വിദ്യാർഥികളും അധ്യാപകരും കെ.പി. നാരായണനുമായി സംസാരിക്കുന്നു.
കോതമംഗലം: മാഞ്ഞു പോയികൊണ്ടിരിക്കുന്ന ലിപിയില്ലാത്ത മാദിക ഭാഷയുടെ ചരിത്രവും, സംസ്കാരവും തേടിയാണ് ലോക മാതൃഭാഷ ദിനത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എം. കോം. മാർക്കറ്റിങ് ആൻഡ് ഇന്‍റർനാഷണൽ ബിസിനസ് വിഭാഗം വിദ്യാർഥികളും അധ്യാപകരും കണ്ണൂരിലേക്ക് വണ്ടികയറിയത്. കേരളത്തിൽ രണ്ട് പേർ മാത്രം സംസാരിക്കുന്ന ഒരു ഭാഷ, അതും ലിപിയില്ലാത്ത ഒരു ഭാഷ... നാമാവശേഷമായി മാറുന്ന മാദിക ഭാഷ സംസാരിക്കുന്ന കണ്ണൂർ കരിവള്ളൂർ കൂക്കാനത്തെ കെ.പി. നാരായണനെ സന്ദർശിച്ച് ഭാഷയുടെ വിശേഷങ്ങൾ ചോദിച്ചറിയാനായിരുന്നു യാത്ര.
മലയാളം, തുളു, തെലുങ്ക്, തമിഴ് എന്നി ഭാഷകളുടെ സമ്മിശ്രമായ മാദിക ഭാഷ കണ്ണൂർ ജില്ലയിലെ ചക്ലിയ വിഭാഗക്കാരാണ് ഉപയോഗിച്ചിരുന്നത്. കക്ക നീറ്റൽ നിത്യ തൊഴിലാക്കിയ എൺപത്തിയഞ്ചുകാരനായ നാരായണനും സഹോദരി പുത്രി രാജാറാണിയും മാത്രമാണ് ഈ ഭാഷ ഇന്നും നിലനിർത്തുന്ന രണ്ടു പേർ.
വിദ്യാർഥികളും അധ്യാപകരും കെ.പി. നാരായണനുമായി സംസാരിക്കുന്നു.
ഒരു കാലത്തു ഉത്തരകേരളത്തിന്‍റെ പലഭാഗങ്ങളിലും വേരുകളുണ്ടായിരുന്നു മാദിക ഭാഷയ്ക്ക് .
പട്ടിക ജാതിയില്‍പ്പെട്ട ചക്കാലിയ(ചക്ലിയ )വിഭാഗമാണ് മാദിക ഭാഷ ഉപയോഗിച്ചിരുന്നത്. കര്‍ണാടകയിലെ മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് ജീവിച്ചുവന്നിരുന്ന ഈ വിഭാഗം പിന്നീട് കണ്ണൂരിലേക്കും വടക്കന്‍ മലബാറിന്‍റെ മറ്റിടങ്ങളിലേക്കും ജീവിതം പറിച്ചുനടുകയായിരുന്നു. തങ്ങളുടെ പൂര്‍വികരില്‍ നിന്നാണ് നാരായണനും രാജറാണിയും ഈ ഭാഷ പഠിച്ചെടുത്തത്.
വിദ്യാർഥികളും അധ്യാപകരും കെ.പി. നാരായണനുമായി സംസാരിക്കുന്നു.
തങ്ങളുടെ തനത് ഭാഷാ സംസ്‌കാരം അന്യം നിന്നുപോകുമോ എന്ന് ആശങ്കയും ഇവർക്കുണ്ട് . പുതിയ തലമുറ ഭാഷ പഠിക്കാന്‍ താത്പര്യം കാണിക്കുന്നില്ലെന്നും നാരായണന്‍ പറയുന്നു. ഒരു കാലത്ത് വലിയ വിവേചനം നേരിട്ട വിഭാഗം കൂടിയായിരുന്നു ചക്കാലിയ. പൊതു ചടങ്ങുകളില്‍ നിന്നും മറ്റും ഇവര്‍ പങ്കെടുക്കുന്നതിനു വിലക്കുള്‍പ്പെടെ നിലനിന്നിരുന്നു. സമുദായത്തിലെ യുവതലമുറ വിദ്യാഭ്യാസം നേടുകയും മാദിക ഭാഷയെ തങ്ങളുടെ പൂര്‍വികര്‍ നേരിട്ട വിവേചനത്തിന്‍റെ ചരിത്രവുമായി ബന്ധപ്പെടുത്തി കാണാനും തുടങ്ങിയതോടെയാണ് ഭാഷ വിസ്മൃതിയിലേക്ക് നീങ്ങിയത്. ലിപി ഇല്ലാത്തതിനാല്‍ മാദിക ഭാഷയെ സംരക്ഷിക്കാന്‍ ഔപചാരിക മാര്‍ഗമില്ലെന്നതും സംരക്ഷണത്തിന് വെല്ലുവിളിയാണ്.
നാരായണനും രാജാറാണിയും പറഞ്ഞ് അവസാനിപ്പിക്കുന്നിടത്തുനിന്നു ഏറ്റുപറയാൻ ഇനി ആരും ഇല്ല എന്ന തിരിച്ചറിവിൽ നിന്നാണ് "സ്പീക്ക് ലോക്കൽ, സെൽ ഗ്ലോബൽ " എന്ന ആശയത്തിൽ എം. എ. കോളേജ് വിദ്യാർഥികൾ ഇവരെ സന്ദശിച്ചത്.
എന്നെന്നേക്കുമായി വിസ്‌മൃതിയിലേക്ക് അണഞ്ഞു പോയേക്കാവുന്ന ഭാഷയെ കുറിച്ച് വിദ്യാർഥികളായ അലൻ ബിജു, ആഷ്‌ലി ജോസ് എന്നിവർ നാരായണനിൽ നിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞു.
സ്റ്റുഡന്‍റ്സ് കോർഡിനേറ്റർമാരായ ജെസ് ജെയിംസ് പ്രസാദ്, മീര ബി നായർ അധ്യാപകരായ ശാരി സദാശിവൻ, ഗോപിക സുകു എന്നിവർ നേതൃത്വം നൽകി.