ദൈവം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നില്ല. എഴുത്തുകാരനാവട്ടെ നൂറുനൂറു കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു.
AI - MV Graphics
അക്ഷരജാലകം | എം.കെ. ഹരികുമാർ
എഴുത്തുകാരെ ആരും ഉപദേശിക്കാൻ ശ്രമിക്കരുത്. എല്ലാറ്റിനെയും അറിയുന്നവർ എന്ന ധാരണയിലാണ് പലരും എഴുതുന്നത്. ദൈവം ലോകത്തെ സൃഷ്ടിച്ചു എന്നു വിശ്വസിക്കുന്നവനു പോലും താനാണു ദൈവത്തെക്കാൾ വലിയ സ്രഷ്ടാവ് എന്ന ചിന്തയുണ്ട്. ദൈവം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നില്ലല്ലോ. ദൈവം ജീവനുള്ള മനുഷ്യരെയാണു കൈകാര്യം ചെയ്യുന്നത്. അവർക്ക് കഥാപാത്രമാകാൻ യോഗമില്ല. അവർ കടലാസിലല്ല ജീവിക്കുന്നത്. അവരെക്കുറിച്ച് ആരും മുൻകൂട്ടി തീരുമാനമെടുക്കുന്നില്ല. ദൈവം അത് ഒളിച്ചുവയ്ക്കുകയാണ്. എഴുത്തുകാരനാവട്ടെ നൂറുനൂറു കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. സ്വന്തം കഥാപാത്രങ്ങളോട് എന്ത് ക്രൂരതയും കാണിക്കാം. കഥാപാത്രങ്ങളെ ക്രൂരമായ നായാട്ടിനു തള്ളിവിട്ടശേഷം അതിനെക്കുറിച്ച് ഓർത്തു ദുഃഖിക്കാൻ എഴുത്തുകാരനാണ് അവകാശമുള്ളത്. ദൈവത്തിന് അത് ചെയ്യാനാവില്ലല്ലോ.
സ്വന്തം കഥാപാത്രങ്ങളുടെ ദുരന്തം കണ്ട് അതിന്‍റെ പേരിൽ മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നതു ചില എഴുത്തുകാരുടെ വിധിയാണ്. ഈ വിധി ദൈവത്തിനില്ല. കാരണം, ദൈവത്തിന്‍റെ മുന്നിൽ സ്വന്തം കർമബലത്തിൽ ഒരാൾ പീഡിപ്പിക്കപ്പെടുന്നതു നേരത്തെ തന്നെ തുടങ്ങിവച്ച ഒരു പദ്ധതിയുടെ ഭാഗമാണ്. അത് അപ്പോൾ യാതൊരു കാരണവുമില്ലാതെ ഉണ്ടായതല്ലല്ലോ. എന്നാൽ മനുഷ്യൻ അവന്‍റെ പ്രവൃത്തിയുടെ പേരിൽ ശിക്ഷിക്കപ്പെടുകയാണെങ്കിൽ ദൈവത്തിനെന്തു ചേതം? എല്ലാം അവസാനം ദൈവത്തിലേക്ക് തിരിച്ചെത്തുമെന്ന തത്വചിന്തയുള്ളപ്പോൾ ദൈവത്തിന് ഖേദത്തിന്‍റെ ആവശ്യമില്ല.
ഇതല്ല എഴുത്തുകാരന്‍റെ അവസ്ഥ. അയാൾ ശരിക്കും ഒറ്റപ്പെടുകയാണ്. അയാൾ സ്വയം മുറിവേൽപ്പിക്കുകയാണ്. ഒരു മാനസിക ലോകത്തിന്‍റെ വൈരുധ്യവും തകർച്ചയും കാണിക്കാൻ എഴുത്തുകാരൻ തന്‍റെയുള്ളിലേക്കാണ് ആദ്യം നോക്കുന്നത്. ദസ്തയെവ്സ്കിയുടെ 'നോട്സ് ഫ്രം അണ്ടർഗ്രൗണ്ട്'(അധോതല കുറിപ്പുകൾ) എന്ന നോവലിലെ അപഹാസ്യനായ യുവാവ് മറ്റാരുമല്ല, അതെഴുതിയ ആൾ തന്നെയാണ്. അദ്ദേഹം മുൻവിധികളില്ലാതെ സ്വയം അപഗ്രഥിച്ചു. ഒരു മനുഷ്യൻ എന്ന് നാം പേരിട്ട് വിളിക്കുന്ന ഒരാളുണ്ടോ? മനുഷ്യൻ എന്ന് പറയുന്നത് ഒരു പൊതുനാമമാണ്. ആ നാമത്തിൽ നമ്മളാരുമില്ല. മനുഷ്യൻ എന്ന വാക്കിൽ താരതമ്യേന തരക്കേടില്ലാത്ത ഒരാളാണുള്ളത്. എന്നാൽ നമ്മളോ ? മനുഷ്യൻ എന്ന പദത്തിന് ഒട്ടും അർഹമല്ലാത്ത വിധം ചീത്തക്കാര്യങ്ങളിലേക്ക് മനസുകൊണ്ടെങ്കിലും സഞ്ചരിക്കുന്നു.
മറ്റുള്ളവർക്കു ദ്രോഹം ചെയ്യാൻ താത്പര്യമെടുക്കുകയും അന്യരോടു പകയോടെ പെരുമാറുകയും അസൂയയോടെ എല്ലാറ്റിനെയും നോക്കിക്കാണുകയും സ്ത്രീകളെയും കുട്ടികളെയും മുറിവേൽപ്പിക്കുകയും ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. മനുഷ്യൻ സ്വതന്ത്രനാകാൻ വിധിക്കപ്പെട്ടിരിക്കുന്നുവെന്ന് സാർത്ര് പറഞ്ഞല്ലോ. ആ 'മനുഷ്യനി'ൽ നമ്മളാരുമില്ല. അത് കേവലമായ ഒരു പദമാണ്. മനുഷ്യൻ ശരിക്കും എവിടെയുമില്ല. നമ്മളൊക്കെയാണ് ഉള്ളത്. നമ്മളാകട്ടെ പലരീതിയിൽ സ്വതന്ത്രരല്ല; അങ്ങേയറ്റം വികൃതമായ തോന്നലുകളിലൂടെ കടന്നുപോയവനെ എഴുത്തുകാരനാണ് തപ്പിയെടുത്തു അവതരിപ്പിക്കുന്നത്.
ഇവിടെ എഴുത്തുകാരോട് ഓൾഡ് മാൻ ആൻഡ് ദ സീ, ദ സൺ ഓൾസോ റൈസസ്' എന്നീ നോവലുകളെഴുതിയ മഹാനായ അമെരിക്കൻ സാഹിത്യകാരൻ ഏണസ്റ്റ് ഹെമിങ്‌വേ പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. ഹെമിങ്‌വേ പൂർണമായി എഴുത്തിനു സമർപ്പിച്ച വ്യക്തിയായിരുന്നു. എഴുതേണ്ടതിനെക്കുറിച്ച് മൗലികമായ ചിന്തകൾ അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു കഥയെഴുതുമ്പോൾ ആദ്യവാചകം പരമാവധി സത്യസന്ധമായിരിക്കണമെന്നും ജീവിച്ചതാണ് എഴുതേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. സ്വാനുഭവത്തിൽ തെളിഞ്ഞ കാര്യങ്ങൾ, സൂര്യശോഭയോടെ മനസിൽ ഉദിച്ചുയർന്ന സത്യങ്ങൾ അദ്ദേഹം ഭാവിതലമുറയ്ക്കായി സംസാരിച്ചിട്ടുണ്ട്. അങ്ങനെ പലപ്പോഴായി പുറത്തുവിട്ട ചിന്തകൾ സമാഹരിച്ച് 'ഓൺ റൈറ്റിങ്' എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'ഞാൻ എപ്പോഴും വാക്കുകളെ നോക്കിയത് അവയെ ആദ്യമായി കാണുന്നതുപോലെയായിരുന്നു' എന്ന് ഹെമിങ്‌വേ പറഞ്ഞതു ശ്രദ്ധിച്ചാൽ മനസിലാകും എത്രമാത്രം പരിപാവനമായാണ് അദ്ദേഹം എഴുത്തിനെ സമീപിച്ചതെന്ന്. കള്ളം പറയാൻ വേറെ ഒരുപാട് വഴികളുണ്ട്. എഴുത്തിൽ അത് പാടില്ലന്ന് എഴുതുന്നവർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
വ്യക്തിപരമായ ദുരന്തങ്ങളെ മറക്കുകയാണ് വേണ്ടത് - അദ്ദേഹം എഴുതി. നാം പലപ്പോഴും കാണുന്നത് ഇതിനെതിരാണ്. സ്വന്തം കഷ്ടപ്പാടുകളും ദുരിതങ്ങളും വിളിച്ചുകൂവി നടക്കുന്നത് നല്ല എഴുത്തുകാരുടെ പ്രകൃതമല്ല. വ്യക്തിപരമായ ദുരന്തങ്ങൾ വായനക്കാർ അറിയേണ്ടതില്ല. അത് കൃതിയിൽ മറച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. വിഖ്യാത ചിത്രകാരൻ പോൾ സെസാൻ ഒരു ഗ്രാമക്ഷേത്രം വരയ്ക്കുന്നത് എങ്ങനെയാണെന്നു താൻ നന്നായി നിരീക്ഷിച്ചിട്ടുള്ളതായി ഹെമിങ്‌വേ അറിയിക്കുന്നുണ്ട്. ഉള്ളിൽ പതിഞ്ഞ ഗ്രാമമാണ് എഴുതേണ്ടത്. അത് ഏതൊരു വഴിപോക്കനും കണ്ടതായിരിക്കരുത്. മുമ്പ് ആരും എഴുതാത്ത ഒരു ഗ്രാമമായിരിക്കണം. സ്വന്തം ഗ്രാമത്തെക്കുറിച്ചോ താൻ സന്ദർശിക്കാനിടവന്ന ഗ്രാമത്തെക്കുറിച്ചോ എഴുതുമ്പോൾ തികച്ചും നമ്മുടേതായി മാറ്റണം. മറ്റാരും എഴുതാത്ത കാര്യങ്ങളുണ്ടാവണം.
എഴുത്തുകാർ കൂട്ടംകൂടുകയോ സംഘടിതമായി അഭിപ്രായങ്ങൾ രൂപീകരിക്കുകയോ ചെയ്യുന്നത് ആപത്കരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എത്രപേർ കൂടെയുണ്ടെങ്കിലും ടോൾസ്റ്റോയ് 'വാർ ആൻഡ് പീസ്'(യുദ്ധവും സമാധാനവും) ഒറ്റയ്ക്ക് എഴുതേണ്ടതാണ്. മറ്റൊരാളുടെ സഹായം അതിനു കിട്ടുകയില്ല.
'എഴുത്തിന് ഒരു ഏകാന്തജീവിതമാണുള്ളത്. സംഘടനകൾക്ക് എഴുത്തുകാരുടെ ഏകാന്തതയുടെ കാഠിന്യം കുറയ്ക്കാനായേക്കും; പക്ഷേ ഞാൻ സംശയിക്കുകയാണ്, അവർക്ക് എഴുത്തിന്‍റെ ഗുണം വർധിപ്പിക്കാൻ കഴിയുന്നുണ്ടോ? പൊതുജനമധ്യത്തിൽ പ്രീതി നേടുമ്പോൾ എഴുത്തുകാരൻ തന്‍റെ ഏകാന്തതയെ ചിതറിച്ചു കളയുന്നു. അതോടെ കലാപരമായ നാശം സംഭവിക്കുന്നു. തനിയെ ഇരുന്ന് എഴുതുകയാണെങ്കിൽ, നന്നായി അത് ചെയ്യാനാവുന്നുണ്ടെങ്കിൽ അനശ്വരതയെ തന്നെ അഭിമുഖീകരിക്കണം'-അദ്ദേഹം നിരീക്ഷിക്കുന്നു. മൺമറഞ്ഞ എഴുത്തുകാരുമായി മത്സരിക്കണമെന്ന ഹെമിങ്‌വേയുടെ അഭിപ്രായം ശ്രദ്ധേയമാണെന്നു പറയട്ടെ. 'മുൻപ് പലരും എഴുതിയ കാര്യം വീണ്ടും എഴുതുന്നത് അർത്ഥശൂന്യമാണ്, അതിനെ നിങ്ങൾക്ക് മറികടക്കാനായില്ലെങ്കിൽ. ഇന്ന് ഒരാൾ ചെയ്യേണ്ടത് ഇതിനുമുമ്പ് എഴുതാത്തത് എഴുതുകയാണ്. അല്ലെങ്കിൽ മൃതിയടഞ്ഞയാളുകൾ എന്തു ചെയ്തുവോ അതിനെക്കാൾ നന്നായി ചെയ്യാൻ ശ്രമിക്കുക. എങ്ങനെയാണ് താനൊരു എഴുത്തുകാരനായിരിക്കുന്നത് എന്നറിയിക്കാൻ ഒരു മാർഗമേയുള്ളൂ: മൃതിയടഞ്ഞവരുമായി മത്സരിക്കുക.' മൗലികതയെപ്പറ്റിയുള്ള വളരെ വ്യത്യസ്തമായ ഒരാശയമാണിത്. നാം ഒരേ കാര്യം ആവർത്തിച്ച് എഴുതിക്കൊണ്ടിരിക്കരുത്. പലരും പലവട്ടം പറഞ്ഞ കാര്യങ്ങൾ വീണ്ടും എഴുതി ബോറടിപ്പിക്കേണ്ടതില്ല. എല്ലാവർക്കും വ്യക്തമായ കാര്യങ്ങൾ നമ്മൾ സ്ഥാപിക്കേണ്ടതില്ല. സൂര്യൻ കിഴക്കുദിക്കുന്നു എന്ന്
ഒരു മലയാളി കവിയോ കഥാകൃത്തോ എഴുതേണ്ടതില്ല. അത് അറിയാവുന്നതാണ്. കുട്ടനാടിനെപ്പറ്റിയാണ് എഴുതുന്നതെങ്കിൽ അത് തകഴി എഴുതാത്തതായിരിക്കണം. അല്ലെങ്കിൽ തകഴിയേക്കാൾ എന്തുകൊണ്ട് നന്നായി എഴുതിക്കൂടാ എന്ന് ചിന്തിച്ചുകൊണ്ടാണ് ഇടപെടേണ്ടത്. ഒരാൾ സൃഷ്ടിക്കുന്നതാണ് അയാളുടെ പേരിൽ അറിയപ്പെടുന്നത്. മറ്റുള്ളവർ സൃഷ്ടിച്ചത് നാം വീണ്ടും എഴുതിവയ്ക്കുന്നതു പ്രയോജനരഹിതമാണ്. മറ്റുള്ളവർ സ്പർശിക്കാത്ത വിഷയങ്ങൾ കണ്ടുപിടിക്കണം. ഒരു സാംസ്കാരിക സ്ഥാപനത്തിനോ സർക്കാരിനോ വേണ്ടി എഴുതേണ്ടതില്ല. ലക്ഷക്കണക്കിനു വായനക്കാർക്ക് വേണ്ടി എഴുതുമ്പോൾ സ്വന്തം ഇഷ്ടം മാറ്റിവയ്ക്കേണ്ടി വരും. അക്കാഡമിക്കുവേണ്ടി എഴുതുന്നവർ ശരാശരി കൃതികളാണ് ചമയ്ക്കേണ്ടത്. അക്കാഡമികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ശരാശരി കൃതികൾ മതിയാകും. ഒരു നോവൽ അല്ലെങ്കിൽ കവിത കൊണ്ട് എന്താണ് പ്രയോജനമെന്നാണ് ഈ സ്ഥാപനങ്ങൾ ചിന്തിക്കുന്നത്.
മറ്റൊരു വഴിയിലൂടെ അനുഭൂതി പ്രധാനമായ ജീവിതത്തെ കണ്ടെത്തുന്നത് സാഹസികമാകയാൽ ഔദ്യോഗിക സ്ഥാപനങ്ങൾ അതിനെ തൊടുകയില്ല. ഒരു ജനസമൂഹം പെട്ടെന്ന് സ്വീകരിക്കുമെന്ന് ഉറപ്പുള്ളതും നിലവിലിരിക്കുന്ന സാഹിത്യപൗരോഹിത്യം നേരത്തെ തന്നെ അനുവദിച്ചു തന്നിട്ടുള്ളതുമായ സ്വാതന്ത്ര്യമാണ് അവിടെ സ്വീകാര്യമാകുന്നത്. എന്നാൽ മഹാന്മാരായ ചില എഴുത്തുകാർ പറഞ്ഞിട്ടുള്ളത് നാം നമുക്ക് വേണ്ടി എഴുതണമെന്നാണ്. നമ്മുടെ ആത്മീയമായ ആവശ്യത്തിന് എഴുതുക. അത് ചിലപ്പോൾ പൊതുസമ്മതിയാവില്ല; ഔദ്യോഗിക സ്ഥാപനങ്ങളുടെ ചിട്ടകൾക്ക് ഇണങ്ങുന്നതായിരിക്കണമെന്നില്ല. ഒരു കലാമാധ്യമത്തെക്കുറിച്ച് ഔദ്യോഗികമായി ഒരു വീക്ഷണം നിലനിൽക്കുന്നുണ്ടെങ്കിൽ അതിനെ മറികടന്നാണ് ഒരാൾ തനിക്ക് വേണ്ടി എഴുതുക എന്ന മഹത്തായ ആശയം യാഥാർഥ്യമാക്കുന്നത്. രാഷ്ട്രീയപാർട്ടികൾക്കോ കുടുംബാസൂത്രണ കമ്മിറ്റിക്കോ വേണ്ടി എഴുതുന്നവർ സ്വന്തം മനസിന്‍റെ ഏകാന്തതയിലേക്ക് ഒരിക്കൽപോലും നോക്കാത്തവരാണ്. അവർക്ക് സ്വന്തമായി ഒന്നും പറയാനുണ്ടാവില്ല. കാഫ്ക 'മെറ്റാമോർഫോസിസ്' എന്ന കഥയെഴുതിയത് അദ്ദേഹത്തിനു വേണ്ടിയാണ്. കാളിദാസൻ 'മേഘസന്ദേശം' എഴുതിയത് തനിക്ക് വേണ്ടിയാണ്. അതൊന്നും സാഹിത്യ അക്കാഡമികളോ ആഴ്ചപ്പതിപ്പുകളോവരുമെന്ന പ്രതീക്ഷയിൽ എഴുതിയ കൃതികളല്ല. വ്യക്തിയാണ് എഴുതുന്നത്. അയാളുടെ ചിന്തകളുടെ സാഹസിക സഞ്ചാരങ്ങളിലാണു രചനാപരമായ ആനന്ദത്തിലേക്ക് ഒരാൾ ഉയരുന്നത്. തീർച്ചയായും രചനയിൽ ആനന്ദവും വ്യസനവുമുണ്ട്. ഒരു പായ്ക്കറ്റ് ഐസ്ക്രീം കിട്ടുമ്പോഴുള്ള സന്തോഷമോ, തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാതിരിക്കുമ്പോഴുള്ള വ്യസനമോ അല്ല അത്. കുറേക്കൂടി ആഴത്തിലുള്ളതും ആത്മീയവുമാണ്.
