ഹൃദയം മാറ്റിവയ്ക്കൽ | കവിത Sketch: Subhash Kalloor
Literature

ഹൃദയം മാറ്റിവയ്ക്കൽ | കവിത

പാതിമയക്കക്കയങ്ങളിലൊന്നിൽ ഞാൻ, പതിയെയെൻ ഹൃദയം പുറത്തെടുത്തു. ഏകാന്തപേടകപ്പേശി തന്തുക്കളിൽ, മൂകസന്താപങ്ങൾ മുള പൊട്ടി നിന്നു.... ഡോ. ഗോപകുമാർ എസ്. എഴുതിയ കവിത

ഡോ. ഗോപകുമാർ എസ്.

പാതിമയക്കക്കയങ്ങളിലൊന്നിൽ ഞാൻ,

പതിയെയെൻ ഹൃദയം പുറത്തെടുത്തു.

ഏകാന്തപേടകപ്പേശി തന്തുക്കളിൽ,

മൂകസന്താപങ്ങൾ മുള പൊട്ടി നിന്നു.

പുറംചുമരിലാധിതൻ പായലിൽ നൂലുകൾ,

കറ മുക്കി കോലങ്ങൾ തീർത്തിരുന്നു.

ഉള്ളിൽ കടക്കാൻ വരി നിൽക്കുമാർദ്രമാ-

മുണ്മതൻ ചിന്തകളുഴറി വീഴുമ്പൊഴും,

ഉമ്മറവാതിലിൻ വാൽവിന്‍റെ പാളികളു-

ന്മാദത്താഴിൽ തളർന്നു നിന്നു.

നേരിന്‍റെ ശ്വാസമൊരു വിങ്ങലായ് ധമനിതൻ,

വേരിൻ വിഷങ്ങളിൽ തൂങ്ങി നിന്നു.

മതമദമേദോവഴുക്കൾക്കുളങ്ങളിൽ,

മാർത്യബോധം ചത്തു ചീർത്തിരുന്നു.

കാമതന്മാത്രകൾ നീലിച്ച സിരകളിൽ

കൃമിവിഷച്ചൂടുമായ് കത്തി നിന്നു.

ഇരുളറപ്പൊത്തിലായ് ലാഭവും മോഹവു-

മിരകൾക്ക് തേൻ വലകൾ നെയ്തിരുന്നു.

ഉടുക്കിന്‍റെ സ്പന്ദനം പോർക്കലിവാളി-

ലുടക്കിക്കിടന്നൊച്ച തീർത്തിരുന്നു.

രക്തവാഹികൾ, ദാഹികൾ വായും പിളർന്നാത്മ-

ബന്ധുവിൻ ചോരയും കാത്തിരുന്നു.

പാതിമയക്കത്തിനിടവേളയൊന്നിലെൻ,

ചേതനപ്പൂവിനെ മെല്ലെത്തലോടി ഞാൻ.

ഒറ്റയറവാസത്തിനറുതിയായ് പേടക-

മുറ്റവർക്കിടയിൽ ഞാൻ കൊണ്ടു വച്ചു.

തെരുവിന്‍റെ തപ്തമാം നിശ്വാസവായുവിലു-

രുകിയടർന്നതിൻ മേദസ്സിൻപാളികൾ.

ഋതുചുംബനങ്ങളിലുള്ളം തളിർത്തു,

പുതുമഴക്കുളിരിലുൾത്താപം തണുത്തു.

സിരകളിൽ പ്രണയാർദ്ര മീനുകൾ നീന്തി,

ചിരാതിൻ വെളിച്ചത്തിലുള്ളറകൾ മിന്നി.

നിലാവിന്‍റെ പാൽച്ചിറയിൽ മുങ്ങിക്കുളിച്ചു

നീലിച്ച സിരകളിൽ നീർമരുത് തേയ്ച്ചു.

പ്രേമരസായനത്തുള്ളികൾ മുത്തിയെൻ,

പ്രാണപുഷ്പം മുദാ പുഞ്ചിരിച്ചു.

ഒടുവിൽ ഞാനെൻ പുതിയഹൃദയബോധത്തിനെ,

ഇടനെഞ്ചിലരുമയായ് കുടിയിരുത്തി.

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു