മനുഷ്യൻ എന്ന പ്രതീതി

 

representative image of an artwork- shutter stock

Literature

മനുഷ്യൻ എന്ന പ്രതീതി

ദിനംപ്രതി നൂറുകണക്കിന് കലാപ്രകടനങ്ങൾ സംഭവിക്കുന്നു. ചിത്രകലയ്ക്കും ശില്പകലയ്ക്കും പ്രതിഷ്ഠാപന കലയ്ക്കും വേദികളുണ്ടാകുന്നു

Aswin AM

അക്ഷരജാലകം| എം.കെ. ഹരികുമാർ

ഫെയ്സ്ബുക്ക് കാലത്ത് സാംസ്കാരിക പരിപാടികളും അനുഷ്ഠാന കലകളും നിലനിൽക്കുന്നത് ആശ്വാസമാണ്. എങ്കിലും നിഷ്കൃഷ്ടമായ, നിശിതമായ ആസ്വാദനത്തിനു വിധേയമാകുന്ന ഒരു കാലാവസ്ഥയില്ല. ദിനംപ്രതി നൂറുകണക്കിന് കലാപ്രകടനങ്ങൾ സംഭവിക്കുന്നു. ചിത്രകലയ്ക്കും ശില്പകലയ്ക്കും പ്രതിഷ്ഠാപന കലയ്ക്കും വേദികളുണ്ടാകുന്നു. ധാരാളം പേർ അതെല്ലാം കാണുന്നു. സൃഷ്ടികൾ എണ്ണപ്പെരുപ്പത്തിൽ മുന്നിലാണെങ്കിലും സൗന്ദര്യാസ്വാദനം, സൗന്ദര്യാനുഭവ സാക്ഷാത്കാരം ഉണ്ടാകുന്നതായി തോന്നുന്നില്ല.

രൂപത്തിന്‍റെ വൈചിത്ര്യത്തിലാണു പ്രതിഷ്ഠാപനകലനിലനില്ക്കുന്നത്. കുറേ ടെലിവിഷനുകൾ കൂട്ടിയിട്ട് അതിന്‍റെ മുകളിൽ ഒരു കടുവയുടെ രൂപം വച്ചാൽ ഇൻസ്റ്റലേഷനായി! കണ്ടുനിൽക്കാൻ കുറേപ്പേരുണ്ടാകും. എന്താണ് അതിന്‍റെ സ്രഷ്ടാവ് ചെയ്തിരിക്കുന്നതെന്ന് ആരും വിലയിരുത്തുന്നില്ല; ചിന്തിക്കുന്നില്ല. ചിന്തിക്കുന്നത് ഈ കാലത്ത് സദാചാര വിരുദ്ധമാണ്. ചിന്തിക്കാതിരിക്കുന്നതാണ് ധാർമികത.

കാണികൾ കൂട്ടത്തോടെ വന്ന് മ്യൂസിയങ്ങളും കലാപ്രദർശന നഗരികളും തിരക്കുള്ളതാക്കുന്നു. പുറത്തിറങ്ങുന്ന ഓരോ കാണിയുടെയും ഉള്ളിൽ പറയുന്നു, താനത് കണ്ടുതീർത്തുവെന്ന്, ഇനി യാതൊന്നും ബാക്കിവച്ചിട്ടില്ലെന്ന്.

കലയ്ക്ക് എന്തോ വലിയ നാശം സംഭവിച്ചിരിക്കുന്നു! കലയുടെ വാണിജ്യ സംസ്കാരവും ഉപയോഗവുമാണ് പ്രധാനമായിത്തീരുന്നത്. കലാകാരനായി ആരും ജീവിക്കുന്നില്ല. കലയുടെ പ്രയോക്താവ് അല്ലെങ്കിൽ വാണിജ്യപരമായ ആവശ്യത്തിന്‍റെ സാങ്കേതികജ്ഞാനി എന്നീ നിലകളിലേക്ക് കലാകാരൻ വഴിമാറിയിരിക്കുന്നു. ആസ്വാദകന് വലിയ മാറ്റം വന്നു. അവൻ ആസ്വാദകനല്ല, കാണിയോ പങ്കെടുക്കുന്നവനോ ആണ്. അവൻ ഒന്നും വിലയിരുത്തുന്നില്ല; ഓരോന്നിനെയും കണ്ടു എന്ന് അംഗീകരിച്ചാൽ മതി. അല്ലെങ്കിൽ ഒരു ഉത്പന്നം വില കൊടുത്ത് വാങ്ങിയാൽ മതി. മേശപ്പുറത്ത് വയ്ക്കാവുന്ന പൂപ്പാത്രം വാങ്ങുന്നതോടെ ഒരുവൻ ദൗത്യം പൂർത്തിയാക്കുന്നു. അവൻ ആസ്വാദകനോ വിലയിരുത്തുന്നവനോ അല്ല; കലാവസ്തുക്കൾ ഒരു ഇടം പൂർത്തീകരിക്കുക മാത്രമാണു ചെയ്യുന്നത്. കലാവസ്തുക്കൾ അർഥരഹിതമായി സ്വയം പ്രതിനിധാനം ചെയ്യുന്നു. കല നമ്മളോട് ഇപ്പോൾ ആവശ്യപ്പെടുകയാണ് അതിനെക്കുറിച്ച് ചിന്തിക്കരുതെന്ന്. കലയിൽ യാതൊന്നിനോടും പ്രതിഷേധിക്കാതിരിക്കുന്നതിലാണ് കലാകാരൻ പ്രത്യേക പഠനം നടത്തിയിരിക്കുന്നത്!

ആത്മീയ ദാരിദ്ര്യം

ജീവിതപ്രശ്നങ്ങളെ തൃണവൽഗണിക്കുകയും ഒരിക്കലും സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളെക്കുറിച്ചോർത്തു ത്രില്ലടിക്കുകയുമാണ് പൊതുവേ കലാകാരന്മാരും എഴുത്തുകാരും ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത്. സാമൂഹിക പ്രശ്നങ്ങളെ ചാനലുകളും ഫെയ്സ്ബുക്ക് ഹാൻഡിലുകളും തമസ്കരിക്കുകയും, അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതാണ് വാർത്തയെന്നും ചർച്ചയെന്നും സ്ഥാപിക്കുകയുമാണ്.

മറ്റുള്ളവരെ നിരീക്ഷിക്കുകയും വിചാരണ നടത്തുകയുമാണ് മിക്കവരുടെയും ജോലി. അവനവനിലേക്ക് നോക്കുന്നില്ല. ഇത് വലിയ ആത്മീയ ദാരിദ്ര്യയിലേക്ക് സമൂഹത്തെ എത്തിച്ചിരിക്കുകയാണ്. സ്വയം അഭിവൃദ്ധി പ്രാപിക്കുന്നില്ല. വായിക്കുന്നതിന്‍റെ ഗുണം കാണുന്നില്ല. ഫെയ്സ്ബുക്ക് തുറന്നാൽ രാഷ്‌ട്രീയ നേതാക്കളെയും സെലിബ്രിറ്റികളെയും തെറി പറയുന്നതാണ് കാണുന്നത്. അർഥശൂന്യമായി എഴുതുന്നതു തന്നെയാണ് അർഥമെന്നു തെറ്റിദ്ധരിക്കുകയാണ്. വായനക്കാർ എന്ത് പിഴച്ചു? അവർ നുണ മാത്രം ഉപഭോഗം ചെയ്യാനുള്ള വർഗമായി അധഃപതിക്കുകയാണ്. വായനക്കാരന് വിവരമുണ്ട് എന്ന ചിന്ത പോലുമില്ല. ആളുകളോട് കവിതയെക്കുറിച്ചോ കഥയെക്കുറിച്ചോ ഒരു ചർച്ച പോലും സാധ്യമാകുമോ എന്ന് സംശയമാണ്. എല്ലാം ആശയങ്ങൾക്ക് വെളിയിലാണ്. ഒരു കാഴ്ചവസ്തുവായി കലാവസ്തു മാറുന്നു.

ഫെയ്സ്ബുക്ക് ജീവനില്ലാത്ത ഒരു ലോകമായി മാറ്റപ്പെട്ടിരിക്കുന്നു. സ്ഥിരമായി സംസാരിച്ചുകൊണ്ടിരുന്നവർ രണ്ടോ മൂന്നോ വർഷം കൂടുമ്പോഴാണ് ഇപ്പോൾ സംസാരിക്കുന്നത്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോടുള്ള അദമ്യമായ സ്നേഹം, താല്പര്യം ഇല്ലാതാവുകയും പ്രതീതിയായി എല്ലാം ചുരുങ്ങുകയും ചെയ്തിരിക്കുന്നു. ഒരു മനുഷ്യനെ കണ്ടു സംസാരിക്കാമെന്ന് കരുതേണ്ട. ഒരു മാളിലോ, വിവാഹസൽക്കാരത്തിലോ, ചരമ ശുശ്രൂഷയിലോ കണ്ടാൽ തന്നെ ഒന്നും പറയാനുണ്ടാവില്ല. ഒരു നോട്ടത്തിലോ, ആംഗ്യത്തിലോ വർഷങ്ങളുടെ നീളമുള്ള സൗഹൃദം ആവിയായിപ്പോകും. ഒരു ആംഗ്യത്തിന്‍റെ ഓർമയിലാവും പിന്നീട് ജീവിക്കേണ്ടിവരുക. സൗഹൃദം എത്ര പെട്ടെന്നാണ് അനക്കമറ്റ ഒരു പാമ്പിനെ പോലെ സമൂഹമാധ്യമങ്ങളിൽ ആർക്കും വേണ്ടാതെ അവശേഷിക്കുന്നത്!

ഫെയ്സ്ബുക്ക് ചാവേറ്

സൗഹൃദമുള്ളവർക്കു പോലും സൗഹൃദത്തിന്‍റെ രക്തവും മാംസവും വേണ്ട, പ്രതീതി മതി. ഓരോ കണ്ടുമുട്ടലും ഫെയ്സ്ബുക്ക്, വാട്ട്സപ്പ് ഫോർമാറ്റിലേക്കുള്ള ചാവേറായി മാറുകയാണ്. ജീവിതമല്ല, ജീവിതത്തിന്‍റെ പ്രതീതിയാണ് ആളുകൾ ഇഷ്ടപ്പെടുന്നത്. സംവേദനക്ഷമതയുടെ മരണം ആഘോഷമാക്കുകയാണ്. ഇവിടെ കവിതയ്ക്ക് എന്ത് ചെയ്യാനൊക്കും? മിക്കവാറും കവികളും ഈ മനുഷ്യശൂന്യതയിലേക്ക് പതിച്ചിരിക്കുകയാണ്. സംവേദനക്ഷമതയിൽ ഒരു ഞെട്ടൽ നൽകാൻ പ്രമുഖ കവികളെല്ലാം പരാജയപ്പെട്ടിരിക്കുന്നു. രണ്ടുപേർ നേരിൽ കാണുന്നതിന്‍റെ ആഹ്ലാദമോ അടുപ്പമോ മിഥ്യയായിരിക്കുന്നു. തൊഴിൽപരമായി ഒത്തുചേരേണ്ടത് അനിവാര്യമായതിനാൽ അത് ഒഴിവാക്കാനാവില്ല. മറ്റുള്ള വിനിമയങ്ങൾ ശരീരവും മനസുമില്ലാത്ത ഏങ്കോണിപ്പുകളായി പിരിഞ്ഞു പോയിരിക്കുന്നു.

ആടുകളെ പോലെ

ഈ മരവിപ്പിലും സംവേദനരാഹിത്യത്തിലും മറവിയാണ് അമിതവണ്ണമാർജിക്കുന്നത്. മറവിയിൽ ഭക്ഷണം കഴിക്കാം, പ്രേമിക്കാം, ഉറങ്ങാം. ഇതിന്‍റെ ജഡത അവധി ദിനങ്ങൾ പോലെ മനസിനെ അലസമായി വിടുകയാണ്. ഈ സാർവത്രികമായ കൂട്ടമറവിയിൽ കവിത എന്താണ് ചെയ്യുന്നത്? അത് എന്താണ് സംവേദനം ചെയ്യുന്നത്? കൂടുതൽ കവികളും പരമ്പരാഗത താളവും അർഥവും പ്രമേയവും സ്വീകരിച്ച് ഔദ്യോഗിക അംഗീകാരത്തിനായി ഉഴറുകയാണ്. തനിക്ക് ഔദ്യോഗിക സ്ഥിരം വേദിയുടെ അംഗീകാരം വേണ്ടെന്ന് പറയാൻ കഴിവുള്ളവർ തീരെയില്ലാതായി. സാഹിത്യ അക്കാദമിയൊക്കെ മിക്കവാറും മാർക്കിടുന്നത് വഴക്കത്തിനും അനുസരണയ്ക്കും നിലവാരപ്പെടലിനും ആടുകളെ പോലെ കൂട്ടമായി സഞ്ചരിക്കാനുള്ള മനോഭാവത്തിനുമാണ്. സാഹിത്യ അക്കാദമി അവാർഡ് ഒരുവനെ നിലവിലുള്ള വ്യവസ്ഥയുമായി വിട്ടുപോകാതെ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അത് ഒരു വേറിടലല്ല, വ്യതിരക്തതയല്ല, മികവല്ല.

കളത്തറ ഗോപൻ എഴുതിയ "പതിയെപ്പതിയെ ഒറ്റയാകുമ്പോൾ' എന്ന കവിതയിലെ വരികൾ ഇന്നത്തെ ഫെയ്സ്ബുക്ക് നിശ്ചലതയെയും മനുഷ്യന്‍റെ പിൻവാങ്ങലിനെയും ഓർമിപ്പിക്കുന്നു:

"ആദ്യം സുഹൃത്തുക്കളിൽ നിന്ന്

വഴിപിരിയണം

നാലുപേർ കൂടുന്നിടത്തു നിന്ന്

പതുക്കെ ഉൾവലിയണം.

രണ്ടു വാക്ക് പറഞ്ഞിട്ട് പോ

എന്നാരെങ്കിലും പറഞ്ഞാലും

തിടുക്കത്തിൽ പോയി മുറിയിലിരിക്കണം.

ഇവൻ അവൻ/ ഇവൾ അവൾ ഞാൻ

ഇവരെല്ലാം വലിയ ഒറ്റകൾ തന്നെ.

ഭാര്യ, കുഞ്ഞുങ്ങൾ,

കാമുകി, പൂക്കൾ, മഴ, വെയിൽ,

നിലാവ്, വെളിച്ചം ഇവയിൽ നിന്നൊക്കെ

ഒറ്റയാവുകയെന്നത് തികച്ചും ശ്രമകരമാണ്.

ഒറ്റയായവൻ ഇരുട്ടുകൊണ്ടൊരു

കോട്ടയുണ്ടാക്കി, വെളിച്ചത്തെ പുറത്താക്കി,

ഓർമകളെ മറവികൾ കൊണ്ടടച്ച്

ഒറ്റയ്ക്ക് വിരാജിക്കുന്നു.

ഒറ്റയാവുന്നവനെ കണ്ടാലറിയാം-

അവന്‍റെ തലയ്ക്കു ചുറ്റും

ഇരുട്ടുകൊണ്ടാരു വലയം കാണും'.

ഇത് കാലത്തിന്‍റെ ഒറ്റപ്പെടലായി ഓരോ വ്യക്തിയും അനുഭവിക്കുകയാണ്. ഇത് വ്യക്തിയുടെ അകം ലോകമാണ്.

കലാനുഭവം ഇല്ലാതായി

കലാസൃഷ്ടികൾ എന്ന പേരിൽ ധാരാളം വസ്തുക്കൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. എന്നാൽ കലാനുഭവം എവിടെയുമില്ല. കലാനുഭവത്തെക്കുറിച്ചുള്ള ചർച്ച ഇല്ലാതായി. എന്താണ് ഒരു കലാസൃഷ്ടിയിൽ നിന്ന് ലഭിച്ചത് എന്ന ചിന്ത പോലും പിന്തളളപ്പെട്ടു. ഈ കാലം മനുഷ്യനിൽ അവശേഷിപ്പിക്കുന്നതെന്താണെന്ന് അന്വേഷിക്കുന്നവർക്കുള്ള ഉത്തരമാണ് ഈ കവിത. ഈ കാലം ഇങ്ങനെയാണ്. ഓരോ വ്യക്തിയും അവനിലേക്ക് മാത്രം ഉൾവലിഞ്ഞിരിക്കുന്നു. എന്നാൽ അതൊരു കണ്ടെത്തലാവുന്നുമില്ല.

സാഹിത്യത്തെയും കലയെയും ഭരിക്കാൻ പുതിയൊരു വർഗം ഉത്ഭവിച്ചുവന്നതാണ് ഇന്നത്തെ പ്രത്യേകത. 60കളിൽ ഇടതുപക്ഷം ബൂർഷ്വാ എന്ന് പറഞ്ഞ് ആക്രോശിച്ചെങ്കിൽ, ഇപ്പോഴാണ് ആ ബൂർഷ്വാ വിഭാഗം കൂട്ടത്തോടെ പ്രത്യക്ഷപ്പെട്ട് സംവേദനക്ഷമതയെയും സാഹിത്യത്തെയും വേരോടെ പിഴുതു കളഞ്ഞിരിക്കുന്നത്. യാതൊരു അഭിരുചിയും ചൂണ്ടിക്കാണിക്കാനില്ലാത്ത ചില നോവലുകൾ പതിനായിരക്കണക്കിന് കോപ്പികൾ വിറ്റുപോകുന്നത് ആഘോഷിക്കുന്നത് ഇതിന്‍റെ സൂചനയാണ്. എഴുത്തുകാർ പോലും ആശയസമരങ്ങൾ ഉപേക്ഷിച്ച് പുസ്തക വില്പനയുടെയും റോയൽറ്റി വകയായുള്ള ലാഭത്തിന്‍റെയും തങ്ങൾക്ക് കിട്ടുന്ന പ്രചാരത്തിന്‍റെയും കണക്കുകളിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്നു. മാർക്കറ്റിൽ വിജയിക്കാത്തതെല്ലാം ചീത്തയാണെന്ന പടിഞ്ഞാറൻ വാണിജ്യ ചിന്തകൾ ഇവിടെയും ശക്തമായി. ഏതിന്‍റെയും മൂല്യം നോക്കുന്നത് മാർക്കറ്റിനെ അടിസ്ഥാനമാക്കിയാണ് എന്നത് ഭയപ്പെടുത്തുന്നു. മാർക്കറ്റിൽ ഇടം കിട്ടാത്ത നൂറുകണക്കിന് എഴുത്തുകാരും കലാകാരന്മാരുമാണ് ഇവിടെയുള്ളത്.

വലിയ പ്രസാധകർ പുസ്തകം പ്രസിദ്ധീകരിക്കാത്തതു കൊണ്ട് എഴുത്തു നിർത്തിയവരുണ്ട്. ഫെയ്സ്ബുക്കിൽ മാത്രം എഴുതുന്നവരുണ്ട്. സാഹിത്യോത്സവങ്ങൾ, മാർക്കറ്റിൽ വിജയിക്കാനുള്ളവരെയും വിജയിച്ചവരെയും കണ്ടെത്താനുള്ള അഭ്യാസമാണ്. പുതിയ ഒരു മൂല്യാനേഷണമോ കലാസ്വാദനത്തിന്‍റെ ഉന്നതമായ മേഖലകളിലേക്കുള്ള ചർച്ചയോ ഇല്ല.

