ബാബു ഇരുമല 
Literature

ബാബു ഇരുമല: ചെറുതാകാൻ വളർന്ന സാഹിത്യകാരൻ

'പരൽ മീനുകൾ കളിക്കുന്ന തോട്ടു വക്കത്തെ വീട് ' എന്ന പൈതങ്ങളുടെ പുസ്തകമാണ് ബാബു ഇരുമലയുടേതായി ഏറ്റവും അടുത്ത് പ്രസിദ്ധീകരിച്ച കൃതി.

റീന വർഗീസ് കണ്ണിമല

'ഇത്ര ചെറുതാകാനെത്ര വളരേണം...

ഇത്ര സ്നേഹിക്കാനെന്തു വേണം...'

കേരളം ഏറ്റു വാങ്ങിയ ഒരു ക്രൈസ്തവ ഭക്തിഗാനത്തിന്‍റെ ജനകീയ വരികളാണ് മേൽ കുറിച്ചത്.അതേ,ചെറുതാകാൻ വളരേണ്ടതുണ്ട്.ചെറുതിനെ അറിയാൻ ആഴക്കടലോളം സ്നേഹം വേണ്ടതുണ്ട്. ആ വളർച്ചയും സ്നേഹനിർധരിയുമാണ് ബാബു ഇരുമല എന്ന എഴുത്തുകാരൻ.കുറച്ചെഴുത്തുകളിൽ കരുതലിന്‍റെ, സ്നേഹത്തിന്‍റെ, മനസിലാക്കലിന്‍റെ ആഴക്കടലുകൾ തീർക്കുന്ന എഴുത്തുകാരൻ.അദ്ദേഹത്തിന്‍റെ ഓരോ വരികളിലും തന്നെ താനാക്കിയ തന്‍റെ നാടും ആവോളം മനസിൽ നിറഞ്ഞു നിൽക്കുന്ന പിതൃ വാത്സല്യവും സ്വന്തം നാടിനോടുള്ള കരുതലും തങ്ങളുടെ സ്വന്തമായ ഗുരു പുണ്യത്തോടുള്ള ഭയ ഭക്തി ബഹുമാനങ്ങളും നിറഞ്ഞൊഴുകുന്നു.

അതേ,നിറകുടം. അഹന്ത തെല്ലുമില്ലാത്ത ഒരു നിറകുടമാണ് ബാബു ഇരുമല എന്ന എഴുത്തുകാരൻ. അടിയന്തിരാവസ്ഥ ക്കാലത്ത് ,1976ൽ അക്കാലത്തെ വിദ്യാർഥികളുടെ സ്വപ്നമായി രുന്ന ബസേലിയൻ അവാർഡ് നേടിയ പ്രതിഭ.പിന്നീട് "വിശാല മനസ്കതയുടെ പാർശ്വഫലങ്ങൾ ' എന്ന ഒരു ചെറുകഥ എഴുതി പ്രസിദ്ധീകരിച്ചു.തൊട്ടു പുറകേ അക്കാലത്തെ ഒരു കൊല കൊമ്പൻ എഴുത്തുകാരൻ അത് നോവലാക്കി സ്വന്തമാക്കുകയും ചെയ്തു എന്നതും ഒരിക്കൽ പോലും ആ എഴുത്തുകാരനെതിരെ ബാബു ഇരുമല പ്രതികരിച്ചില്ല എന്നതും അദ്ദേഹത്തിന്‍റെ മാത്രം വിശാല മനസ്കതയുടെ പാർശ്വഫലങ്ങളായി ,ഉള്ളിലെ നോവായി ഇന്നും കിടക്കുന്നു.

