വ്യാസൻ കണ്ടെത്തിയ രസഹ്യം

 
Literature

വ്യാസൻ കണ്ടെത്തിയ രസഹ്യം

കവിതയ്ക്കാണെങ്കിൽ രൂപത്തിൽ പരീക്ഷണമാകാം; ഗദ്യത്തെയും പദ്യത്തെയും ധിക്കരിച്ചുകൊണ്ട് പുതിയ ഭാഷ സൃഷ്ടിക്കാം

MV Desk

1915 മുതലാണ് ഇംഗ്ലീഷ് എഴുത്തുകാരി വിർജിനിയ വുൾഫ് (1882-1941) സ്ഥിരമായി ഡയറി എഴുതിത്തുടങ്ങിയത്. അത് 1941 വരെ തുടർന്നു. അവസാനത്തെ കുറിപ്പ് അവർ ദിവംഗതയാകുന്നതിന് നാലുദിവസം മുമ്പായിരുന്നു. ദീർഘകാലം നിലനിന്ന ആ ഡയറിയെഴുത്ത് പിന്നീട് പുസ്തകമായി. ഇത് ആ കാലം മുതൽ സാഹിത്യതാൽപര്യമുള്ളവരൊക്കെ വായിക്കുന്നു. അവർ കണ്ട മനുഷ്യർ, ചിന്തിച്ച വിഷയങ്ങൾ, ആത്മകഥാപരമായ നിരീക്ഷണങ്ങൾ, മറ്റ് എഴുത്തുകാരെക്കുറിച്ചുള്ള വിലയിരുത്തലുകൾ തുടങ്ങിയവ ഇതിൽ അടങ്ങിയിരിക്കുന്നു.

ഡയറിക്ക് ഒരു രൂപം ആവശ്യമില്ല. കവിതയ്ക്കാണെങ്കിൽ രൂപത്തിൽ പരീക്ഷണമാകാം; ഗദ്യത്തെയും പദ്യത്തെയും ധിക്കരിച്ചുകൊണ്ട് പുതിയ ഭാഷ സൃഷ്ടിക്കാം. എന്നാൽ ഡയറിയുടെ രൂപം അതിന്‍റെ ഉള്ളടക്കമാണ്. ഡയറി എഴുതുന്നത് നാട്ടുകാർക്ക് വേണ്ടിയല്ല; അത് അവനവനോടുള്ള സംസാരമാണ്. ആത്മകഥ എഴുതുന്നത് മറ്റുള്ളവരെ തന്‍റെ നിയന്ത്രണത്തിൽ കൊണ്ടുവരാനാണ്. വ്യക്തിഗതമായി പല ഘട്ടങ്ങളിലും പെരുമാറിയിട്ടുള്ളത് മറ്റുള്ളവർ എഴുതുമ്പോൾ അസുഖകരമാകും. എന്നാൽ അതിനെക്കുറിച്ച് സ്വയം പ്രതിപാദിക്കുകയാണെങ്കിൽ മറ്റുള്ളവരിൽ എന്താണ് താൻ ധരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്, അത് സാധ്യമാക്കാം. ഡയറിയിൽ സമൂഹമില്ല. സുഹൃത്തുക്കൾക്ക് പോലും അവിടെ സ്ഥാനമില്ല. മലയാളം എഴുത്തുകാർക്ക് പരിചിതമായ മേഖലയല്ല അത്. അവനവനോടുള്ള കുമ്പസാരവും സ്വയം ബോധ്യവുമാണ് ഡയറി. അതിൽ കള്ളമില്ല. അത് തുറന്നുപറച്ചിലാണ്. മറ്റൊരാൾ അത് വായിക്കണമെന്ന് പോലും നിർബന്ധമില്ല. തികച്ചും സ്വകാര്യമായ ഒരു കുറിച്ചുവയ്ക്കലാണത്.

ബൈറനോടുള്ള പ്രേമം

അതുകൊണ്ടുതന്നെ വുൾഫിന്‍റെ ഡയറി പുസ്തകമാക്കിയപ്പോൾ പലതും ഒഴിവാക്കേണ്ടി വന്നുവെന്ന് അവരുടെ ഭർത്താവും എഡിറ്ററുമായ ലിയനാർഡ് വുൾഫ് അറിയിക്കുന്നുണ്ട്. മനുഷ്യരുടെ സാന്നിധ്യമില്ലാതിരുന്നാൽ ശരിയായ വിധി നിർണയം സാധ്യമാകുമെന്നാണ് വുൾഫ് എഴുതുന്നത്. മനസിനു സമാധാനവും തൃപ്തിയും വേണമെങ്കിൽ മറ്റുള്ളവരെക്കുറിച്ചുള്ള ചിന്തകൾ ശ്രദ്ധിക്കണം. അതുകൊണ്ട് അവർ തുറന്നു പറയുകയാണ്: "ഒരു നൂറ്റാണ്ടിന് ശേഷമാണെങ്കിൽ പോലും ബ്രിട്ടീഷ് കവി ബൈറണുമായി (1788-1824) പ്രേമത്തിലായിരിക്കാൻ താൻ ഒരുക്കമാണ്. അദ്ദേഹത്തിന്‍റെ "ഡോൺ ജുവാൻ' എന്ന കവിതയെക്കുറിച്ച് എന്‍റെ അഭിപ്രായം ഭാഗികമായിരിക്കാം; എന്നാൽ ഈ ദൈർഘ്യമുള്ള രചന എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട, വായനക്ഷമതയുള്ള കവിതയാണ്. ബൈറൺ ഒരു കവിയാകാൻ പ്രതിജ്ഞാബദ്ധനായിരുന്നില്ല.'

100 വർഷം മുമ്പ് ലോകത്തെ പിരിഞ്ഞു പോയ കവി ബൈറനോട് പ്രേമം തോന്നാനിടയായ കാവ്യം "ഡോൺ ജുവാൻ'ആണെന്ന് പറഞ്ഞല്ലോ. അതിലെ ഏതാനും വരികൾ ഇങ്ങനെയാണ്:

"വാക്കുകൾ വസ്തുക്കളാണ്,

ഒരു ചിന്തയ്ക്ക് മേൽ മഞ്ഞുപോലെ

ഒരു തുള്ളി മഷി വീഴുമ്പോൾ

അത് ദശലക്ഷക്കണക്കിനാളുകളെ

ആലോചനയിലേക്ക് നയിക്കും.

T എന്നത് ഒരു ചെറിയ അക്ഷരമാണ്,

സംസാരത്തിനു പകരം അത് ഉപയോഗിക്കുന്നു.

അത് കാലങ്ങളെ തമ്മിൽ സംയോജിപ്പിക്കുന്ന

കണ്ണിയായി വർത്തിക്കുന്നു.'

വേറൊരിടത്ത് കവി കുറിക്കുന്നത് ഇങ്ങനെയാണ്:

"രണ്ടു ലോകങ്ങൾക്കിടയിൽ നക്ഷത്രത്തെ പോലെ ജീവിതം തൂങ്ങിയാടുന്നു. ചക്രവാളത്തിന്‍റെ അരികിൽ രാത്രിയും പ്രഭാതവും. നമ്മൾ എന്താണെന്നതിനെക്കുറിച്ച് നാം അറിയുന്നത് എത്രയോ തുച്ഛമാണ്. കാലത്തിന്‍റെയും തിരയുടെയും അനശ്വരമായ ഇളക്കം തുടരുകയാണ്. അതിൽ നമ്മൾ കുമിളകളായി ചിതറുന്നു'.

കവിതയുടെ പരമ്പരാഗതമായ വിലക്കുകളോ വേലികളോ ശ്രദ്ധിക്കാത്തതു കൊണ്ട് ബൈറന്‍റെ കിരാതമായ പ്രതിഭ രാക്ഷസീയമായ ശക്തിയോടെ പുറത്തേക്ക് കുതിച്ചതാണ് വുൾഫിനെ ആകർഷിച്ചത്.

ആഴമുള്ള അന്വേഷണം

എഴുത്തുകാരിയെക്കുറിച്ച്, താൻ ആകാൻ ശ്രമിക്കുന്ന ആത്മീയ പ്രതിഛായയെക്കുറിച്ച് വിർജിനിയ വുൾഫ് വ്യത്യസ്തങ്ങളായ ആശയങ്ങൾ സങ്കൽപ്പിച്ചിരുന്നു. അവർ വലിയ വായനക്കാരിയായതുകൊണ്ട് സമകാലിക സാഹിത്യത്തിലെ വിഭിന്നങ്ങളായ ആശയധാരകൾ തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് മനസിലാക്കാൻ പ്രയാസമുണ്ടായില്ല.

സാഹിത്യകലയിൽ എപ്പോഴും യാഥാസ്ഥിതികവും കാൽപനികവുമായ ഭാവനയും, സ്വതന്ത്രവും വ്യക്തികേന്ദ്രീകൃതവും ആധുനികവുമായ ഭാവനയും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. കൂടുതൽ കടന്നു കയറി ചിന്തിക്കുന്ന, എതിർക്കുന്ന, വിപ്ലവകരമായ അഭിവാഞ്ഛകളുള്ളവർ നിലവിലുള്ളതും ആവർത്തിക്കപ്പെട്ടതുമായ മാതൃകകളുമായി ഒത്തുപോകാൻ ആഗ്രഹിക്കുന്നില്ല. അത് വെറും ആഗ്രഹമായി അവസാനിക്കാതെ അതിനായി അവർ പ്രവർത്തിക്കുന്നു. പുതിയ രീതിയിൽ വായിക്കുന്നു. ഭാഷയെക്കുറിച്ച് ആഴമുള്ള, ദർശനികമായ അനുഭവങ്ങൾ തേടുന്നു. സമാനമനസ്കരായ എഴുത്തുകാരുടെയും കലാകാര സമൂഹത്തിന്‍റെയും ചിന്തകൾ ഉൾക്കൊള്ളാൻ ശ്രമിക്കുന്നു. ആരെയും അനുകരിക്കാതെ പൂർവകാലത്തോട് പോരിനിറങ്ങുന്നു. ഒരു സ്ഥിരം ശൈലിയിലും പ്രമേയത്തിലും ചക്കുകാളയെപോലെ വട്ടം കറങ്ങാതെ, പുതിയ മേച്ചിൽപ്പുറങ്ങൾ തേടാൻ ഉത്സുകരാവുന്നു. പുതിയ പദസംയോജനങ്ങൾ, സങ്കീർണമായ ചമൽക്കാരങ്ങൾ, മനുഷ്യാവസ്ഥയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, തത്വചിന്തകൾ അവർ പുറത്തെടുക്കുന്നു.

എഴുത്തുകാരിയുടെ മതം

അതുകൊണ്ടാണ് വുൾഫ് ഡയറിയിൽ ഇങ്ങനെ എഴുതുന്നത്: "ഓരോ തവണയും മുഴുവൻ കാര്യങ്ങളും എനിക്ക് പുതുതായി സൂക്ഷിക്കേണ്ടി വന്നു. എല്ലാ എഴുത്തുകാരും ഈ വള്ളത്തിൽ തന്നെയാണുള്ളത്. ഇത് പാരമ്പര്യത്തിൽ നിന്ന് വിട്ടുപോരുന്നതിന്‍റെ പിഴയാണ്. ഏകാന്തത എഴുത്തിനെ കൂടുതൽ ആവേശഭരിതമാക്കുന്നു,നാം ശരിക്കും മനസിലാക്കപ്പെടുന്നില്ലെങ്കിലും. ഒരുവൾ കടലിന്‍റെ അടിത്തട്ടിലേക്ക് മുങ്ങണം. എന്നിട്ട് സ്വന്തം വാക്കുകളുമായി അവിടെ കഴിയണം.'

ഇതാണ് എഴുത്തുകാരിയുടെ, എഴുത്തുകാരന്‍റെ മതം. അവർ മറ്റൊരു ലോകം സൃഷ്ടിക്കുകയാണ്. ലോകത്ത് എല്ലാവരും കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾ അതേപടി എഴുതിവയ്ക്കാൻ ഒരു എഴുത്തുകാരിയുടെ ആവശ്യമില്ല; അതിന് വേറെ സംവിധാനമുണ്ട്. എഴുത്തുകാർ അവരുടെ വൈകാരികവും വ്യക്തിപരവുമായ നോട്ടങ്ങൾ കൊണ്ട് ലോകത്ത് മറിഞ്ഞിരിക്കുന്ന ജീവിതനാടകങ്ങളും ആത്മാവിന്‍റെ അന്ത:ക്ഷോഭങ്ങളും പുറത്തുകൊണ്ടുവരേണ്ടതുണ്ട്. മറ്റൊരു ആവാസവ്യവസ്ഥയാണ് വേണ്ടത്. വാക്കുകൾക്ക് പുതിയ അർഥതലങ്ങൾ ഉണ്ടാകണം. പരിചിതമായതിൽ നിന്ന് പുതിയ വാങ്മയങ്ങൾ സൃഷ്ടിക്കണം.

സാഹിത്യരചനയിൽ, നാം കാണുന്നതെല്ലാം വാരിവലിച്ചിടുകയല്ല ചെയ്യുന്നത്. ഷേക്സ്പിയർ നാടകങ്ങളിലെ സംഭാഷണങ്ങൾ പോലെ കൃത്യതയും മിതത്വവും ഗാംഭീര്യവുമാണ് ഉള്ളടക്കത്തെ ശക്തമാക്കുന്നത്. ഓരോ അണുവും പരിശോധിക്കണം. അതോടൊപ്പം അഴുക്കു പുരണ്ടതും ജീർണിച്ചതും ഒഴിവാക്കണം. ഒരു നിമിഷത്തിന് ചേരാത്ത വസ്തുക്കളും ചിന്തകളും വേണ്ടെന്ന് വയ്ക്കണം. ഒരു നിമിഷം എന്നു പറഞ്ഞാൽ വുൾഫിന് ചിന്തയുടെയും വികാരത്തിന്‍റെയും കടലിരമ്പത്തിന്‍റെയും സമന്വയമാണ്.

അവനവനെക്കുറിച്ച് മാത്രം ചിന്തിച്ച് കഥയെഴുതുന്നവരുണ്ട്. വളരെ പരിമിതമായ ലോകമാണത്. സ്വന്തം തൊഴിലും സുഹൃത്തുക്കളും വീടും മാത്രമായാൽ ലോകത്തെക്കുറിച്ചുള്ള അറിവിന്‍റെ അപക്വത അതിൽ പ്രതിഫലിക്കും. കാമുകിയെ പട്ടാളക്കാരൻ കല്യാണം കഴിച്ചുകൊണ്ടുപോകുന്നതിനെ അപഹസിച്ച കാമുകന്മാർ നമ്മുടെ നാട്ടിലെ ചില കഥകളിൽ കണ്ടിട്ടുണ്ട്. ഇപ്പോൾ പട്ടാളക്കാരുടെ സ്ഥാനം എവിടെയാണെന്ന് മിക്കവർക്കും ബോധ്യമായിട്ടുണ്ട്.

ലോകാവബോധം നേടിയാൽ മാത്രമേ ധാർമികതയെക്കുറിച്ചുള്ള കാലോചിതമായ അറിവ് ലഭിക്കുകയുള്ളൂ. സ്വയം മറക്കുന്നതാണ് എഴുത്തുകാരിക്ക് നല്ലത്. സ്വന്തം പ്രതിഛായയോ, പ്രസാധകന്‍റെ മേൽനോട്ടത്തിലുള്ള പ്രശസ്തിയോ, സാമ്പത്തിക ഭദ്രതയോ, രാഷ്‌ട്രീയ പാർട്ടികൾക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതിന്‍റെ പേരിൽ കിട്ടുന്ന സുരക്ഷയോ ഒന്നും ബാധകമാക്കരുത്. ഇതെല്ലാം ഒരാളുടെ അസംബന്ധ വ്യക്തിത്വത്തിലെ മങ്ങിയ തൂവലുകൾ മാത്രമാണ്. ഒരുവന്‍റെ സർഗപ്രപഞ്ചത്തെ സ്വാധീനിക്കാൻ ഇതിനൊന്നും കഴിയില്ല. വിവരമുള്ള ഒരു വായനക്കാരനും ഇത്തരം ഭ്രമങ്ങളെ, ചാഞ്ചാട്ടങ്ങളെ വിലവയ്ക്കില്ല.

അജ്ഞാതനാണ് എഴുതുന്നത്

"വായിക്കണം, മറ്റുള്ളവരെ നിരീക്ഷിക്കണം. കൂടുതൽ ചിന്തിക്കണം. കൂടുതൽ യുക്തിയോടെ എഴുതണം.' സ്വയം ആരാണെന്ന് അറിയാത്ത മട്ടിൽ എഴുതണമെന്നാണ് വുൾഫ് പറയുന്നത്. മഹാനായ സാഹിത്യകാരിയാണ് താനെന്ന് വിചാരിച്ചുകൊണ്ട് എഴുതാനിരുന്നാൽ പലരുടെയും മുഖങ്ങളും മുൻവിധികളും കടന്നുവരും. അത് രചനയെ ശരാശരിക്കും താഴെ കൊണ്ടെത്തിക്കും. എഴുതുമ്പോൾ എഴുത്തുകാരൻ എന്ന വ്യക്തിയില്ല, എഴുതുന്നയാളേയുള്ളൂ. അജ്ഞാതനാണ് എഴുതുന്നത്. അയാൾക്ക് ആരെക്കുറിച്ചും ഓർക്കേണ്ടതില്ല.

ജീവിതത്തിന്‍റെ നിത്യമായ അനിശ്ചിതാവസ്ഥയെ ദർശിച്ച എഴുത്തുകാരിയാണ് വുൾഫ്. ജീവിതത്തെ നമുക്ക് അറിയാം, അത് നമുക്ക് വികാരങ്ങൾ തരുന്നുണ്ടല്ലോ. അതിനോട് പ്രതികരിക്കാനാവുന്നുണ്ട്. എന്നാൽ മരണമോ? അത് ദുർഗ്രഹമാണ്; യുക്തിയില്ല.

പിന്നെ എന്തിനായിരുന്നു ജീവിതം എന്ന കോലാഹലം? ജീവിതകാലത്ത് നാം അനുഭവിച്ച സ്വാതന്ത്ര്യം ഒരു അപായക്കളിയായിരുന്നോ? ആ സ്വാതന്ത്ര്യത്തിലൂടെ നാം നേടിയതെല്ലാം പഴുത്ത ഇലകൾ പോലെ കൊഴിഞ്ഞു വീണു. വിശ്വസിച്ചതെല്ലാം വ്യാജമാണെന്ന് തെളിഞ്ഞു. പിന്നെ എന്തിനാണ് വെല്ലുവിളികൾ? അതുതന്നെയാണ് വുൾഫ് അനുഭവിച്ചത്.

അവർ എവിടെയും നിലയുറപ്പിക്കാനാവാതെ അലഞ്ഞു. മരണത്തെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥയും ദുർഗ്രഹതയും നിലനിർത്തിക്കൊണ്ട് തന്നെ അവർ ആത്മപരിശോധനയിൽ ഏർപ്പെട്ടു. അവർ എഴുതി: "ഞാനൊരു സത്യം കണ്ടെത്തി. മനുഷ്യരാശിക്ക് യാതൊരു സ്വഭാവദൃഢതയുമില്ലെന്ന് ഞാൻ മനസിലാക്കുന്നു. ഒന്നിനും വേണ്ടിയല്ല അലഞ്ഞത്; ഒന്നിലും വിശ്വസിച്ചില്ല. പടവെട്ടിയത് നിരാശ കലർന്ന കർമ്മവ്യഗ്രതയിൽ. എന്തിനോ വേണ്ടി പടവെട്ടിയവരുടെ നിഴൽ നാടകമാണ് ജീവിതമെന്ന് കണ്ടെത്തണമെങ്കിൽ ദാർശനികമായ കാഴ്ച വേണം. ഓരോ അടരും ഇളക്കി ഏറ്റവും ഉള്ളിലേക്ക് ചെല്ലുമ്പോൾ വേർതിരിച്ചെടുക്കാൻ യാതൊന്നുമില്ലെന്ന് വേദാന്തികൾ പറയും.

ഭീഷ്മർ കണ്ടത്

ഒരു വസ്തുവിനെ ഛേദിച്ചും വിഘടിപ്പിച്ചും നോക്കിയാൽ ആറ്റത്തിലെത്താം. പിന്നെയും വിഭജിച്ചാലോ? ഈ ശൂന്യതയെ ഭൗതിക ജീവിയായ മനുഷ്യൻ തന്‍റെ ചിന്തകളുടെയും പ്രവൃത്തികളുടെയും ഭാവനകളുടെയും പിന്നാലെ പരതി നടന്ന് കണ്ടെത്തേണ്ടതുണ്ട്. വ്യർഥതയ്ക്ക് മുഖാമുഖം വരികയാണ്. ജീവിതത്തിൽ അഗാധമായ സന്ദിഗ്ദ്ധതയുണ്ട്. അത് അറിയുന്നത് ഒടുവിലാണ്. മഹാപണ്ഡിതനായ ഭീഷ്മർ ഒടുവിൽ ശരശയ്യയിൽ കിടക്കുകയായിരുന്നു. അദ്ദേഹത്തിനു തന്‍റെ മരണത്തിൽ തീരുമാനമെടുക്കാൻ അധികാരമുണ്ടായിരിക്കെ അദ്ദേഹം അത് നീട്ടിവച്ചു. ധർമത്തെക്കുറിച്ച് താൻ നേടിയ അറിവുകൾ ഫലശൂന്യമാകുന്നത് അദ്ദേഹം കണ്ടു.

ഒടുവിൽ യുദ്ധം കാണുന്നതാണ് തന്‍റെ ധർമമെന്ന് ചിന്തിക്കുന്നു. തന്‍റെ ജീവിതത്തിലെ അസംബന്ധത്തെ അദ്ദേഹം മുഖാമുഖം കാണുന്നു. ആ കിടപ്പുകൊണ്ട് ജീവിതത്തിന് പ്രത്യേകിച്ചൊരു അർഥവും കിട്ടുന്നില്ലെങ്കിലും, അദ്ദേഹം അത് തിരഞ്ഞെടുക്കുന്നു. ആത്യന്തികമായി ചികഞ്ഞു ചെല്ലുമ്പോൾ മൃത്യുവാണ് ശേഷിക്കുന്നത് എന്നറിഞ്ഞ ഒരാളുടെ തിരഞ്ഞെടുപ്പായിരിക്കാം. അർഥം നഷ്ടപ്പെട്ട ജീവിതത്തെ അർഥം ഗ്രഹിച്ച ഒരാൾ നോക്കുന്നതിന്‍റെ വൈരുദ്ധ്യം അവിടെയുണ്ട്. ആ കിടപ്പിൽ ഭീഷ്മർ കണ്ട യുദ്ധമല്ലേ ഏറ്റവും വലിയ അസംബന്ധം? അവർ ആർക്കോ വേണ്ടി പോരാടി രക്തത്തിൽ വീണു. യുദ്ധം ജയിച്ചവരുടെയും പരാജയപ്പെട്ടവരടെയുമാണെങ്കിലും ജീവിതത്തിന്‍റെ നിസഹായത എല്ലാവർക്കും ഒരുപോലെയാണ്. കൂട്ടിയിട്ടിരിക്കുന്ന ശവങ്ങൾ വിജയത്തെ ഉദാഹരിക്കുന്നില്ല. കൊല്ലപ്പെട്ടവരുടെ ജീവിതം പരാജയത്തെ പ്രകീർത്തിക്കുന്നുമില്ല. ഇതല്ലേ എഴുത്തുകാരന്‍റെ പ്രസക്തമായ ദർശനം? വ്യാസൻ അത് കണ്ടെത്തി.

ഇരുപതാം നൂറ്റാണ്ടിലെ പ്രധാന ഇംഗ്ലീഷ് എഴുത്തുകാരിലൊരാളായ വുൾഫ് ഒരു സ്ത്രീ എന്ന നിലയിൽ മനുഷ്യസ്വഭാവ ഘടനയിലേക്ക് ടണൽ നിർമിച്ച് മനുഷ്യാവസ്ഥയെക്കുറിച്ച് ചില വിലപ്പെട്ട വിവരങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. സ്ത്രീവിചാരത്തിന്‍റെ പ്രധാന പുസ്തകങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന "എ റൂം ഓഫ് വൺസ് ഓൺ' (1929) വുൾഫിന്‍റെ സ്വാതന്ത്ര്യബോധത്തെ വ്യക്തമാക്കി തരുന്നുണ്ട്. ദ് വൊയേജ് ഔട്ട്, ടു ദ് ലൈറ്റ് ഹൗസ്, ഒർലാൻഡോ: എ ബയോഗ്രഫി, ദ് വേവ്സ് എന്നീ നോവലുകൾ അവരെ പ്രധാന എഴുത്തുകാരിയാക്കി. "എ റൂം ഓഫ് വൺസ് ഓൺ' എന്ന കൃതി സ്ത്രീക്ക് ഒരിടം സ്വന്തമായി ഉണ്ടാകണം, ഭാഷയിലും സാഹിത്യത്തിലും എന്ന് വാദിക്കുന്നു. ഒരു സ്ത്രീയെ വളരാൻ അനുവദിക്കാതെ, വിജ്ഞാനത്തിൽ നിന്ന് ഒഴിവാക്കുന്ന ലോകത്തോട് അവർ പറഞ്ഞു: "നിങ്ങൾ ലൈബ്രറി പൂട്ടി വെച്ചോളൂ; എന്നാൽ എന്‍റെ മനസിന്‍റെ സ്വാതന്ത്ര്യത്തിനു ബന്ധനം ഏർപ്പെടുത്താൻ നിങ്ങളുടെ പക്കൽ ഒന്നുമില്ല - ഗേറ്റില്ല, പൂട്ടില്ല, ബോൾട്ടില്ല.' മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിക്കാത്തവർ സ്ത്രീകൾക്ക് ബദലായി സാഹിത്യം സൃഷ്ടിക്കുകയാണ് ചെയ്തതത്രേ.

ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും യാഥാർഥ്യമല്ല, ലോകത്തിന്‍റെ യഥാർഥ്യത്തെ അഭിമുഖീകരിച്ചുകൊണ്ട് മാത്രമേ ഒരു സ്ത്രീക്ക് സ്വന്തം ചിന്തകളെ യഥാർഥമായി പകർത്താൻ കഴിയുകയുള്ളൂ എന്ന് വുൾഫ് തെളിയിച്ചു.

രജതരേഖകൾ

1) എല്ലാവർക്കും അറിയാവുന്നത്

"1914 ലെ മനുഷ്യരല്ല,

1940 കളിലെ മനുഷ്യർ.

അവരല്ല,

1960കളിലെ മനുഷ്യർ.

അവരേയല്ല'

പി.എൻ. ഗോപീകൃഷ്ണൻ എഴുതിയ"മുഖം ഒരു വാക്യമാണെങ്കിൽ കണ്ണീർ ഒരു അതിശയചിഹ്നമാണ്' (റീഡേഴ്സ് ഫോക്കസ് വാർഷികപ്പതിപ്പ്, മാർച്ച്) എന്ന കവിതയിലെ വരികളാണിത്. പകൽ പോലെ വ്യക്തമായിട്ടുള്ള ഇത്തരം കാര്യങ്ങൾ എഴുതാൻ ഒരു കവിയുടെ ആവശ്യമില്ല. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ എഴുതുകയല്ല വേണ്ടത്. ഗോപീകൃഷ്ണന് ആധുനിക ഭാവുകത്വമില്ല. കവിതയുടെ പ്രചാരണതലമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. രാഷ്‌ട്രീയ ചിന്തകൾ ഉണ്ടാകുന്നത് നല്ലതാണ്. എന്നാൽ അത് വെറുതെ വിവരിച്ചാൽ കലയാവില്ല.