പുതിയ വർഗം

"ദ് ന്യൂ ക്ലാസ്: ആൻ അനാലിസിസ് ഓഫ് ദ് കമ്യൂണിസ്റ്റ് സിസ്റ്റം' എന്ന പുസ്തകമെഴുതിയ മിലോവൻ ജിലാസ് പുതിയ ഒരു വർഗത്തെപ്പറ്റി പറയുന്നു. വർഗരഹിത സമൂഹത്തെ സൃഷ്ടിക്കാൻ നടപ്പാക്കുന്ന കമ്യൂണിസ്റ്റ് വിപ്ലവത്തിനു ശേഷം പഴയ മുതലാളിത്ത വർഗത്തെ മാറ്റി ആ സ്ഥാനത്ത് പാർട്ടി ബ്യൂറോക്രാറ്റുകളുടെയും ഉദ്യോഗസ്ഥരുടെയും ഒരു പുതിയ വർഗത്തെ പ്രതിഷ്ഠിക്കുന്നു എന്ന് അദ്ദേഹം എഴുതുന്നു.

യൂഗോസ്ലാവിയൻ എഴുത്തുകാരനായ അദ്ദേഹം കണ്ടെത്തുന്ന ഈ പുതിയ വർഗം പ്രധാന തീരുമാനങ്ങളെടുക്കുന്നവരാണ്. അവർക്ക് പദവികൾ ഉണ്ടായിരിക്കും. എന്നാൽ ഇത് രാഷ്‌ട്രീയത്തിൽ പൊതുവെയുള്ളതാണ്. ഇതിന്‍റെ മറ പിടിച്ച് സാംസ്കാരിക രംഗത്ത് ഒരു പുതിയ വർഗം ഉദയം ചെയ്യുന്നത് കണ്ണുള്ളവർക്ക് കാണാനാകും. ഭരിക്കുന്നവർ അറിഞ്ഞോ അറിയാതെയോ ഈ വർഗം സാംസ്കാരിക, കലാ- സാഹിത്യ മേഖലകളിൽ അഭിമതരുടെ ഒരു പട്ടികയുണ്ടാക്കുന്നു. അതിൽ ഉൾപ്പെടാത്തവരെ മറ്റു കക്ഷികളുടെയോ സംഘടനകളുടെയോ വക്താക്കളോ പ്രവർത്തകരോ ആക്കി മാറ്റുന്നു. അവരുമായി ഈ പുതിയ വർഗം ഫോണിലോ നേരിട്ടോ കത്തുകളിലൂടെയോ ഒരു ഇടപാടും നടത്തുകയില്ല.

പുതിയ വർഗത്തിന്‍റെ രാഷ്‌ട്രീയമെന്ന ലേബലിലുള്ള അരാഷ്‌ട്രീയ അഭ്യാസങ്ങൾ ഒരു അടച്ചിട്ട മുറിയിലെന്ന പോലെ അരങ്ങേറുന്നത് സ്വാഭാവികം. എന്നാൽ പുതിയ വർഗം ഇത് അവരുടെ മാത്രം അവകാശമായി കാണുകയാണ്. അവർ അനഭിമതരായി കണ്ട കലാകാരന്മാരെയും സാഹിത്യകാരന്മാരെയും ഒരിടത്തും പ്രവേശിപ്പിക്കില്ല. അവരെ വിസ്മൃതിയിലേക്ക് തള്ളിവിടുകയും അനൗദ്യോഗികവും സമാന്തരവുമെന്ന നിലയിൽ ചാപ്പ കുത്തുകയും ചെയ്യുന്നു. വർഷങ്ങളിലൂടെ ഈ അനഭിമതർക്ക് എല്ലാ ബന്ധങ്ങളും നഷ്ടമാകും. അവരെ ആരും അറിയാതാവും. അവർക്ക് സംസാരിക്കാൻ വേദികളോ, കലാപ്രകടനത്തിന് ഇടമോ ലഭിക്കാതെ വരും.

"പുതിയ വർഗ'ത്തിലൂടെ എല്ലാ വാണിജ്യതാത്പര്യങ്ങളും കലാ- സാഹിത്യ മേഖലയിലേക്ക് എത്തും. ഇത് പ്രതിഷേധിക്കുന്ന, സ്വന്തമായി ചിന്തിക്കാനറിയുന്ന എഴുത്തുകാരെയും കലാകാരന്മാരെയും ഇല്ലാതാക്കും. ഇതിനു പിന്തുണ കൊടുക്കുകയാണ് വൻകിട പ്രസാധകരും മാധ്യമങ്ങളും ചെയ്യുന്നത്. എന്തുകൊണ്ടെന്നാൽ ഈ ധ്രുവീകരണത്തിലൂടെ സാമ്പത്തികവും രാഷ്‌ട്രീയവുമായി ശക്തിയുള്ള ഒരു കൂട്ടത്തെ കണ്ടെത്താനും അവരിലൂടെ സുരക്ഷിതമായ ഒരു കച്ചവടം നടത്തിക്കൊണ്ടു പോകാനും എളുപ്പമാണ്. പരാതിയോ പ്രതിഷേധമോ എതിരഭിപ്രായമോ ഇല്ലാത്ത ഒരിടത്ത് സാഹിത്യ പ്രവർത്തനം നടത്തുന്നതു പോലെ "സുഖകര'മായ ഒന്ന് ഇന്നത്തെ ഔദ്യോഗിക മാധ്യമങ്ങൾക്ക് വേറെയില്ല.

