നവ നാറാണൻ | കവിത Painting: Subhash Kalloor
Literature

കവിത | നവ നാറാണൻ...!

കൺകണ്ട ദൈവങ്ങൾ കണ്ണടച്ചേ നിൽപ്പൂ... ദൂരെ കാതു പൊത്തിപ്പിടിച്ചൊന്നുമേ കേൾക്കാത്ത പാവങ്ങൾ, പൈതങ്ങളായി നിൽക്കുന്നൂ... | ഇ. രുദ്രൻ വാര്യർ എഴുതിയ കവിത

MV Desk

ഇ. രുദ്രൻ വാരിയർ

നാടാകെ ചേരുന്ന

നാൽക്കവലയോരത്ത്

നട്ടുച്ച നേരത്തു വട്ടം കറങ്ങി

നട്ടം തിരിഞ്ഞാധിപൂണ്ട്

നാരായ വേരറ്റ്, നേരിന്‍റെ കതിരറ്റ്

നെല്ലും പതിരും തിരിയാതലയുന്നു

തലയറ്റ ചിന്തകൾ കൂടിയിണങ്ങാതെ

മോരും മുതിര പോൽ വേറിട്ടു പോകുന്നു...

പിന്നിട്ട വീഥികൾ ഇഴഞ്ഞിഴഞ്ഞെത്തി

ഫണം വിടർത്തുന്നു, വിഷം ചീറ്റി ആയുന്നു

ഇന്നലെ തീർന്നെന്നു കരുതിയതൊക്കെയും

ഇന്നിന്‍റെ ഭീതിയായ് നെഞ്ചിലേക്കേറുന്നു

കൺകോണിലായിരം തീഗോളമുരുളുന്നു

ഗോളാന്തരങ്ങളിൽ പക ജ്വലിച്ചുറയുന്നു

അടക്കിപ്പിടിച്ചൊരാ സംസാരമൊക്കെയും

ആർത്തലച്ചെത്തി കർണം തുളയ്ക്കുന്നു...

കണ്ണീച്ച പാറിപ്പറക്കുന്നു ചുറ്റിലും

കണ്ണീർത്തടാകത്തിൽ മുങ്ങിത്തുടിക്കുന്നു

നീറുന്ന കൺകളിൽ ക്രോധം തിളയ്ക്കുന്നു

മുഖമാകെ ദൈന്യത തിളച്ചുതൂവുന്നു

ആയിരമായിരം ആശങ്കപ്പൂളുകൾ

ആഴിനാളങ്ങളായ് കത്തിയെരിയുന്നു...

പിഞ്ഞിപ്പറിഞ്ഞതാം പാതിവസ്ത്രത്തിന്‍റെ

പല കീറുകൾ ചേർത്ത് കൂട്ടിപ്പിരിക്കുന്നു

പിന്നെയഴിക്കുന്നു, വീണ്ടും പിരിക്കുന്നു

പിരിപോയ വാക്കുകൾ എങ്ങോ തെറിക്കുന്നു

ആരോ പെറുക്കുന്നു, തിരിച്ചേറുകൊള്ളുന്നു...

കൺകണ്ട ദൈവങ്ങൾ കണ്ണടച്ചേ നിൽപ്പൂ... ദൂരെ

കാതുപൊത്തിപ്പിടിച്ചൊന്നുമേ കേൾക്കാത്ത

പാവങ്ങൾ, പൈതങ്ങളായി നിൽക്കുന്നൂ...!

തകർന്നു വീണ കെട്ടിടം ഉപയോഗിക്കുന്നതല്ലെന്ന് പ്രഖ്യാപിച്ച് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയത് ആരോഗ്യമന്ത്രി: വി.ഡി. സതീശൻ

കേരളത്തിൽ നിപ രോഗ ബാധയെന്ന് സംശയം

ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കണ്ടെയ്നർ ലോറി മരങ്ങൾക്കിടയിൽ കുടുങ്ങി

വൻ ലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ ട്രേഡിങ്ങിലൂടെ തട്ടിയത് ഒന്നരക്കോടി; പ്രതി പിടിയിൽ

ഗില്ലിന് ഇരട്ട സെഞ്ചുറി; ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം