റീന വർഗീസ് കണ്ണിമല
കറുപ്പിൽ വെളുപ്പു കണ്ടവന്, ഇരുട്ടിൽ പ്രകാശമായവന്, പ്രതിമയാണെങ്കിലും ഇല്ലെങ്കിലും സജീവ വിഗ്രഹമായവന്, നമ്മുടെ ഹൃദയത്തിൽ വസിക്കുന്നവന്, പതുക്കെ പതുക്കെ പോലും മരിക്കാൻ വിസമ്മതിക്കുന്നവന്, മലയാണ്മയുടെ മാധുര്യത്തിൽ ഇതാദ്യമായി കോർത്തൊരുക്കിയ കാവ്യശിൽപ്പം- അതാകുന്നൂ പി.എസ്. ജോസഫിന്‍റെ കവിതാ സമാഹാരം, 'ഗാന്ധി വധം'.
മാധ്യമ ലോകത്ത് തനതു പാത വെട്ടിത്തുറന്ന, ദീർഘകാലം ഇന്ത്യാ ടുഡേയുടെ എഡിറ്ററായിരുന്ന സാഹിത്യകാരൻ പി.എസ്. ജോസഫ് മലയാളം വായനക്കാർക്ക് അത്ര പരിചിതനായിരിക്കണമെന്നില്ല. കാരണം, അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള കൃതികളെല്ലാം ഇംഗ്ലിഷിലാണ്. 'മർഡർ ഒഫ് ഗാന്ധി' എന്ന അദ്ദേഹത്തിന്‍റെ കാവ്യ സമാഹാരത്തിന്‍റെ മലയാള പരിഭാഷയാണ് 'ഗാന്ധി വധം'.
പരിഭാഷ നടത്തിയിരിക്കുന്നത് കൃതഹസ്തനായ സുന്ദർദാസ്. ഗാന്ധിസം ഏറെ വിമർശിക്കപ്പെടുന്ന ഈ കാലത്ത്, ഗാന്ധിജിക്കു വേണ്ടി മാത്രമായി ഒരു കാവ്യ സമാഹാരം വേറിട്ട പാതയിലൂടെ കോറിയിട്ട വരികളാൽ സൃഷ്ടിച്ചിരിക്കുകയാണ് കവി. കേരളത്തിന്‍റെ സാഹിത്യ നഭോമണ്ഡലത്തിൽ ഇതാദ്യമായാണ് ഗാന്ധിജിയെക്കുറിച്ചു മാത്രം ഒരു കവിയുടെ സമാഹാരം പ്രസിദ്ധീകരിക്കുന്നത്. അതു പ്രസിദ്ധീകരിച്ച ദിവസത്തിനുമുണ്ട് സവിശേഷത. മഹാത്മജിയുടെ രക്ത സാക്ഷിത്വ ദിനമായ ജനുവരി 30നായിരുന്നു കോഴിക്കോട് ഗാന്ധിഗൃഹത്തിലെ പ്രകാശനച്ചടങ്ങ്.
ഇന്ത്യക്ക് എന്താണ് ഗാന്ധിജി എന്ന് വരും തലമുറയ്ക്ക് മനോഹരമായി മനസിലാക്കിക്കൊടുക്കുന്ന കൃതിയാണിത്. അത്രമേൽ സൂക്ഷ്മമായാണ് ഗാന്ധിജിയെ തന്‍റെ വാങ്മയ ലോകത്ത് കവി വാർന്നിടുന്നത്. ഇന്ത്യക്കാർക്കെല്ലാം സുപരിചിതമായ ദണ്ഡിയാത്രയെക്കുറിച്ച് മേയ്, 2020 പ്രതിമകൾ എന്ന കവിതയിലൂടെ കവിഭാവന കോറിയതിങ്ങനെ:
''അവൻ ദണ്ഡിയിലേക്ക് നടക്കുകയാണ്
ജീവിതത്തിന്‍റെ ഉപ്പ് നിങ്ങൾക്ക് തിരികെ നൽകാൻ''
ഭാരതത്തിനു നഷ്ടപ്പെട്ട ജീവിതത്തിന്‍റെ ഉപ്പ് ജനതകൾക്കു തിരികെ നൽകാൻ ദണ്ഡിയിലേക്കു നടന്നവൻ... എന്താണ് ജീവന്‍റെ ഉപ്പ്? പരമമായ സ്വാതന്ത്ര്യം... ഉറ കെട്ട ഉപ്പായി ഇന്നു ഭാരതീയർ പലരും മാറുന്ന കാലത്താണ് ജീവന്‍റെ ഉപ്പിനെക്കുറിച്ചുള്ള കവിയുടെ ഗദ്ഗദം.