2) ഗോവർധന്‍റെ യാത്രകൾ

1995ലാണ് ആനന്ദിന്‍റെ "ഗോവർദ്ധന്‍റെ യാത്രകൾ' പ്രസിദ്ധീകരിച്ചത്. 30 വർഷം പിന്നിട്ടിരിക്കുന്നു. ഈ കാലയളവിനുള്ളിൽ ഇതിനേക്കാൾ ശ്രദ്ധേയമായ മറ്റൊരു നോവൽ മലയാളത്തിൽ ഉണ്ടായിട്ടില്ല. ഈ നോവലിനെ ഇവിടത്തെ കലാശാലാ വിമർശകർക്ക് സമീപിക്കാൻ പോലും കഴിയില്ല. അത് ആസ്വാദിക്കാനുള്ള "ഉപകരണങ്ങൾ' അവരുടെ പക്കലില്ല.

3) ഏകാന്തതയുടെ മ്യൂസിയം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെ മലയാളം ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന നോവലാണ് എം.ആർ. അനിൽകുമാറിന്‍റെ"ഏകാന്തതയുടെ മൂസിയം (2019, ഡി.സി). മികച്ച വിദേശ കൃതികൾ വായിച്ചു എന്ന അവകാശപ്പെടുന്നവർ പോലും ഇതിനെപ്പറ്റി മിണ്ടുന്നില്ല. പല പ്രമുഖ എസ്റ്റാബ്ലിഷ്മെന്‍റുകളുടെയും സാഹിത്യ ഭാവുകത്വം മരിച്ചു എന്നാണ് ഇത് കാണിക്കുന്നത്. നൂതനമായ കൃതി എഴുതിയ അനിൽകുമാറിനെ ആൻഡമാനിലേക്ക് നാടുകടത്താതെ നോക്കണം. സാഹിത്യരംഗത്തെ യാഥാസ്ഥിതിക സ്ഥാപനങ്ങൾക്ക് തീരെ സഹിഷ്ണുതയില്ലാത്ത കാലമാണിത്.

4) ഖസാക്കിന്‍റെ ഇതിഹാസം

കഴിഞ്ഞ നൂറ്റാണ്ടിലെ മാത്രമല്ല, എന്നത്തെയും മഹത്തായ നോവലായ "ഖസാക്കിന്‍റെ ഇതിഹാസ'(1969) ത്തിന് കേരള സാഹിത്യ അക്കാദമിയും കേന്ദ്ര സാഹിത്യ അക്കാദമിയും അവാർഡ് കൊടുത്തില്ല. ഈ സ്ഥാപനങ്ങളുടെ ആസ്വാദന ശേഷി പരിശോധിക്കപ്പെടേണ്ടതുണ്ട്.

5) പി.കെ. ഗോപി

ആത്മശൂന്യമായ സാഹിത്യചർച്ചകൾ നടത്തുന്നവരെയും പുസ്തകപ്പുഴുക്കളെയും പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്ന കവിതയാണ് പി.കെ. ഗോപിയുടെ "അഗ്നിയുടെ ആവരണങ്ങൾ' (കലാപൂർണ, ഏപ്രിൽ).

"അടച്ചുപൂട്ടിയ പുസ്തകത്തിലെ

അക്ഷരങ്ങളിലമർന്ന്

ആത്മാഗ്നിയുടെ

പൊള്ളലും പൊരിച്ചിലും

സഹിച്ചു വശംകെട്ട്

തലയും വാലുമില്ലാതെ

തമസിന്‍റെ മൂകസൃഷ്ടിയായി'

മാറുന്നവരെ സാമൂഹ്യബോധമുള്ള പ്രതിഭയായി കാണാനാവില്ല. "വെളിച്ചം കടക്കാത്ത സ്വയാവരണങ്ങളിൽ' ഒതുങ്ങിപ്പോകുന്നത് കാലത്തെ നഷ്ടപ്പെടുത്തുന്നതിന് തുല്യമാണ്.പ്രതികരണശേഷിയറ്റ രാഷ്‌ട്രീയ ഉദ്യാഗസ്ഥ കവികൾ സ്വയം വിമർശനം നടത്തണം.