കുരുന്നു കഥാപാത്രങ്ങൾ ബാല നോവൽ പ്രകാശനം ചെയ്യുന്നു

"പരൽ മീനുകൾ കളിക്കുന്ന തോട്ടു വക്കത്തെ വീട് ' എന്ന പൈതങ്ങളുടെ പുസ്തകമാണ് ബാബു ഇരുമലയുടേതായി ഏറ്റവും അടുത്ത് പ്രസിദ്ധീകരിച്ച കൃതി.ബാല സാഹിത്യം അത്ര വളരാത്ത കേരളത്തിൽ ബാബു ഇരുമലയുടെ ബാല സാഹിത്യ കൃതി വേറിട്ടു നിൽക്കുന്നത് ഒരു മുത്തച്ഛൻ തന്‍റെ പേരക്കിടാങ്ങളുടെ മനസുകളിലൂടെ ആത്മാർഥമായി നടത്തിയ ഒരു മനോയാത്രയാണ് അതെന്നതാണ്.നേതനും നേഹയുമാണ് മുഖ്യകഥാപാത്രങ്ങൾ.അവരും അവരുടെ അനു അമ്മയുമെല്ലാം ബാബു ഇരുമലയുടെ കുടുംബത്തെ കിലുക്കാം പെട്ടികൾ തന്നെ.എന്നാൽ കുഞ്ഞു പ്രായത്തിൽ കല്ലെടുക്കാൻ വിധിക്കപ്പട്ട തുമ്പിയായി മാറിയ തമിഴ് ബാലനെ തങ്ങളാലാകും വിധം രക്ഷിക്കുന്ന ആ കുരുന്നുകളിലേയ്ക്കെത്തുമ്പോൾ പിഞ്ചു മനസിന്‍റെ ആഴങ്ങളിലേയ്ക്ക് ഊളിയിട്ടു നീന്തുന്ന ബാല സാഹിത്യകാരനെ നമുക്കവിടെ കാണാം.പന്ത്രണ്ട് അധ്യായങ്ങൾ മാത്രമുള്ള നോവലിന്‍റെ ഇതിവൃത്തം നേതന്‍റെയും നേഹയുടെയും മുരുകനെന്ന അപ്പുവിന്‍റെയും നാലു ദിവസത്തെ സാഹസികതകളാണ് ഈ പന്ത്രണ്ട് അധ്യായങ്ങളിൽ ബാബു ഇരുമലയുടെ വാക് ചാരുതയും മറിയം ജാസ്മിന്‍റെ വരചാരുതയും കോറിയിടുന്നത്.കോതമംഗലം, കാക്കനാട്, ഇരുമലപ്പടി എന്നീ സ്ഥല പശ്ചാത്തലത്തിൽ എഴുതിയ നോവലിൽ ഉടനീളം കോതമംഗലം ഭാഷ ഉപയോഗിച്ചിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.കോതമംഗലം വിമലഗിരി പബ്ളിക് സ്കൂൾ 5, 3 ക്ലാസുകളിലെ വിദ്യാർഥികളായ ഇവർ നോവലിനെ മെനഞ്ഞെടുക്കുന്നതിലും പ്രധാന പങ്കുവഹിച്ചവരാണ്.

അനു അമ്മയും അമ്മമ്മയും ബെന്നി ചാച്ചനും ശെൽവിയും ജാക്കിയും കറുമ്പിയും എല്ലാം മിഴിവുറ്റ കഥാപാത്രങ്ങൾ. നേതനും നേഹയ്ക്കും കൂട്ടായെത്തുന്ന മുരുകൻ എന്ന അപ്പു ഇന്നത്തെ സഹന ബാല്യങ്ങളുടെ പ്രതീകമായി കഥാകാരന്‍റെ പ്രതിഭ പ്രസവിച്ച കുഞ്ഞാണ്.

ഈ കുഞ്ഞുങ്ങളുടെ കളി തമാശകളും കൊച്ചു വർത്താനങ്ങളും വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.'പരൽമീനുകൾ കളിക്കുന്ന തോട്ടുവക്കത്തെ വീട്', എന്ന കുട്ടികളുടെ നോവലിന്‍റെ പ്രകാശനവും നോവലിലെ പ്രധാന കഥാപാത്രങ്ങളും ഗ്രന്ഥകാരന്‍റെ ചെറുമക്കളുമായ നേതനും, നേഹയും ചേർന്നാണ് നിർവഹിച്ചതെന്ന പ്രത്യേകതയുമുണ്ട്.

മറ്റു പ്രധാന കഥാപാത്രങ്ങളും പ്രകാശന വേദിയിലെത്തി. നോവലിൽ മനുഷ്യരും, മൃഗങ്ങളുമായി 37 കഥാപാത്രങ്ങളുണ്ട്. 28 മനുഷ്യരിൽ 13ഉം, ഒൻപത് മൃഗങ്ങളിൽ ജാക്കി എന്ന പട്ടിക്കുട്ടിയും കറുമ്പി, സുന്ദരി, മദാമ്മ എന്നീ കോഴികളും ഈ ഭൂമുഖത്ത് ഇപ്പോഴുമുള്ളവർ.ജീവിച്ചിരിക്കുന്ന നോവൽ...

മലയാളത്തിലെ മുൻനിര മാസികകളിൽ കഥകൾക്കും നോവലുകൾക്കും ചിത്രീകരണം നടത്തി വരുന്ന പ്രശസ്ത ചിത്രകാരി മറിയം ജാസ്മിനാണ് നോവലിനായി 14 ചിത്രങ്ങൾ വരച്ചിട്ടുള്ളത്.

ഇഗ്‌നേഷ്യസ് പരസ്യം തേടുന്നു, റോസാപൂക്കണ്ടം, നാല് 56ന്‍റെ ചാല്, കോലൈസ്, അവശേഷിപ്പിന്‍റെ അടയാളം, ഇരുമല കുടുംബ ചരിത്രം, അടിമാലിയുടെ സ്വന്തം ഇട്ടൂപ്പ്‌ സാര്‍,

ഇവരെന്നും നമുക്കൊപ്പം, നിറങ്ങള്‍ വേണ്ടെന്ന് പറഞ്ഞവര്‍, മഹാപ്രളയം 2018.. എന്നിവയാണ് അദ്ദേഹത്തിന്‍റെ മറ്റു കൃതികൾ.

സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ; കായികമേള തിരുവനന്തപുരത്ത്

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കോട്ടയം മെഡിക്കൽ കോളെജ് ഹോസ്റ്റൽ കെട്ടിടം അതീവ അപകാടവസ്ഥയിൽ

''ബാൽ താക്കറെയ്ക്കു സാധിക്കാത്തത് ഫഡ്നാവിസിനു സാധിച്ചു'', ഉദ്ധവുമായി ഒരുമിച്ചതിനെക്കുറിച്ച് രാജ് താക്കറെ

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി