ഒരിക്കൽ പതിഞ്ഞു പോയാൽ പിന്നെ ഒരിക്കലും പറിച്ചെറിയാൻ കഴിയാത്ത ചില കാഴ്ചകളുണ്ട്; ഒരു പക്ഷേ, പെൺനോട്ടങ്ങളിൽ മാത്രം പതിഞ്ഞേക്കാവുന്ന ചിലത്. ഉള്ളിലാഴത്തിൽ പതിഞ്ഞു പോയ പ്രിയകാഴ്ചകളുടെ കാഴ്ചപ്പതിപ്പുകൾ....
കടുംനീല യൂണിഫോം പാവാടയുടെ നീളം കണങ്കാലോളം എത്തിയ ഹൈസ്ക്കൂൾ കാലം. അക്കാലത്താണ് ഗേൾസ് സ്കൂളിന്‍റെ മുറ്റത്തെ വാകച്ചോട്ടിൽ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നതിന് കുമാരി ടീച്ചറുടെ വക അപ്രഖ്യാപിത വിലക്കുണ്ടായത്. സ്കൂൾ മുറ്റത്തു നിന്നു റോഡിലേക്കും, റോഡിൽ നിന്ന് സ്കൂളിലേക്കും നിർലോഭം പ്രവഹിച്ചിരുന്ന കടാക്ഷങ്ങൾ അതോടെ ലക്ഷ്യത്തിലെത്താതെ അങ്ങുമിങ്ങും പാറിപ്പറന്ന് നിരാശരായി മടങ്ങി.
വരാന്തയിലൂടെ കടന്നു പോകുമ്പോഴെല്ലാം കട്ടിക്കണ്ണട അൽപ്പം താഴ്ത്തി വച്ച് ഹൈസ്കൂൾ കുട്ടികളുടെ പാവാട കണങ്കാലോളം എത്തുന്നുണ്ടെന്ന് ടീച്ചർ അളന്ന് തിട്ടപ്പെടുത്തി. വെളുത്ത നീളൻ ബ്ലൗസിന്‍റെ കഴുത്തിൽ അലുക്കുകൾ പിടിപ്പിച്ച് മുടി പകുത്ത് ഭംഗിയായി മെടഞ്ഞിട്ട് കണ്ണുകൾ ഐലൈനർ കൊണ്ട് കറുപ്പിച്ചെത്തിയ സരിഗയെ പ്രത്യേകം നോട്ട് ചെയ്തു വച്ചു. അതിന്‍റെ ബാക്കിയായി ഹിന്ദി ക്ലാസിനിടെ പെട്ടെന്നൊരു ചോദ്യം സരിഗക്കു നേരെ നീട്ടി. ക്ലാസിനുള്ളിൽ വെറുതേ ഇരുന്ന് സ്വപ്നം കണ്ടിരുന്ന സരിഗ അപ്രതീക്ഷിത ചോദ്യം കേട്ട് ഞെട്ടി.
"യൂണിഫോം ബ്ലൗസിൽ അലുക്കു പടിപ്പിക്കാനൊക്കെ നല്ല മിടുക്കാണല്ലോ... അതിനു കാണിച്ച ശ്രദ്ധ ക്ലാസെടുക്കുമ്പോ കാണിച്ചിരുന്നെങ്കിൽ ഇപ്പ ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ നിക്കേണ്ടി വരില്യാരുന്നു.''
സരിഗയുടെ കഴുത്തിലെ അലുക്കുകളിലേക്ക് ചൂരൽ ചൂണ്ടി കുത്തുവാക്കു പറഞ്ഞ് പ്രതികാരം തീർത്ത് രണ്ടടി കൈയിലും നൂറു തവണ ഇംപോസിഷനും കൊടുത്ത് ടീച്ചർ സമാധാനത്തോടെ ക്ലാസിൽ നിന്നിറങ്ങി.
"അവർക്ക് നട്ടപ്രാന്താണ്''
അടികൊണ്ട വേദനയിൽ കൈ അമർത്തിത്തിരുമ്മി സരിഗ ബാഗെടുത്തൊരു കുത്തു കുത്തി.
ആ കഥ അന്നു ഉച്ചയാകും മുൻപേ സകല ക്ലാസ് മുറികളിലേക്കും പരന്നു. ചോദ്യം ചോദിക്കലും ഇംപോസിഷനും അടിയും ചേർന്നുള്ള അതിഭീകര കോംബോയെ പേടിച്ച് ബ്ലൗസിൽ അലങ്കാരപ്പണികൾ ചെയ്യാനുള്ള മോഹം ഞാനടക്കം സകലരും കുഴിച്ചു മൂടി വാഴ നട്ടു. കാര്യം ടീച്ചറൊരു പ്രേമംമുടക്കിയാണെങ്കിലും എനിക്കവരെ ഇഷ്ടമായിരുന്നു...ഗേറ്റും കടന്ന് പാറിപ്പറന്നു വരുന്ന പ്രണയ നോട്ടങ്ങളുടെ കുമിളകളെയെല്ലാം ടീച്ചർ ഓടിച്ചിട്ട് പിടിച്ച് നുള്ളിപ്പൊട്ടിക്കുമ്പോൾ ഒരു സൈക്കോയെ പോലെ രഹസ്യമായി ഞാനും സന്തോഷിച്ചു. ടീച്ചറില്ലാത്ത നേരത്ത് മതിലിനപ്പുറത്തേക്ക് പറക്കുന്ന നോട്ടങ്ങളെ പുറകിൽ നിന്ന് വിളിച്ച് ശല്യപ്പെടുത്തുന്നതിൽ അക്കാലത്ത് ഞാൻ സ്പെഷ്യലൈസ് ചെയ്തിരുന്നു.
അങ്ങനെ പെൺകുട്ടികളെയൊന്നും പ്രണയരോഗം ബാധിച്ചിട്ടില്ലെന്ന് ടീച്ചറും ഞാനും ഏതാണ്ട് ഉറപ്പിച്ചിരിക്കുമ്പോഴാണ് നാലു മണിക്ക് ക്ലാസ് വിട്ടതിനു ശേഷം പതിവ് ഓട്ടോ കാത്തു നിന്ന ഗായത്രിയുടെ അരികിൽ ഒരു ബൈക്ക് വന്ന് സഡൻ ബ്രേക്കിട്ട് നിന്നത്. അപ്പുറത്തെ വശത്ത് ഓട്ടോക്കു വേണ്ടി കാത്തു നിന്നിരുന്ന ഞാൻ ഓട്ടോ വരുന്നുണ്ടോന്ന് നോക്കാനെന്ന മട്ടിൽ അങ്ങോട്ടു നോക്കി...കാതുകൾ കൂർപ്പിച്ചു. ഒന്നും കേൾക്കുന്നില്ല.. അപ്പോഴേക്കും വയലറ്റ് പൂക്കൾ വാരിത്തൂകിയ വെളുത്ത സാരിയുടെ തലപ്പ് അരയിൽ കുത്തി കൈകൾ ആഞ്ഞു വീശി ടീച്ചർ ഗേറ്റിലേക്ക് പാഞ്ഞെത്തി..ആ നിമിഷം തന്നെ ടീച്ചറെ നോക്കിച്ചിരിച്ച് ഗായത്രിയോട് കണ്ണു കൊണ്ട് ബൈ പറഞ്ഞ് ബൈക്കുകാരൻ ചീറിപ്പാഞ്ഞു.
"ആരാ അയാൾ?''
"വീടിനടുത്തുള്ളതാ''
"എന്താ പറഞ്ഞത്?''
"നാളെ വരാന്ന് പറഞ്ഞു''
"എന്തിന്?''
"അറിഞ്ഞൂടാ''
ടീച്ചറുടെ അണച്ചുള്ള ചോദ്യങ്ങൾക്കൊക്കെയും ഗായത്രി നിർവികാരമായി മറുപടി നൽകി.
ടീച്ചർ ബൈക്ക് പോയ വഴിയിലേക്ക് ഏന്തി വലിഞ്ഞ് നോക്കി.. പിന്നെ അപ്പുറത്ത് ചെവി കൂർപ്പിച്ചു നിന്നിരുന്ന എന്നെ രൂക്ഷമായി നോക്കി..ഞാനെന്തു ചെയ്യണമെന്നറിയാതെ ബാഗിന്‍റെ വള്ളിയിലെ ചെളി തൂത്തു. എനിക്ക് പോകാനുള്ള ഓട്ടോ എത്തിയതു കൊണ്ട് ആ സങ്കീർണ നിമിഷത്തിൽ നിന്ന് ഞാനൂരിപ്പോന്നു. എന്നാലും ടീച്ചർ ഗായത്രിയെ എന്തു ചെയ്യുമെന്നാലോചിച്ച് എനിക്കന്ന് ഉറങ്ങാനും ഉണ്ണാനും തോന്നിയില്ല. വീട്ടുകാരെ വിളിപ്പിക്കുമായിരിക്കും. ഇനി ടിസി കൊടുത്തെങ്ങാനും പറഞ്ഞു വിടുമോ? എന്നാലും എന്നെ എന്തിനാ നോക്കിപ്പേടിപ്പിച്ചത്‍?..നൂറായിരം ചോദ്യങ്ങൾ മനസിലൂടെ കടന്നു പോയി.
പിറ്റേന്ന് വൈകിട്ടത്തെ പിരീഡ് പിടിയായിരുന്നു. പക്ഷേ എല്ലാവരുടെയും സമാധാനം കളഞ്ഞു കൊണ്ട് പി.ടി. മാഷിനോട് തല്ലിട്ട് പിരീഡ് സ്വന്തമാക്കി കുമാരിടീച്ചർ ഹിന്ദി ടെക്സ്റ്റ് ബുക്കുമായി ക്ലാസിലെത്തി.. എന്തേലും സംഭവിക്കുമെന്ന് കരുതിയിരുന്ന ആദ്യത്തെ പത്തു മിനിറ്റ് ടീച്ചർ ചുമ്മാ ടെക്സ്റ്റ് ബുക്ക് ഉറക്കെ വായിച്ച് തീർത്തു. ഞാൻ ഗായത്രിയെ നോക്കി. ഇരു വശത്തും മുടി മെടഞ്ഞ് മടക്കിക്കെട്ടി നിർവികാരയായി അവൾ എന്നെയും നോക്കി. ക്ലാസ് മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നീളനേ നടന്ന് ഒടുവിൽ ടീച്ചർ മേശയ്ക്കു മേൽ ചാരി നിന്നു. അതു വരെ അടക്കി വച്ച ഉപദേശത്തിന്‍റെ കെട്ടുകൾ ഓരോന്നായി അഴിച്ച് ഞങ്ങൾക്കു മേലേക്കിട്ടു.
"ഏതു വഴിക്ക് പോയാലും കാണാം മുട്ടിയുരുമ്മി രണ്ടു പേർ.. കാവലായിട്ടൊരു കൂട്ടുകാരിയും കാണും..ആ കൂട്ടുകാരിക്കിട്ടാണ് നാല് പൊട്ടിക്കേണ്ടത്...''
ടീച്ചർ പറഞ്ഞു തീർത്തിട്ട് എന്‍റെ നേരെ നോക്കി...
ഒരു കാര്യോമില്ലാണ്ട് തെറ്റിദ്ധരിക്കപ്പെട്ടതിന്‍റെ മനോവേദനയിൽ ഞാൻ മുഖം കുനിച്ചു. ക്ലാസ് കഴിഞ്ഞ് പോകാനിറങ്ങിയ ഗായത്രിക്കൊപ്പം ക്ലാസ് ലീഡർ ശ്രീലക്ഷ്മിയെക്കൂടി പറഞ്ഞു വിട്ടപ്പോഴാണ് എല്ലാത്തിനുമൊരുത്തരമായത്. അന്നു മുതൽ എല്ലാ ദിവസവും ഗായത്രി വണ്ടി കയറി പോകുന്നതു വരെ ശ്രീലക്ഷ്മി അവൾക്കു കാവൽ നിൽക്കട്ടേയെന്നായിരുന്നു ടീച്ചറുടെ തീരുമാനം. ലേബർ ഇന്ത്യയോടും, പുതിയ പേനകളോടും ഗൈഡുകളോടുമല്ലാതെ മറ്റൊന്നിനോടും യാതൊരു പ്രതിപത്തിയും കാണിക്കാത്ത ശ്രീ ലക്ഷ്മി അതേ നിർവികാരതയോടെ ഗായത്രിക്കൊപ്പം ഗേറ്റിൽ പോസ്റ്റായി.
അന്നു മുതലാണ് ഞാൻ പ്രേമങ്ങളോട് കുറച്ചെങ്കിലും മമത കാണിക്കാൻ തുടങ്ങിയത്. അതിൽ പിന്നെയാണ് ബിൻസിയുടെ ബാഗിലെ രഹസ്യ അറയ്ക്കുള്ളിൽ ഒളിപ്പിച്ചു വച്ച മുത്തു പതിപ്പിച്ച മുടിപ്പിന്നും, ദിവ്യയുടെ മലയാളം നോട്ട് ബുക്കിനുള്ളിലെ ഉണങ്ങിയെങ്കിലും ചുവന്നു തന്നെയിരുന്ന റോസാപ്പൂവും, സജിതയുടെ ടെക്സ്റ്റ്പുസ്തകത്തിന്‍റെ ബ്രൗൺ നിറമുള്ള ചട്ടക്കുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്ന പഴയൊരു പ്രണയലേഖനവും ആരുമറിയരുതെന്ന പറച്ചിലോടെ എനിക്കു മുൻപിൽ വെളിപ്പെട്ടത്.
ഒരു മാസം കടന്നു പോയി. ഗായത്രിക്കൊപ്പം ഒരു ദിവസം പോലും മുടങ്ങാതെ ശ്രീ ലക്ഷ്മി പോകുന്നുണ്ടെന്ന് കുമാരിടീച്ചർ ഉറപ്പു വരുത്തിക്കൊണ്ടിരുന്നു. ചിലപ്പോഴൊക്കെ ശ്രീലക്ഷ്മിയ്ക്കാ ജോലി നന്നായി പിടിച്ചു പോയെന്ന് ഞങ്ങൾക്ക് പോലും തോന്നിത്തുടങ്ങി... അങ്ങനെയിരിക്കേയാണ് കുമാരിടീച്ചർ ഒരു ദിവസം അവധിയെടുത്തത്. ടീച്ചർ സ്റ്റാഫ് റൂമിൽ എത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ ക്ലാസ്മുറികളിലേക്ക് ആ വാർത്ത ആഹ്ലാദത്തോടെ പടർന്നു പിടിച്ചു. വൈകിട്ട് ക്ലാസ് കഴിഞ്ഞ് ഗായത്രി എഴുന്നേറ്റ് നടന്ന്. എഴുതുമ്പോൾ സുഗന്ധമുള്ള പുതിയ പേന കൊണ്ട് നോട്ട് ബുക്കിൽ എഴുതി മണത്തു നോക്കി രസിച്ചു കൊണ്ട് ശ്രീ ലക്ഷ്മി ക്ലാസിൽ തന്നെയിരുന്നു..
"ദേ ഗായത്രി പോണ്..നീ പോണില്ലേ...?''
ഞാൻ ശ്രീലക്ഷ്മിയുടെ തോളിൽ തട്ടി.
അവൾ മുഖമുയർത്തി നോക്കി
"ഞാനെന്തു തേങ്ങയ്ക്കാ അവൾടെ കൂടെ പോണത്. ഇന്നവൻ വരില്ലെടീ...''
"അതെങ്ങനെ നിനക്കറിയാം?''
ഞാൻ കണ്ണു മിഴിച്ചു.
"ഇനി വെള്ളിയാഴ്ചയേ വരൂന്ന് പറഞ്ഞിട്ടാ ഇന്നലെ പോയത്. അവൻ തന്നതാ ഈ പേന..പിന്നെ രണ്ടു മൂന്നു ഗൈഡും പുതിയൊരു ലേബർ ഇന്ത്യേം തന്നു. ഇനി വരുമ്പോ മണമുള്ള റബ്ബർ കൊണ്ടു വരാന്ന് പറഞ്ഞിട്ടുണ്ട്''.
"ഇതൊക്കെ എന്തിനാ നിനക്ക് തരുന്നത്?''
അവൾ നിരത്തി വച്ച ഐറ്റംസിലേക്ക് നോക്കി ഞാൻ അന്തം വിട്ടിരുന്നു
"ചുമ്മാ ഒരു രസത്തിന്...''
അവൾ പേനയടച്ചു വച്ച് കണ്ണടച്ചു കാണിച്ചു.
"എന്തു രസം?''
"എടീ സീരിയസായിട്ടൊന്നുമല്ല..എന്നാലും അവനിഷ്ടാന്ന് പറഞ്ഞപ്പോ ഞാൻ നോ ഒന്നും പറഞ്ഞില്ല. ഒരു രസം...''
അവൾ പേന ബാഗിലേക്കിട്ട്, ബാഗുമെടുത്ത് പുറത്തേക്കിറങ്ങി. ഞാൻ ഗേറ്റിൽ നിൽക്കുന്ന ഗായത്രിയെ നോക്കി. മുൻപു കണ്ട അതേ നിർവികാരതയോടെ അവൾ തിരിച്ചെന്നെയും നോക്കി. പിന്നെ ഞങ്ങൾ രണ്ടു പേരും ഒരുമിച്ച് പതിവുള്ള ഓട്ടോയ്ക്കു വേണ്ടി കാത്തു നിന്നു.