അനഭിമതരെ, അസംഘടിതരെ, സ്വന്തമായി ചിന്തിക്കുന്നവരെ, രാഷ്‌ട്രീയ സാമുദായിക പ്രതിച്ഛായകളില്ലാത്തവരെ തുടച്ചുനീക്കുന്ന പ്രക്രിയയിൽ സകല വൻകിടക്കാരും ഒരുമിക്കുന്നതോടെ സാഹിതീയമായ എല്ലാ മൂല്യങ്ങളും അസ്തമിക്കുകയാണ്. മറവികൾ കനം വച്ച് ആകാശത്തോളമുയരുന്നു. അഭിരുചിയുടെയും സൗന്ദര്യബോധത്തിന്‍റെയും കാണാക്കയങ്ങളിലേക്കു യാത്ര ചെയ്യുന്ന കൃതികളെ എന്നേക്കുമായി അച്ചടി മാധ്യമത്തിൽ നിന്ന് ഒഴിവാക്കുകയാണ്. ഇതല്ലേ ജനാധിപത്യത്തിന്‍റെ അന്ത്യം? മഹാഗ്രന്ഥകാരനും തത്ത്വചിന്തകനും കലാസാഹിത്യ ചരിത്രകാരനുമായ കൃഷ്ണചൈതന്യയുടെ ഒരു കൃതി പോലും സാഹിത്യ പ്രവർത്തക സംഘം പുനഃപ്രസിദ്ധീകരിക്കാത്തത് ആശങ്കയുണർത്തുകയാണ്.

നാം പതിറ്റാണ്ടുകളായി വളർത്തിയെടുത്ത എല്ലാ ആദർശങ്ങളെയും ഒറ്റിക്കൊടുത്തുകൊണ്ടുള്ള കൃതികളാണ് ഇന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതും വായിക്കപ്പെടുന്നതും എന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്.

രജത രേഖകൾ

1) എ. രാജഗോപാൽ കമ്മത്ത്

30 ശാസ്ത്ര ഗ്രന്ഥങ്ങൾ എഴുതിയ എ. രാജഗോപാൽ കമ്മത്ത് സമകാലീന മനുഷ്യാവസ്ഥയെക്കുറിച്ച് പറഞ്ഞ അഭിപ്രായങ്ങൾ ചിന്തിപ്പിച്ചു. രാജഗോപാൽ പ്രമുഖ പ്രപഞ്ച ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിനെ നേരിട്ട് കണ്ട് അഭിമുഖം നടത്തിയിരുന്നു. അദ്ദേഹം ഇംഗ്ലീഷിൽ എഴുതിയ "എ കോസ്മിക് സിംഫണി' വലിയ പ്രശംസ നേടി. അദ്ദേഹം പറഞ്ഞത് ഇതാണ്: "ധാരാളം മ്യൂസിയങ്ങളിലും ഗാലറികളിലും കലാപ്രദർശനങ്ങൾ കാണാറുണ്ട്. എന്നാൽ അതൊന്നും തന്‍റെ കലാഭിരുചിയെ, മനസിന്‍റെ ആസ്വാദനക്ഷമതയെ സ്പർശിച്ചില്ല. സമീപകാലത്ത് ബി.ഡി. ദത്തന്‍റെ ചിത്രം കണ്ടപ്പോൾ ആശ്വാസം തോന്നി. ഏറ്റവും വിചിത്രമായി തോന്നുന്നത് ചിത്രങ്ങളെക്കുറിച്ച് സംസാരിക്കാൻ ഒരേ തരംഗദൈർഘ്യമുള്ള മറ്റൊരാളെ കിട്ടുന്നില്ല എന്നതാണ്'.

1) പി.എൻ. ഗോപീകൃഷ്ണൻ

ആധുനികതയോ ഉത്തരാധുനികതയോ ഒന്നുമല്ല കവിതയുടെ മാറ്റ് നിർണയിക്കുന്നത്. കവിക്ക് ഒരവബോധം വേണം. ഏതെല്ലാം പുരാതനമായ ഉറവിടങ്ങളിൽ നിന്ന് വളം വലിച്ചെടുക്കാമെന്ന ചിന്തയുണ്ടാകണം. കവിക്ക് ഫലഭൂയിഷ്ടമായ മണ്ണ് വേണം. പി.എൻ. ഗോപീകൃഷ്ണന്‍റെ 169 (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഡിസംബർ 28) എന്ന കവിത ഒരു വരണ്ട വിവരണം മാത്രമാണ്. ഇതിന് കവിത എന്ന പേരിടുന്നത് വ്യർഥമാണ്. കവിത വായിച്ചാസ്വദിക്കാൻ കഴിവില്ലാത്തവർക്ക് ഇത് കവിതയായി തോന്നിയേക്കാം. ഒരു ഭാഗം നോക്കുക:

"ടീച്ചറുടെ ശവക്കല്ലറയിൽ

169 എന്ന് കൊത്തിവച്ച്

അന്ത്യാഭിലാഷം നടപ്പിലാക്കി

മകൻ പ്യാരേലാൽ.

ചോദിച്ചവരോട്

അമ്മയ്ക്ക് കണക്കിഷ്ടമായിരുന്നു

എന്നു പറഞ്ഞു.

പത്താം വയസിൽ നവഖാലിയിൽ

ഗാന്ധിക്കൊപ്പം പോയതാണ്'.

എന്താണ് ഇതിലെ കവിത? യഥാർഥ കവിതയെ പടിക്കു പുറത്ത് നിർത്തി കവിതയല്ലാത്തതിനെ പ്രകീർത്തിക്കുന്നത് ശരിയാണോ?

2) സൗമ്യ മുഹമ്മദ്

സൗമ്യ മുഹമ്മദ് എഴുതിയ "ഊണ് റെഡി' (സ്ത്രീശബ്ദം, ഡിസംബർ) എന്ന കഥ ദൈനംദിന യാഥാർഥ്യങ്ങളുടെ പൊള്ളിയ പ്രതലത്തിൽ ഒരുതുള്ളി വെള്ളം വീഴുന്നതിന്‍റെ ഒച്ചയും പൊട്ടലും കേൾപ്പിച്ചുകൊണ്ട് മനസിനെ നോവിപ്പിച്ചു. കഥ പറയാനുള്ള ആത്മാർഥതയാണ് ഈ കഥാകാരിയുടെ പ്രത്യേകത. പാചകശാലയിൽ പണിയെടുത്ത് നാട്ടുകാരുടെ വിശപ്പകറ്റുന്ന ഒരാൾ സ്വയം പേറുന്ന കുരിശ് എന്താണെന്ന് കഥയിൽ വായിക്കാം.

3) ചവറ കെ.എസ്. പിള്ള

ചവറ കെ. എസ്. പിള്ള എഴുതിയ "ഏകാകിത' (ഗ്രന്ഥാലോകം, ഡിസംബർ) ജീവിതവിചാരത്തിൽ പക്വത നേടിയ ഒരാളുടെ മനോഗതത്താൽ സമൃദ്ധമാണ്.

"ശാന്തമീ ഏകാകിത

നമുക്കീ നിമിഷങ്ങൾ

സ്വന്തമാക്കിടാം മന-

ച്ചെപ്പിനി തുറന്നീടാം.

വിട്ടു നീ പിരിയല്ലേ

ഇനിയും കൂട്ടങ്ങളിൽ

പെട്ടാൽ ഞാൻ വലയുമേ

ദുഃസഹം ഓർക്കാൻ മേലാ'.

ഒറ്റപ്പെടൽ ഒരാളലാണ്. അതിന്‍റെ തീയിൽ നിന്ന് പുറത്തു കടക്കാനുള്ള ശിശുസഹജമായ അഭിവാഞ്ഛയാണ് ചവറയുടെ കവിതയിൽ നിറയുന്നത്. ചവറ ജീവിതഭാവങ്ങൾക്ക് അർഥം കണ്ടെത്തുന്ന കവിയാണ്.

4) എം.ടി. വാസുദേവൻ നായർ

എം.ടിയുടെ ഒന്നാം ചരമവാർഷികത്തിൽ ചിലർ അദ്ദേഹത്തെക്കുറിച്ചെഴുതിയ ലേഖനങ്ങൾ വായിച്ചു. എം.ടിയെ കൂടല്ലൂരിന്‍റെ കഥാകാരനാക്കാനും മതസൗഹാർദത്തിന്‍റെ ആഖ്യാനകാരനാക്കാനും ശ്രമിക്കുന്നതായി കണ്ടു. സാഹിത്യബാഹ്യമായ വിവരണങ്ങളിൽ ഒതുങ്ങിപ്പോകുന്നവരുടെ പിടിവള്ളിയാണ് ഇതൊക്കെ. എം.ടിയെ കാല്പനിക കവികൾക്ക് ഇനിയും വേണ്ടപോലെ കണ്ടെത്താനായിട്ടില്ല. എം.ടി സ്വാതന്ത്ര്യദാഹിയും വൈയക്തികമായി യാഥാർഥ്യത്തെ അന്വേഷിച്ച കലാകാരനുമാണ്. അദ്ദേഹം ജീവിതത്തിന് ക്രമമോ അർഥമോ ഇല്ല എന്ന അറിവിൽ നിന്ന് വ്യക്തിപരമായ ക്രമത്തിനായി അലയുകയായിരുന്നു. അദ്ദേഹത്തിന്‍റെ "പന്ത്രണ്ട് വർഷം ഉറങ്ങുന്ന പൂക്കൾ' എന്ന കഥ വായിച്ചാൽ ഇത് ബോധ്യമാകും.

5) അസ്പൃശ്യത

രാഷ്‌ട്രീയത്തിലായാലും കലയിലായാലും അസ്പൃശ്യതയാണ് ഏറ്റവും വലിയ തിന്മ.

