊരാളുമായി ബന്ധമുണ്ടായി. അയാൾ മേരി കോം ബോക്സിങ് അക്കാഡമിയിലുള്ളതായിരുന്നു. അവരുടെ വാട്സാപ്പ് സന്ദേശങ്ങൾ എന്‍റെ കൈയിൽ തെളിവായുണ്ട്. അവൾക്ക് ബന്ധമുണ്ടായിരുന്ന വ്യക്തിയുടെ പേരുൾപ്പെടെയുള്ള തെളിവ് എന്‍റെ കൈയിൽ ഉണ്ടായിരുന്നു. എന്നിട്ടും ഞാൻ മൗനം തുടർന്നു. വിവാഹബന്ധത്തിൽ നിന്ന് മേരികോം പിന്മാറുന്നതിനെ തടയുന്നില്ല, പക്ഷേ പൊതുമധ്യത്തിൽ ആക്ഷേപിക്കുന്നതിനെ എതിർക്കുമെന്നും ഓൺലർ പറയുന്നു.
അവൾക്ക് ഒറ്റയ്ക്ക് താമസിക്കാനാണ് ആഗ്രഹം, ഇപ്പോൾ മറ്റൊരു ബന്ധവുമുണ്ട്. ഞങ്ങൾ വിവാഹമോചിതരായി. അവൾക്ക് മറ്റൊരു ഭർത്താവ് വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതിലെനിക്ക് യാതൊന്നുമില്ല. പക്ഷേ എന്നെ ഒരിക്കലും ആക്ഷേപിക്കരുത്. ഇനിയും എന്നെ ആക്ഷേപിക്കാൻ ആണ് ഒരുക്കമെങ്കിൽ തെളിവുകൾ കൂടി കൊണ്ടു വരണം, രേഖകൾ കാണിക്കണം. അവൾ ഇപ്പോൾ എവിടെയാണ്, ആർക്കൊപ്പമാണ് താമസിക്കുന്നതെന്ന് തനിക്കറിയാമെന്നും ഓൺലർ പറയുന്നു.
18 വർഷമായി ഞങ്ങൾ വിവാഹിതരായിരുന്നു. ഇപ്പോഴും ഞാൻ വാടക വീട്ടിലാണ് താമസിക്കുന്നത്. മേരികോം ഒരു സെലിബ്രിറ്റിയാണ്, അവർ പറയുന്നത് ശ്രദ്ധിക്കാൻ ആളുകളുണ്ടായിരിക്കുമെന്നും ഓൺലർ പറയുന്നു.
തങ്ങൾ ആചാരപരമായാണ് വിവാഹമോചിതരായത്, മേരികോമിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാൽ ഞാൻ വിവാഹമോതിരം മാറ്റി. ഇതു വരെയും കോടതിയെ സമീപിച്ചിട്ടില്ല. കുട്ടികളോട് സ്നേഹമുള്ളതിനാൽ കോടതിയിൽ പോരാടാൻ താത്പര്യമില്ലെന്നും ഓൺലർ വ്യക്തമാക്കി. മേരികോമിന്‍റെ ജീവിതത്തിലെയും കരിയറിലെയും വിവിധ സമയങ്ങളിൽ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു, എന്നിട്ടും ഈ ആരോപണങ്ങൾ വേദനിപ്പിക്കുന്നുവെന്നും ഓൺലർ. ഞാൻ മദ്യപിക്കുന്നുവെന്നാണ് മേരികോമിന്‍റെ ആരോപണം. എന്നാൽ മേരികോം വോഡ്കയും റമ്മും കഴിക്കാറുണഅടെന്നും ഗുട്ക കഴിക്കാറുണ്ടെന്നും ഇതേക്കുറിച്ചൊന്നും താനിതേ വരെ ആരോടും പറഞ്ഞിട്ടില്ലെന്നും ഓൺലർ ആരോപിച്ചു. 2005ലാണ് ഓൺലറും മേരികോമും വിവാഹിതരായത്. ഇരുവർക്കും നാല് മക്കളുമുണ്ട്.