6) അഭിമുഖം

ചിലർ അഭിമുഖങ്ങളിൽ പ്രശസ്തരോടൊപ്പമുള്ള ഫോട്ടൊകൾ പ്രസിദ്ധീകരിക്കുന്നത് കാണാം. ഈ അഭിമുഖം മുൻകൂട്ടി കണ്ട് കരുതലോടെ എടുത്ത ഫോട്ടോകളായിരിക്കാം! എത്ര ശൂന്യമാണ് ഇവരുടെ വിചാരം. ഇതു കണ്ട് വായനക്കാർ എന്താണ് ധരിക്കേണ്ടത്? ഫോട്ടൊയിൽ ഒന്നിച്ചിരിക്കുന്നവർ സമശീർഷകരാണെന്നോ? വായനക്കാരെ വിഡ്ഢി എന്ന് വിളിക്കരുത്.

7) ജിദ്ദു കൃഷ്ണമൂർത്തി

എന്തിനാണ് വായിക്കുന്നതെന്ന് ഒരാൾ ജിദ്ദു കൃഷ്ണമൂർത്തിയോട് ചോദിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: "വായിക്കുക, കളിക്കുക, ചിരിക്കുക, ക്രൂരനായിരിക്കുക, നല്ലവനായിരിക്കുക, നദിക്കരയിൽ പോയി നില്ക്കുക, മേഘങ്ങളെ നോക്കുക... ഇതെല്ലാം ജീവിതത്തിന്‍റെ ഭാഗമാണ്. നിങ്ങൾക്ക് വായിക്കാൻ, നടക്കാൻ, ഒരിലയുടെ സൗന്ദര്യമാസ്വദിക്കാൻ അറിയില്ലെങ്കിൽ നിങ്ങൾ ജീവിക്കുന്നില്ല എന്നു കണക്കാക്കാം. ജീവിതത്തെ സമഗ്രമായി അറിയുക, ഒരു ചെറിയ ഭാഗം മാത്രം പോരാ. അതുകൊണ്ട് വായിക്കണം, മേഘങ്ങളെ നോക്കണം, നൃത്തം ചെയ്യണം, കവിത എഴുതണം, പാടണം, സഹിക്കണം, മനസിലാക്കണം. ഇതെല്ലാം ചേരുന്നതാണ് ജീവിതം'.

വാല്മീകി പുസ്തകങ്ങൾ വായിച്ചിട്ടാണോ "രാമായണം' എഴുതിയതെന്ന് ചോദിക്കുന്ന എഴുത്തുകാർക്കുള്ള മറുപടി ഇതിലുണ്ട്.

8) രണ്ടാം പതിപ്പ്

പുസ്തകത്തിന് രണ്ടാം പതിപ്പ് ഇറക്കുന്നതിനെപ്പറ്റി സുകുമാർ അഴീക്കോട് പറഞ്ഞത് ഇതാണ്: ഒരു കഥാകൃത്തിന്‍റെ പുസ്തകത്തിന്‍റെ കോപ്പികളുമായി ബസിൽ വരികയായിരുന്നു. പാലം കടക്കവേ ബസ് ചെരിഞ്ഞപ്പോൾ പുസ്തകങ്ങൾ വെള്ളത്തിലേക്ക് വീണുപോയി. പാലം കടന്ന ഉടനെ രണ്ടാം പതിപ്പ് റെഡി! സ്വാമി അവ്യയാനന്ദയുടെ പുസ്തകം പ്രകാശനം ചെയ്യുമ്പോഴാണ് അഴീക്കോട് ഇങ്ങനെ പറഞ്ഞത്.

9) സെറീന വില്യംസ്

ആരും നമ്മെ വിശ്വസിക്കുന്നില്ലെങ്കിൽ നമ്മെ നാം വിശ്വസിക്കുന്നതാണ് ഉത്തമം - അമെരിക്കൻ ടെന്നീസ് താരം സെറീന വില്യംസ് പറഞ്ഞു.

10) യൂദാസ്

ക്രിസ്തുവാകാൻ വൃഥാ ശ്രമിക്കുന്നവരുണ്ട്, സാധിക്കില്ല; എന്നാൽ യൂദാസ് ആകാതിരിക്കാൻ ജാഗ്രതയുണ്ടായിരിക്കുന്നത് നല്ലതാണ്.

പരസ്യ പ്രതികരണം വേണ്ട; മുഖ്യമന്ത്രി തർക്കത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കമാൻഡ്

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 2 മരണം

കുംഭമേള വൈറല്‍ പെൺകുട്ടി ഗര്‍ഭിണി; പൊലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്

ഇനി 'ഫുൾ എ പ്ലസ്' എളുപ്പമാവില്ല; എസ്എസ്എല്‍സി മൂല്യനിര്‍ണയം കടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശം

ഇടമലക്കുടി റേഷന്‍ കൊള്ള; ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