കേതകി കുശാരി ഡൈസൺ
കോൽക്കത്ത: പ്രവാസി സാഹിത്യരംഗത്തെ ശ്രദ്ധേയ എഴുത്തുകാരിയും രവീന്ദ്രനാഥ ടാഗോറിന്‍റെ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയും ഗവേഷണം നടത്തുകയും ചെയ്ത കേതകി കുശാരി ഡൈസൺ അന്തരിച്ചു. 86 വയസായിരുന്നു. ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡിലെ പ്രാന്തപ്രദേശത്തുള്ള വീട്ടിൽ സെപ്റ്റംബർ 11നായിരുന്നു അന്ത്യം. ദീർഘകാലമായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
രബീന്ദ്ര ഭാരതി സർവകലാശാലയിലെ ഗവേഷകയും കുടുംബസുഹൃത്തുമായ സുമന ദാസ് സൂർ ആണ് മരണവിവരം പുറത്തുവിട്ടത്. റോബർട്ട് ഡൈസൺ ആണ് ഭർത്താവ്. വിർജിൽ പൂജാരി ഡൈസൺ, ഇഗോർ നിലാദ്രി ഡൈസൺ എന്നിവരാണ് മക്കൾ.
1940 ജൂൺ 26ന് അവിഭക്ത ബംഗാളിലെ കുഷ്തിയയിലാണ് കേതകി കുശാരി ഡൈസൺ ജനിച്ചത്. കുഷ്തിയ ഇപ്പോൾ ബംഗ്ലാദേശിന്‍റെ ഭാഗമാണ്. 1958ൽ കോൽക്കത്തയിലെ പ്രസിഡൻസി കോളെജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ റെക്കോർഡ് മാർക്കോടെ ബിരുദം നേടി. തുടർന്ന് ഓക്സ്ഫോർഡ് സർവകലാശാലയിൽ പഠനം നടത്തി. 1975ൽ പിഎച്ച്ഡി നേടി.
നോബൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോറിനെക്കുറിച്ച് അവർ വിപുലമായ ഗവേഷണം നടത്തിയിരുന്നു. ടാഗോറിന്‍റെ ചിത്രകലയെക്കുറിച്ചുള്ള പഠനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ടാഗോറിന്‍റെ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നതിലും അവർ ശ്രദ്ധേയമായ സംഭാവന നൽകി.
ഓക്സ്ഫോർഡ് സർവകലാശാലയിൽ പഠിക്കുന്നതിനിടെയാണ് യോർക്ക്ഷെയറിൽ നിന്നുള്ള ഫിസിക്സ് വിദ്യാർഥിയായ റോബർട്ട് ഡൈസണെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും വിവാഹിതരായി. പിന്നീട് ബ്രിട്ടീഷ് പൗരത്വം നേടിയെങ്കിലും ബംഗാളി ഭാഷയോടും സാഹിത്യത്തോടുമുള്ള അടുപ്പം അവർ ജീവിതത്തിലുടനീളം നിലനിർത്തി.
കവിതകൾ, നാടകങ്ങൾ, നോവലുകൾ തുടങ്ങി നിരവധി കൃതികൾ കേതകി കുശാരി ഡൈസൺ രചിച്ചിട്ടുണ്ട്. ‘ബൽകൽ’, ‘നാരി, നാഗരി’, ‘ജൽ ഫുന്‍റെ അഗുൻ’ എന്നിവയാണ് പ്രധാന കൃതികളിൽ ചിലത്. ടാഗോറും അർജന്‍റീനിയൻ എഴുത്തുകാരി വിക്റ്റോറിയ ഒകാംപോയും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്ന ‘രവീന്ദ്രനാഥ് ഓ വിക്റ്റോറിയ ഒകാംപോ-ർ സന്ധാനേ’ ആണ് അവരുടെ പ്രധാനപ്പെട്ട ഗവേഷണ കൃതികളിലൊന്ന്. 1986ൽ ആനന്ദ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കേതകി കുശാരി ഡൈസണെ തേടിയെത്തിയിട്ടുണ്ട്.