6) വിലം ലിബ്നിസ്

സത്യം ഏറ്റവും നല്ലതാണ്. അത് ആരും നിഷേധിക്കില്ല. എന്നാൽ ഓരോരുത്തർക്കും ഓരോ സത്യമാണ്. ചിലർക്ക് ചിലരോട് വെറുതെ വെറുപ്പു തോന്നുന്നു. ചിലപ്പോൾ അതിന് കാരണമുണ്ടാകാം. അവർക്ക് വെറുപ്പു തോന്നുന്നു എന്നതാണ് സത്യം. അത് തിരുത്താൻ മറ്റാർക്കും കഴിയില്ല. അതുകൊണ്ടാണ് ജർമൻ തത്വചിന്തകൻ ഗോട്ട്ഫ്രീഡ് വിലം ലിബ്നിസ് (1646-1716) ഇങ്ങനെ പറഞ്ഞത്: "ഓരോ വികാരവും സത്യത്തിന്‍റെ കാഴ്ചയാണ്'.

7) സത്യൻ അന്തിക്കാട്

വർഷത്തിൽ ഒരു പടം മാത്രം ചെയ്യുന്ന സത്യൻ അന്തിക്കാടിന്‍റെ ഏറ്റവും മികച്ച സിനിമ "പിൻഗാമി'യാണ്. ഇത് ഈ കോളത്തിൽ മുമ്പും എഴുതിയിട്ടുണ്ട്. ഒരു പ്രതിച്ഛായയും കൂടെ കൊണ്ടുനടക്കാത്ത സംവിധായകനാണ് സത്യൻ. ബാലചന്ദ്ര മേനോനും ഭരതനുമൊക്കെ സിനിമ സംവിധാനം ചെയ്യാത്തപ്പോഴും തലയിൽ തുണി കൊണ്ടു കെട്ടുകയോ തൊപ്പി വയ്ക്കുകയോ ചെയ്യുന്നത് കണ്ടിട്ടുണ്ട്. സംവിധായകരാണ് തങ്ങളെന്ന മനോവിചാരത്തെ വിട്ടുനിൽക്കാൻ അവർക്കു കഴിയില്ല. എന്നാൽ സത്യനാകട്ടെ, വീട്ടിലേക്ക് പച്ചക്കറി വാങ്ങാൻ പോകുന്ന പോലെയാണ് സിനിമ എടുക്കാൻ പുറപ്പെടുന്നത്. ഒരു ഭാരവും തലയിലേറ്റുന്നില്ല. താൻ ഒന്നിന്‍റെയും വ്യാജമുഖം പേറുന്നില്ല എന്ന് പ്രഖ്യാപിക്കുന്ന ആ ഭാവം വളരെ അപൂർവമാണ്. തന്‍റെ സിനിമകളിലെ കഥാപാത്രങ്ങളുമായി ഇതുപോലെ താദാത്മ്യം പ്രാപിച്ച ഒരു സംവിധായകനെ കണ്ടിട്ടില്ല.

8) ദസ്തയെവ്സ്കിയെക്കുറിച്ച് മഹാനായ റഷ്യൻ തത്വചിന്തകൻ നിക്കോള ബെർദ്യേവ് ഒരു പുസ്തകം എഴുതിയിട്ടുണ്ട്: "ഡോസ്റ്റോയെവ്സ്കി: ആൻ ഇന്‍റർപ്രറ്റേഷൻ'. ബെർദ്യേവ് ഇങ്ങനെ എഴുതി: "ആകെ ചരിത്രത്തെക്കാൾ മൂല്യവും അർഥവുമുള്ളത് മനുഷ്യന്‍റെ മനസിനാണ്'. ഒരാൾ നേരിടുന്ന യാഥാർഥ്യങ്ങൾ, വേദനകൾ ചരിത്രത്തിലെ മറ്റേതൊരു പുരുഷനേക്കാൾ, സംഭവത്തെക്കാൾ മൂല്യമുള്ളതാണ്. അതുകൊണ്ട് ഒരു വ്യക്തി സ്വയം എന്താണെന്ന് മനസിലാക്കിയാൽ അത് ലോകത്തിനു ഉപകാരപ്പെട്ടതായി മാറ്റാനാകും.

"ശബരിമല സ്വർണക്കൊള്ള തിരിച്ചടിച്ചു": സിപിഎം

സ്മൃതി- ഷഫാലി സഖ‍്യം ചേർത്ത വെടിക്കെട്ടിന് മറുപടി നൽകാതെ ലങ്ക; നാലാം ടി20യിലും ജയം

10,000 റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഇനി സ്മൃതിയും; സാക്ഷിയായി കേരളക്കര

ദ്വദിന സന്ദർശനം; ഉപരാഷ്ട്രപതി തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും

മുഖ‍്യമന്ത്രിക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ എഐ ചിത്രം; എൻ. സുബ്രമണ‍്യനെ വീണ്ടും ചോദ‍്യം ചെയ്യും