അബൂജുമൈല
എത്ര സൗഗന്ധികപ്പൂക്കൾ
കൊഴിഞ്ഞു പോയ്,
എത്ര കല്ലോലിനികൾ
വറ്റി വരണ്ടു പോയ്.
എത്ര പ്രണയാർദ്ര
മൗന പ്രവാഹങ്ങൾ
നിദ്രയിൽ മിഴി ചിമ്മി
മെല്ലെ കടന്നുപോയ്.
എത്ര ജാലകച്ചില്ലുകൾ
നോവിന്‍റെ
കൽ നുറുക്കിനാൽ
പൊട്ടിത്തകർന്നുപോയ്.
എത്ര വിഷാദാർദ്ര
ബിന്ദുക്കളാലെന്‍റെ
പൊൽച്ചിലമ്പുകൾ
നിശ്ചലം നിന്നുപോയ്.
എത്ര സൗഗന്ധികപ്പൂക്കൾ
കൊഴിഞ്ഞു പോയ്
എത്ര കല്ലോലിനികൾ
വറ്റി വരണ്ടുപോയ്.
എത്ര ഗ്രീഷ്മ പ്രവാഹത്തിൽ
പ്രാണന്‍റെ
പൊൻ കതിർക്കുല
ഞെട്ടറ്റു വീണു പോയ്
എത്ര പ്രത്യയ ശാസ്ത്രങ്ങൾ ജീവന്‍റെ
പുസ്തകത്തിലെ
പാഴ്മൊഴി മാത്രമായി.
എത്ര പ്രത്യയ
ശാസ്ത്രങ്ങൾ ജീവന്‍റെ
പുസ്തകത്തിലെ
പാഴ്മൊഴി മാത്രമായ്