ആർച്ചിബാൾഡ് മക്ലീഷിനു ഹെമിങ്‌വേ എഴുതിയ കത്തിൽ ഇങ്ങനെ വായിക്കാം: 'എന്നെന്നേക്കുമായുള്ള വലിയ എഴുത്തുകാരനാണ് തുർജനീവ് . അദ്ദേഹം ഏറ്റവും മഹത്തായ പുസ്തകങ്ങൾ എഴുതിയിട്ടില്ല. എന്നാൽ ഏറ്റവും മഹാനായ എഴുത്തുകാരനായിരുന്നു. ഞാനും അങ്ങനെയാണ് എന്നെ വിലയിരുത്തുന്നത്.' വാർ ആൻഡ് പീസ്' നല്ലൊരു കൃതിയാണ്. ഇതു തുർജനീവ് എഴുതിയിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു! ചെക്കോവ് ആറ് നല്ല കഥകൾ എഴുതിയിട്ടുണ്ട്. എന്നാലും അദ്ദേഹം ഒരു അമച്വർ എഴുത്തുകാരനാണ്. ടോൾസ്റ്റോയ് ഒരു പ്രവാചകനായിരുന്നു. മോപ്പസാങ് പ്രൊഫഷണൽ എഴുത്തുകാരനായിരുന്നു; ബൽസാക്കും അങ്ങനെതന്നെ. എന്നാൽ തുർജനീവ് കലാകാരനായിരുന്നു'.
കഥാകാരൻ എന്ന നിലയിൽ മികവ് തെളിയിക്കുന്നവരുണ്ട്. കാലഘട്ടത്തിന്‍റെ ചരിത്രമെഴുതുകയോ കുടുംബത്തിലെ തലമുറകളുടെ കഥ പറയുകയോ ചെയ്തേക്കാം. അതേസമയം. എഴുത്തുകാരൻ കലാകാരനാണെന്ന് ഓർമ്മിക്കുന്നത് നല്ലതാണ്. മലയാറ്റൂർ രാമകൃഷ്ണന്‍റെ നെട്ടൂർ മഠം, യന്ത്രം എന്നീ നോവലുകൾ വിവരണത്തിലും പ്രമേയത്തിലും മുൻപന്തിയിലാണ്. എന്നാൽ കലാകാരൻ എന്ന നിലയിൽ മലയാറ്റൂരിനേക്കാർ മുന്നിലാണ് ഒ.വി. വിജയൻ. സാഹിത്യത്തെ എങ്ങനെ കലാപരമായി അവതരിപ്പിക്കാമെന്നാണു ചില പ്രധാന എഴുത്തുകാർ നോക്കുന്നത്. നന്തനാർ, എസ്.വി. വേണുഗോപൻ നായർ എന്നിവർ മികച്ച രചയിതാക്കളാണ്. അതേസമയം, കലാകാരൻ എന്ന നിലയിൽ അവരേക്കാൾ വളരെ മുന്നിലാണു സക്കറിയ. സക്കറിയയുടെ കഥകളിൽ കലയുടെ യൗവനമുണ്ട്.
ഹെമിങ്‌വേ ഇങ്ങനെ കുറിച്ചു: 'നിങ്ങൾക്ക് കലാകാരനോട് സ്നേഹമുണ്ടോ ? എങ്കിൽ അവനു കുറച്ചു പണം കൊടുക്കുക. എന്നിട്ട് അവന്‍റെ മികവ് എന്താണെന്ന് പറയുക.' സത്യത്തിന്‍റെ വിലയാണത്. ഒരു കൃതി എഴുതുകയാണെങ്കിൽ അതു സത്യസന്ധമായിരിക്കണമെന്നു പറഞ്ഞതിനു വിശദീകരണമെന്നോണം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: 'ആ കഥ യഥാർഥത്തിൽ സംഭവിക്കുകയാണെങ്കിൽ എങ്ങനെയായിരിക്കുമോ അതിനേക്കാൾ സത്യസന്ധമായിരിക്കണം എഴുത്ത്.'
കഥാകാരനാണെങ്കിലും മനസിൽ കവിത വേണം. ഒരു തുടം കവിത മനസിലില്ലാത്തവർ എന്തെഴുതിയാലും അത് തിരിച്ചറിയാനാകും. കുറെ വർഷങ്ങൾക്കു മുമ്പ് ഒരാൾ വെള്ളത്തെക്കുറിച്ചും പാടത്തെക്കുറിച്ചും ഗ്രാമത്തെക്കുറിച്ചും എഴുതി. എന്നാൽ അയാളുടെ ഗദ്യത്തിൽ ഒരു തുള്ളി വെള്ളം പോലുമില്ലായിരുന്നു. മഴക്കാലമായാൽ മഴയെക്കുറിച്ച് കവിതയെഴുതുന്നവരുണ്ട്. ചിലർ കഥകളെഴുതും. പക്ഷേ ഇവരുടെ രചനകളിൽ ഒരു തുള്ളി വെള്ളം പോലും കാണില്ല! വറ്റി വരണ്ട കണ്ടങ്ങൾ പോലെ ആ ഗദ്യം നിസഹായമായി നമ്മെ നോക്കുന്നുണ്ടാകും. ഈർപ്പമുള്ള മനസിൽ നിന്നാണ് കവിത പിറക്കേണ്ടത്. കാരണം കവിതയ്ക്ക് ആർദ്രമാകാതെ തരമില്ല. ഈ ലോകത്തിന്‍റെ വിപരീതങ്ങളിലൂടെ സഞ്ചരിച്ചു ജീവനും സത്യത്തിനും വേണ്ടി കള്ളം പറയാതിരിക്കുകയും കദനത്തിന്‍റെ പേരിൽ അൽപ്പം സഹാനുഭൂതി കാണിക്കുകയും ചെയ്യാൻ കവിതയ്ക്ക് കഴിയണം. കവിത കള്ളമല്ല; അതു യാന്ത്രികമായി നിർമിക്കുന്നതല്ല. കവിത അതിന്‍റെ തന്നെ ശുദ്ധതയിൽ സ്വയം ആവിഷ്കരിക്കുകയാണ്. സാഹിത്യകലയുടെ രഹസ്യം ഹെമിങ്‌വേ വെളിപ്പെടുത്തുന്നുണ്ട്. 'ഉള്ളിലെ കവിതയാണു ഗദ്യമാക്കി മാറ്റേണ്ടത്. അതിനാണ് മനസുണ്ടാകേണ്ടത്. മനസിൽ കവിതയില്ലാതിരിക്കുകയോ മനസിലുണ്ടായിരുന്ന കവിത നീക്കുകയോ ചെയ്യുന്നത് നല്ല ഗദ്യത്തിന്‍റെ പിറവിക്ക് തടസമാകും.
അന്ധവിശ്വാസത്തെ നീക്കം ചെയ്യുന്ന ഒരു പ്രസ്താവന ഹെമിങ്‌വേയിൽ നിന്നുണ്ടായി. അത് ഇങ്ങനെയാണ്: 'മറ്റൊരു രഹസ്യമുണ്ട്. യാതൊരു പ്രതീകവാദവും വേണ്ട. കടൽ കടൽ മാത്രമാണ്. കിഴവൻ കിഴവനാണ്. കുട്ടി ഒരു കുട്ടിയും മീൻ വെറും മീനുമാണ്. സ്രാവുകൾ സ്രാവുകളാണ്, അതിൽ ഏറിയോ കുറഞ്ഞോ ഒന്നുമില്ല. പ്രതീകവാദത്തെക്കുറിച്ച് ആളുകൾ പറയുന്നതൊക്കെ മണ്ടത്തരമാണ്. ഒരു കാര്യം ഗ്രഹിക്കുമ്പോൾ അതിനപ്പുറം പോകുകയാണു പ്രധാനം.' ഒരു വസ്തുവിന്‍റെ അനന്യതയാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. നമ്മുടെ ഭാഷയിൽ പൂവിനെക്കുറിച്ചു പോലും എഴുതാൻ നിവൃത്തിയില്ല. ഈ പ്രതീകവാദം മൂലം, പൂവിനെക്കുറിച്ചെഴുതിയാൽ അതു പൂവാണെന്നു പറയുന്നതിന് പകരം പെണ്ണാണെന്നു സ്ഥാപിക്കും. വണ്ട് കാമുകനാണത്രേ. സൂര്യകാന്തി കാമുകിയാണത്രേ. സൂര്യൻ കാമുകനാണെന്നു വാദിക്കുന്നവരുണ്ട്! എന്തിനെയും പ്രതീകമായി കാണുന്നത് സാഹിത്യവിചാരത്തെ നശിപ്പിക്കുന്നതിനു തുല്യമാണ്. വസ്തുവിന്‍റെ അനന്യത ഒരു തത്വചിന്തയായി വികസിക്കേണ്ടതുണ്ട്. അവിടെയാണ് യഥാർഥ കവിതയുള്ളത്. വസ്തുവിന്‍റെ ജീവതത്വപരമായ ഉണ്മയാണ് കവി കാണേണ്ടത്. വെറുതെ വർണിക്കുന്നതും ഉപമിക്കുന്നതുമല്ല കവിത.
മഹത്തായ സംഭാവന ചെയ്ത എഴുത്തുകാർ എങ്ങനെയാണ് വലിയ അറിവ് നേടിയത്? അവർ സ്കൂളിലോ കോളെജിലോ പഠിച്ചു നേടിയതല്ല. ഹെമിങ്‌വേ അതിനെ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: 'മറ്റുള്ളവരെക്കാൾ വേഗത്തിൽ വസ്തുതകൾ ഗ്രഹിക്കാനുള്ള സിദ്ധിയാണത്. തടിച്ച പുസ്തകങ്ങൾ വായിക്കാതെ തന്നെ ചിലപ്പോൾ സ്വന്തം ജ്ഞാനശക്തി കൊണ്ട് വസ്തുത ഗ്രഹിക്കാനാവും. അതിലുള്ള മിടുക്കാണു വലിയ രചയിതാക്കളെ സൃഷ്ടിക്കുന്നത്. അറിവ് എന്ന ലേബലിൽ മുന്നിലേക്ക് വരുന്നതിനെ സ്വീകരിക്കണോ നിരാകരിക്കണോ എന്ന് തീരുമാനിക്കാനുള്ള ശേഷി ഇതിനെ ആശ്രയിച്ചിരിക്കുന്നു.
1. കൂട്ടായ്മ എന്ന വാക്കിന് എന്തോ ഒരു അരുചിയുണ്ട്. കൂട്ടായ്മ എന്നാൽ കൂടാത്തത്, കൂട്ടാനാവാത്തത് എന്നർഥം വരും. കൂടാത്തതാണത്. കൂട്ടത്തിലേക്ക് വരുന്നതു കൂട്ടായ്മയാകില്ല. കൂട്ടം കൂടലാണ് ഉദ്ദേശിക്കുന്നതെങ്കിൽ സമഷ്ടി എന്ന് പ്രയോഗിച്ചാലും മതി. വാട്സപ്പ് സമഷ്ടി എന്നാൽ വാട്സപ്പ് അംഗങ്ങളുടെ കൂട്ടം എന്നാണർഥം. കോൺഗ്രസ്, സെമിനാർ എന്നൊക്കെ പറയുമ്പോഴും ഒരു കൂട്ടം അർഥമാക്കുന്നുണ്ട്. കൂട്ടംകൂടൽ എന്നു പറയുമ്പോൾ കൂടൽ എന്ന ക്രിയ ആവശ്യമായി വരും. അതുകൊണ്ട് സമഷ്ടി എന്നാൽ കൂട്ടംചേരൽ എന്നാണർഥം.
2. സിനിമാ ഗാനരംഗത്ത്
യേശുദാസ് ഇപ്പോഴില്ല. ഈ രംഗത്ത് ഇപ്പോൾ ആകെ നിറഞ്ഞു നിൽക്കുന്ന വേറൊരു പ്രധാന ഗായകനെ കാണാനില്ല. യേശുദാസ് പാടിത്തുടങ്ങിയപ്പോൾ ഒരു പ്രധാന ഗായകൻ വരുന്നു എന്ന സൂചന പ്രേക്ഷകർക്ക് ലഭിച്ചിരുന്നു.
3. മലയാള സാഹിത്യത്തിൽ കഥ മാത്രമേയുള്ളൂ എന്ന് സ്ഥാപിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. എന്നാൽ വാസ്തവമെന്താണ് ? കഥയിൽ പുതിയൊരു ശൈലിയോ രൂപമോ ഉണ്ടാകുന്നില്ല. ടി. പത്മനാഭന്‍റെ 'ഗൗരി', സക്കറിയയുടെ 'ഇതാ ഇവിടെ വരെയുടെ പരസ്യവണ്ടി പുറപ്പെടുന്നു' എന്നീ കഥകൾക്കുശേഷം നമ്മുടെ വൈകാരികക്ഷമതയെ സ്പർശിക്കുന്ന കഥകൾ കാര്യമായി ഉണ്ടായിട്ടില്ല.
3. കുരീപ്പുഴ ശ്രീകുമാർ വിപ്ലവഗായിക പി.കെ. മേദിനിയെക്കുറിച്ച് എഴുതിയ കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്റ്റോബർ 19)ചരിത്രപരമായ കടമ എന്ന നിലയിൽ നന്നായിട്ടുണ്ട്. എന്നാൽ വസ്തുതാവിവരണം എന്നതിനപ്പുറം കാവ്യഭാഷണം ഉണ്ടായിട്ടില്ല. ഒരു ഗായിക സാമാന്യസമൂഹത്തിലെ വൈകാരിക അഭയാർഥികളായ അംഗങ്ങളിൽ എങ്ങനെയെല്ലാം മാനസിക ചിത്രങ്ങൾ വരച്ചെന്ന് കവി തിരയുന്നില്ല. വളരെ തുറന്ന പ്രസ്താവന പോലെയാണ് കവിത.
'ഓടുന്ന വണ്ടിയിൽ
പായുന്ന തോണിയിൽ
വേമ്പനാടിന്‍റെ അതിർവരമ്പിൽ
ആരോ കമുകു-
മുറിച്ച് മുനയിട്ടു
ചേരിനിറുത്തും
ചൊരിമണലിൽ
മീൻമണമുള്ള
തെങ്ങോലക്കൂടാരത്തിൽ
രാവുമറിഞ്ഞു കിടക്കുമ്പോൾ
കാണാൻ പതുങ്ങി -
വരുന്ന നിലാവിന്‍റെ
ചേലത്തുമ്പത്തെ കിലുക്കത്തിൽ
പി.കെ.മേദിനി പാടുന്നു.'
4. എം.എൻ. കാരശേരി പറയുന്നത് ഒരു പെണ്ണിനോടും ജീവിതത്തിൽ അനുരാഗം തോന്നിയിട്ടില്ലെന്നാണ്. പക്ഷേ, ഇതുകൊണ്ടൊന്നും മനുഷ്യമനസിലെ സ്നേഹം എന്ന വികാരം ഇല്ലാതാകുമെന്ന് പ്രത്യാശിക്കേണ്ട. ഈ വികാരം മനുഷ്യർക്ക് പ്രിയപ്പെട്ടതാണ്.
5. ലോക ചലച്ചിത്രകാരനായ ചാർളി ചാപ്ലിൻ പറഞ്ഞു:'പ്രേമമാണ് ഏറ്റവും സുന്ദരം, മറ്റെല്ലാ മോഹഭംഗങ്ങൾക്കിടയിലും. അത് ഒരുവന് പ്രകടിപ്പിക്കാവുന്നതിനും അപ്പുറമാണ്.'ചാപ്ലിൻ പറഞ്ഞത് തന്‍റെ പ്രിയയുടെ സാന്നിധ്യം തനിക്ക് ഒരു വെളിപാട് പോലെയായിരുന്നു എന്നാണ്. മനുഷ്യന്‍റെ മഹത്വമാണ് ഇവിടെ തെളിയുന്നത്.
6. മനുഷ്യനെ ജീവിതത്തിലും സ്വപ്നത്തിലുമെന്നപോലെ അലട്ടുന്ന കാരണമില്ലാത്ത പ്രശ്നങ്ങളെയും അതിന് പരിഹാരം തേടുന്നവൻ നേരിടേണ്ടിവരുന്ന അസംബന്ധത്തെയും ആവിഷ്കരിക്കുന്ന കഥയാണ് 'ബ്ലാക്ക് കാഷ്യു'(ഫോക്കസ് ഫ്ളിപ്പ് ബുക്ക് മാഗസിൻ, ഒക്റ്റോബർ). വിനോദ് ആന്‍റണി എഴുതിയ ഈ കഥ ആധുനിക മനുഷ്യന്‍റെ അനിവാര്യമായ ആധിയെയും പ്രതിസന്ധിയെയും വിവരിക്കുന്നു.
Email: mkharikumar33@gmail.com
Phone: 9995312097