സ്വാതന്ത്ര്യം എന്ന വാക്കിന്‍റെ അർഥം പോലുമറിയാത്ത തലമുറയുടെ ജീവിത കരങ്ങളിൽ ആ സ്വാതന്ത്ര്യം ഉറകെട്ട ഉപ്പായില്ലെങ്കിലല്ലേ അതിശയമുള്ളൂ. അതുകൊണ്ടാണ് അഹിംസയെ സ്നേഹിക്കുന്നവരുടെ ഗദ്ഗദങ്ങൾ കവിയുടെ വിതുമ്പലായത്.
കറുപ്പിനെയും ദളിതരെയും സ്നേഹിച്ചവൻ ദക്ഷിണാഫ്രിക്കയിലെത്തിയപ്പോഴുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയ 'പീറ്റർമാരിറ്റ്സ്ബർഗിൽ' എന്ന കവിതയിൽ ജോസഫിന്‍റെ തൂലിക ഇങ്ങനെ കോറുന്നു:
"എന്‍റേത് എന്തു നിറമാണ്?
വെള്ളയോ തവിട്ടോ കറുപ്പോ?
നിറത്തിൽ കാര്യമുണ്ടോ?
പുള്ളിപ്പുലി അതിന്‍റെ പുള്ളികൾ മാറ്റുമോ?'
ഇന്നും പ്രസക്തമായ വംശീയതക്കെതിരേ ചൂണ്ടു മർമമാകുന്ന വരികൾ. ഈ കവിതയിൽ സൂക്ഷ്മ ദർശിനി പോലെ കൈയടക്കമുള്ള വിവർത്തകനെയും നമുക്കു കാണാം. സുന്ദർദാസ് എന്ന എഴുത്തുകാരന്‍റെ കൃതഹസ്തത ഈ കവിതയുടെ കാരണങ്ങൾ കാച്ചിക്കുറുക്കി കവിതയുടെ അവസാനം കൊടുത്തിരിക്കുന്നു. വരും തലമുറയ്ക്ക് ഗാന്ധിജിയെ കൂടുതലറിയാൻ ഈ കൈയടക്കത്തോടെയുള്ള വിവർത്തനം സഹായിക്കും.
ഹരിലാലും ഞാനും എന്ന കവിതയിലാകട്ടെ, ടോൾസ്റ്റോയിയുടെ അന്ത്യം എങ്ങനെയായിരുന്നു എന്ന് വിവർത്തകൻ വിശദമാക്കുന്നു.
ഇംഗ്ലിഷ് കവിതയിൽ കവി പരാമർശിച്ചു പോയ വാക്കിനെ, ''എന്തു കൊണ്ട്'' എന്നൊരു ചോദ്യത്തിനിട നൽകാതെ സഹൃദയ മനസിലേക്കു പറിച്ചുനടാൻ പാകത്തിനുള്ള ഈ പരിഭാഷ എത്ര പ്രശംസിച്ചാലും മതിയാകില്ല തന്നെ.
പ്രതിമയായാലും ഇല്ലെങ്കിലും എന്ന കവിതയിൽ ജോസഫ് കോറിയിടുന്ന വരികൾ ഇന്നിന്‍റെ സത്യങ്ങളാകുന്നു. അതിങ്ങനെ പോകുന്നു:
''ഭ്രാന്ത് ആഞ്ഞടിച്ചു
നാടാകെ അഗ്നിക്കിരയായി
മനസ് വിഭജിക്കപ്പെട്ടു
മണ്ണ് വിഭജിക്കപ്പെട്ടു''
ഇന്നിന്‍റെ ഭാരതം എവിടേക്കാണു പോകുന്നതെന്ന കവിയുടെ ആശങ്ക ഈ വരികളിലുണ്ട്. മാതൃരാജ്യത്തെക്കുറിച്ചുള്ള കണ്ണീരുപ്പ് ആ കവിതകളിൽ ചേർത്തിളക്കിയിരിക്കുന്നു. അല്ലെങ്കിലെങ്ങനെ ഗാന്ധി വിമർശകരുടെ കാലത്ത് ഗാന്ധിക്കായൊരു കാവ്യ ശിൽപ്പം എഴുതാനാകും!
നനുത്ത ഹൃദയത്തിന്‍റെ ആർദ്രതയുള്ള, നിഷ്കാമ കർമത്തിന്‍റെ പട്ടുനൂലുകളാൽ ഇഴപിരിച്ചുണ്ടാക്കിയ കരുതലുള്ള കവിതകളാണിവ. അത്രമേൽ ഹൃദയാവർജകമായ പുത്തൻ പാതയാണിത്; വരും തലമുറയ്ക്ക് ഒരു മുതൽക്കൂട്ടും....