മോമോസ്

 
Lifestyle

ലോകത്തിന്‍റെ 'മോമോ തലസ്ഥാനം'; രുചിയുടെ അപൂർവ കഥ പറയുന്ന കാഠ്മണ്ഡു

ആയിരക്കണക്കിന് മോമോസ് കടകളും വൈവിധ്യമാർന്ന രുചികളും കൊണ്ടാണ് ഈ നഗരം ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ പ്രിയകേന്ദ്രമായി മാറിയത്

Sarath Nath MS

മോമോസ് ഇഷ്ടമില്ലാത്ത ഭക്ഷണപ്രേമികളെ കണ്ടെത്തുക പ്രയാസമാണ്. ടിബറ്റിൽ നിന്ന് ആരംഭിച്ച ഈ വിഭവം ഇന്ന് ഹിമാലയൻ മേഖല മുതൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ വരെ വലിയ ജനപ്രീതി നേടിയിട്ടുണ്ട്. എന്നാൽ ലോകത്തിന്‍റെ 'മോമോ ക്യാപിറ്റൽ' എന്ന വിശേഷണം സ്വന്തമാക്കിയിരിക്കുന്നത് നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവാണ്. ആയിരക്കണക്കിന് മോമോസ് കടകളും വൈവിധ്യമാർന്ന രുചികളും കൊണ്ടാണ് ഈ നഗരം ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ പ്രിയകേന്ദ്രമായി മാറിയത്.

കാഠ്മണ്ഡുവിൽ ഏകദേശം 8,000ഓളം മോമോ റെസ്റ്റോറന്‍റുകളും തെരുവ് ഭക്ഷണശാലകളും പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്കുകൾ. സാധാരണ ഭക്ഷണമെന്നതിലുപരി, നഗരത്തിന്‍റെ സംസ്കാരത്തിന്‍റെയും ദൈനംദിന ജീവിതത്തിന്‍റെയും ഭാഗമായി മോമോ മാറിക്കഴിഞ്ഞു. ടിബറ്റിൽ നിന്ന് എത്തിയ പരമ്പരാഗത വിഭവം നേപ്പാളിന്‍റെ പ്രാദേശിക രുചികളുമായി ചേർന്ന് പുതിയ രൂപഭാവം കൈവരിച്ചതാണ് മോമോസിന്‍റെ പ്രത്യേകത.

ടിബറ്റുമായുള്ള സാംസ്കാരികവും വ്യാപാരപരവുമായ ബന്ധങ്ങളിലൂടെയാണ് മോമോസ് നേപ്പാളിലെത്തിയത്. പിന്നീട് കാഠ്മണ്ഡു താഴ്വരയിലെ തദ്ദേശീയരായ ന്യൂവാർ സമൂഹം പ്രാദേശിക മസാലകളും വ്യത്യസ്ത ഫില്ലിംഗുകളും ചേർത്ത് ഈ വിഭവത്തെ സ്വന്തം ശൈലിയിൽ വികസിപ്പിച്ചു. ഇതോടൊപ്പം ടിബറ്റൻ സമൂഹത്തിന്‍റെ പരമ്പരാഗത പാചകരീതിയും നിലനിർത്തിയതോടെ ഇന്ന് ലോകം അറിയുന്ന നേപ്പാളി മോമോസ് രൂപംകൊണ്ടു.

കാഠ്മണ്ഡുവിലെ മോമോ വൈവിധ്യമാണ് സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്. ആവിയിൽ വേവിച്ച ക്ലാസിക് സ്റ്റീംഡ് മോമോ, മസാല ചേർത്ത ചാറിൽ വിളമ്പുന്ന ജോൾ മോമോ, എരിവ് നിറഞ്ഞ സോസിൽ തയ്യാറാക്കുന്ന ചില്ലി മോമോ, ഒരു വശം മാത്രം വറുത്ത കോത്തേ മോമോ, പൂർണമായി വറുത്ത ഫ്രൈഡ് മോമോ, ആധുനിക ശൈലിയിലുള്ള ഓപ്പൺ മോമോ എന്നിവ ഇവിടെ ഏറെ ജനപ്രിയമാണ്. ചിക്കൻ, എരുമ മാംസം, പച്ചക്കറികൾ, പനീർ തുടങ്ങി വിവിധ ഫില്ലിംഗുകളിലും മോമോ ലഭ്യമാണ്.

എന്നാൽ കാഠ്മണ്ഡുവിലെ മോമോയെ വ്യത്യസ്തമാക്കുന്നത് അതിനൊപ്പം നൽകുന്ന ചമ്മന്തിയാണ്. തക്കാളി, വറുത്ത എള്ള്, നിലക്കടല, വെളുത്തുള്ളി, ഇഞ്ചി, നേപ്പാളിലെ പ്രത്യേക 'തിമൂർ' കുരുമുളക്, പച്ചമുളക് എന്നിവ ചേർത്താണ് ഈ പ്രത്യേക ചമ്മന്തി തയ്യാറാക്കുന്നത്. പുകമണം കലർന്ന എരിവ് നിറഞ്ഞ ഈ രുചിയാണ് കാഠ്മണ്ഡു മോമോയ്ക്ക് ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്തത്.

മോമോയെ ചുറ്റിപ്പറ്റിയുള്ള ഭക്ഷ്യമേളകളും മത്സരങ്ങളും കാഠ്മണ്ഡുവിൽ പതിവാണ്. പ്രാദേശിക പാചകക്കാർ, റെസ്റ്റോറന്‍റുകൾ, ഭക്ഷണപ്രേമികൾ എന്നിവർ പങ്കെടുക്കുന്ന ഇത്തരം പരിപാടികൾ നഗരത്തിന്‍റെ മോമോ പ്രണയം കൂടുതൽ ശക്തമാക്കുന്നു. ക്ഷേത്രങ്ങളും പൈതൃക കേന്ദ്രങ്ങളും സന്ദർശിക്കുന്നതുപോലെ തന്നെ കാഠ്മണ്ഡുവിലെ മോമോസ് ആസ്വദിക്കുകയെന്നതും വിനോദസഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലെ പ്രധാന ഐറ്റമായി മാറിയിരിക്കുകയാണ് ഇപ്പോൾ.

അതിതീവ്ര ന്യൂനമർദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, 10 ജില്ലകളിൽ യെലോ അലർട്ട്

ആക്രമണം ആര് നടത്തിയാലും അവർക്കെതിരേ നടപടി ഉണ്ടാവും, വിദ്യാർഥികളെ ജയിൽ മോചിതരാക്കണം; സുപ്രീം കോടതി

''സംസ്കാരശൂന‍്യമായ തലമുറ, ജെൻസികളുടെ റീലുകൾ കണ്ട് ഛർദിക്കാൻ തോന്നി''; വിദ‍്യാർഥി പ്രക്ഷോഭത്തിനെതിരേ നടി കങ്കണ റണാവത്ത്

കാസർഗോഡ് വീടിന്‍റെ ചുറ്റുമതിൽ നിർമാണത്തിനിടെ അപകടം; മൂന്നുത്തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി

കെ.ബി. ജയചന്ദ്രന് പ്രേംനസീർ മാധ്യമ പുരസ്കാരം