ഏകാന്തതയുടെ മ്യൂസിയവും സമകാലികതയും

 
Literature

ഏകാന്തതയുടെ മ്യൂസിയവും സമകാലികതയും

പുതിയ ഭൂഖണ്ഡങ്ങൾ കണ്ടുപിടിക്കാനൊന്നും സാധിക്കില്ലെന്നറിയാം. എന്നാൽ ഓരോ വസ്തുവും സംഭവവവും തിരിച്ചും മറിച്ചും നോക്കേണ്ടതുണ്ട്

ഒരു സാഹിത്യകാരന്, കവിക്ക്, ചലച്ചിത്രകാരന് സമകാലികത ഒരു മരീചിക പോലെയാണ്; അതിനെ എത്തിപ്പിടിക്കാൻ പ്രയാസമാണ്. സമകാലികതയെ നിർവചിക്കുക എളുപ്പമാണെങ്കിലും അതിനെ സർഗാത്മകമായി വിജയിപ്പിക്കാൻ ഏളുപ്പമല്ല. തോപ്പിൽ ഭാസി "അശ്വമേധം' എന്ന നാടകം എഴുതിയപ്പോൾ അത് അന്നത്തെ സാമൂഹിക പ്രശ്നമായിരുന്നു. കുഷ്ഠരോഗം പടർന്നു പിടിച്ച സാഹചര്യത്തിൽ അതിനെതിരെയുള്ള പ്രചാരണം കൂടി ആ നാടകം ഏറ്റെടുത്തു. രോഗം വന്നവരെ ചികിത്സിച്ചു ഭേദമാക്കാമെന്ന സത്യവും സമൂഹം ആ സത്യത്തെ ഏറ്റെടുക്കണമെന്ന ആഹ്വാനവും അതിലുണ്ടായിരുന്നു.

തോപ്പിൽ ഭാസി വർത്തമാനകാലത്തെ അഭിസംബോധന ചെയ്തു എന്നു പറയാം. അവിടെ തോപ്പിൽ ഭാസിക്ക് ഒരാനുകൂല്യമുണ്ട്. എല്ലാവർക്കും മനസിലാവുന്ന കാര്യമാണത്. അത് രോഗമാണ്. രോഗം വന്നാൽ എല്ലാവരുടെയും പ്രതികരണം മിക്കവാറും ഒരുപോലെയായിരിക്കും. രോഗം ഭയം ജനിപ്പിക്കും. രോഗം മരണത്തെക്കുറിച്ച് ചിന്തിക്കാൻ ഇടയാക്കും. രോഗം നമ്മെ അസ്ഥിരപ്പെടുത്തുകയാണ്. അതുവരെയുണ്ടായിരുന്ന ഒഴുക്കിനു തടസമുണ്ടാക്കുന്നു. രോഗം മറ്റൊരു കാലമാണ്. അത് നിശ്ചലദൃശ്യങ്ങളും നിറം പോയ കാഴ്ചകളുമാണ് തരുന്നത്. പ്രതീക്ഷയ്ക്ക് ഇടവേളയാണ്. ഈ സാർവതികമായ മാനസികാവസ്ഥ തോപ്പിൽ ഭാസിയെ സഹായിക്കുന്നുണ്ട്. സമൂഹത്തെ ഗ്രസിക്കുന്ന ഒരു രോഗവും അതിന്‍റെ പരിഹാര മാർഗവും എന്ന തലത്തിൽ മാത്രം കണ്ടാൽ മതി. ചിലപ്പോൾ മാനസിക പ്രശ്നങ്ങൾക്ക് കാരണം രോഗവും ഭയവുമാണ്. അത് വ്യക്തമായ അനുഭവമാണ്. അതിൽ സമസ്യകളൊന്നുമില്ല.

സ്വയംവരം, കൊടിയേറ്റം

എന്നാൽ സമകാലികമായ കലയും കലയിലെ സമകാലികതയും വ്യത്യസ്തമാണ്. അടൂർ ഗോപാലകൃഷ്ണന്‍റെ "സ്വയംവരം', "കൊടിയേറ്റം' എന്നീ ചിത്രങ്ങൾ പുറത്തിറങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും സമകാലികമാണ്. ആ ചിത്രങ്ങൾ ഉന്നയിക്കുന്ന ആകുലതകൾ നിലനിൽക്കുന്നു. ഇക്കാലത്ത് എഴുതുന്നവരുടെ സാഹിത്യത്തെ പൊതുവിൽ സമകാലികം എന്നു വിളിക്കാം. 21ാം നൂറ്റാണ്ടിൽ, രണ്ടു ദശാബ്ദങ്ങളിലായി എഴുതിക്കൊണ്ടിരിക്കുന്നവരുടെ രചനകളിൽ നിന്നു പ്രാതിനിധ്യ സ്വഭാവത്തോടെ തിരഞ്ഞെടുത്തു അവതരിപ്പിക്കുകയാണെങ്കിൽ അത് സമകാലികമായ എഴുത്താണ്. പ്രധാന സാഹിത്യ ശാഖകളിൽ കഴിഞ്ഞ രണ്ടു ദശകങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള രചനകളുടെ സൂക്ഷ്മ പരിശോധനയായി വായനക്കാർക്ക് തോന്നണം. അങ്ങനെയൊരു പുസ്തകം ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. ആ പുസ്തകത്തിനു നിശ്ചിതമായ ഒരു പ്രമേയം ഉണ്ടാകാൻ പാടില്ല. ഈ എഴുത്തുകാർ പ്രമേയത്തിന്‍റെ അടിസ്ഥാനത്തിൽ ഒന്നും ചെയ്തിട്ടില്ല. അവർ ഒരേകാലത്ത് പ്രത്യക്ഷപ്പെട്ടു എന്നതാണ് പ്രസക്തമാകുന്നത്.

ഇതിൽ നിന്നു വിഭിന്നമാണ് എഴുത്തിലെ സമകാലികത. അത് കുറേക്കൂടി ആഴമുള്ളതാണ്. ഇവിടെ പ്രായമേറിയവരോ പ്രായം കുറഞ്ഞവരോ എന്ന വേർതിരിവില്ല. ഇക്കാലത്ത് ജീവിച്ചിരിക്കുന്ന എഴുത്തുകാരുടെ സംഭാവനയാണ് പരിഗണിക്കേണ്ടത്. എന്നാൽ സമകാലികത എന്ന വിഷയം അതുകൊണ്ട് അവസാനിക്കുന്നില്ല. ഇന്നത്തെ വായനക്കാർക്ക് പ്രധാനമായി തോന്നുന്നതെന്തും സമകാലികമാണ്. ഈ കാലഘട്ടത്തിന്‍റെ അനിശ്ചിതത്വം, സങ്കീർണതകൾ തുറന്നുകാണിക്കുന്ന കൃതികളാണ് സമകാലികമാകുന്നത്. ഇന്നു ഇത്തരം കൃതികൾ തീരെ ഉണ്ടാകുന്നില്ല. വർത്തമാനകാല രാഷ്‌ട്രീയ സംഭവങ്ങളോ സാമൂഹിക പ്രശ്നങ്ങളോ വിശകലനം ചെയ്യുന്നതിൽ എഴുത്തുകാർക്ക് പരിമിതിയുണ്ടാവുന്നത് സ്വാഭാവികം. ചലച്ചിത്രകാരന്മാർക്കും ഇത് നേരിടേണ്ടി വരാറുണ്ട്. വസ്തുതകൾ ശരിയായി മനസിലാക്കാൻ, പരിണതികൾ വ്യക്തമാവാൻ കാലമെടുക്കും എന്നതാണത്.

ആനന്ദ് "ആൾക്കൂട്ടം' എഴുതിയപ്പോൾ അത് സമകാലിക പ്രശ്നങ്ങളുടെ വിശകലനമായി അനുഭവപ്പെട്ടു. ആ കാലത്ത് മുംബെയിൽ എത്തിച്ചേർന്ന ഏതാനും യുവാക്കളുടെ ജീവിതമാണ് ആനന്ദ് വരച്ചത്. ഉറൂബിന്‍റെ "സുന്ദരികളും സുന്ദരന്മാരും' ഇതുപോലെയാണ്. രാഷ്‌ട്രീയ പാർട്ടികളുടെയും വിപ്ലവാവേശമുള്ള ചെറുപ്പക്കാരുടെയും കാലത്തെ അത് ഓർമിപ്പിച്ചു. ഏകാന്തരായി നടക്കുന്ന ചെറുപ്പക്കാരുടെ അന്തഃസംഘർഷങ്ങളും ചിതറലും ഉറൂബിനെ അസ്വസ്ഥനാക്കിയിരുന്നു. എന്നാൽ ഇന്നു സമൂഹത്തെ ബാധിക്കുന്ന കാര്യങ്ങളക്കുറിച്ച് എഴുതാൻ ആർക്കും ധൈര്യമില്ല. ധൈര്യത്തേക്കാൾ, വിശ്വസിക്കാവുന്ന ഒരു ഫോർമുല അവർക്ക് കിട്ടുന്നില്ല. മാറുന്ന ഒരു കാലമാണിത്. വളരെ വേഗം സാഹചര്യങ്ങൾ മാറുന്നു. കോവിഡ് രണ്ടു വർഷക്കാലം നമ്മെ കെട്ടിവരിഞ്ഞിട്ടെങ്കിലും നാമമാത്രമായ കഥകളാണ് അതിന്‍റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ടത്.

കൊവിഡ്, ലോക്ഡൗൺ

അതിന്‍റെയർഥം കൊവിഡിന്‍റെ ഭാഗമായി ലോക്ഡൗണിലും ഐസൊലേഷനിലും കഴിഞ്ഞെങ്കിലും ഭൂരിപക്ഷം എഴുത്തുകാരെയും അത് എഴുതാൻ പ്രചോദിപ്പിച്ചില്ല എന്നാണ്. ഐസൊലേഷനിൽ അരക്ഷിതാവസ്ഥ അനുഭവപ്പെട്ടില്ല. സാമ്പത്തികമായ സുസ്ഥിരതയുള്ളവർക്ക്, പണിയെടുക്കാൻ കഴിയാതെ വീട്ടിൽ അടച്ചിരുന്നവന്‍റെ ജീവിതത്തിലുണ്ടായ ഭൂകമ്പങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. എന്നാൽ 1940നും 60നുമിടയിലാണ് കൊവിഡും അതിന്‍റെ ഭാഗമായ ലോക്ക്ഡൗണും ഐസൊലേഷനും സംഭവിച്ചതെങ്കിൽ തീർച്ചയായും മലയാളത്തിൽ അത് വലിയൊരു സാഹിത്യ വർത്തമാനമാകുമായിരുന്നു.

ഇടശേരി എഴുതുമായിരുന്നു. ഉറൂബ് മൗനമായിരിക്കുമോ? കരൾ നീറ്റുന്ന കഥകൾ എഴുതിയേനെ. കാരൂർ ഈ സംഭവത്തോടു പ്രതികരിക്കുക തന്നെ ചെയ്യും. ഭക്ഷണം കഴിക്കാൻ വകയില്ലാത്ത സ്കൂൾ അധ്യാപകനെക്കുറിച്ച് കഥയെഴുതിയ ആളാണ് കാരൂർ. സംവേദനക്ഷമതയിൽ ജീവിച്ച എഴുത്തുകാരനാണ് കാരൂർ. ആയിരം നാവു നീട്ടി പാഞ്ഞടുക്കുന്ന അരക്ഷിതമായ സംവേദനങ്ങളെ തകഴിക്ക് ഒഴിവാക്കാനാവില്ല. ബഷീർ അത് സ്വന്തം രക്തത്തിലും കാഴ്ചയിലും മുക്കി എഴുതിയേനെ. ഇതിന്‍റെ കാരണം ലളിതമാണ്. ഈ എഴുത്തുകാർക്ക് അവരുടെ ചുറ്റുപാടുകളോട്, യാഥാർഥ്യങ്ങളോട് പ്രതികരിക്കാനും അതിൽനിന്നു പ്രചോദനം നേടാനും മറ്റാരുടെയും സഹായം വേണ്ടായിരുന്നു. അവർ സർവത്ര മാനുഷികതയിൽ വിതാനിച്ച മനസുള്ളവരായിരുന്നു. അവരെ ഒന്നും അലട്ടാതിരിക്കില്ല. ഇപ്പോൾ ഈ രീതിയിലുള്ള പാരസ്പര്യം നഷ്ടപ്പെട്ടിരിക്കുന്നു.

വിദ്യാസമ്പന്നരും സാംസ്കാരിക ബുദ്ധിജീവികളുമായ ചിലർ സമൂഹത്തിന്‍റെ അവസ്ഥയോടു പ്രതികരിക്കുകയും എഴുതുകയും ചെയ്യുന്ന ശീലം ഉപേക്ഷിച്ചതല്ല, അവർക്കത് നഷ്ടപ്പെട്ടതാണ്. അവരിൽ ചിലരൊക്കെ വളരെ ഉച്ചത്തിൽ മുഴങ്ങുന്ന സമര കാഹളങ്ങൾ മാത്രമേ കേൾക്കുന്നുള്ളൂ. സമരമോ കാഹളമോ ഇല്ലാത്ത നിശബ്ദ സഹനങ്ങൾ നമുക്കരികിൽ തന്നെയുണ്ടെങ്കിലും അത് മനസിനെ ചലിപ്പിക്കുന്നില്ല.

എം.ആർ. അനിൽകുമാറിന്‍റെ നോവൽ

ടി.എസ്. എലിയറ്റ് പറഞ്ഞു: "ഞാൻ വിചാരിക്കുന്നില്ല ഒരുവന് വയസാകുന്നുവെന്ന്; ജീവിതത്തിൽ ഒരു പ്രായത്തിൽ മനുഷ്യൻ ഒന്നും ചെയ്യാനാകാതെ നിൽക്കുന്ന, നിശ്ചലനായിപ്പോകുന്ന അവസ്ഥയാണത്.' ഇതാണ് സംഭവിക്കുന്നത്. ഒരു പ്രായം കടക്കുന്നതോടെ എല്ലാത്തിൽ നിന്നും പ്രതിരോധം തേടുന്നു. യാതൊരു വികാരവുമില്ലാത്ത, നിശ്ചലവും നിശ്ചേതനവുമായ അന്തരംഗത്തിന്‍റെ പ്രതിരോധത്തിൽ അവർ സുരക്ഷിതത്വം തേടുന്നു.

പുതിയ ഭൂഖണ്ഡങ്ങൾ കണ്ടുപിടിക്കാനൊന്നും സാധിക്കില്ലെന്നറിയാം. എന്നാൽ ഓരോ വസ്തുവും സംഭവവവും തിരിച്ചും മറിച്ചും നോക്കേണ്ടതുണ്ട്. പുതിയ അറിവുകൾക്കും ആശയങ്ങൾക്കുമായി അന്വേഷിക്കേണ്ടതുണ്ട്. ജീവിക്കുന്നതിനിടയിൽ ജീവിതം നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. എങ്ങനെയാണ് ജീവിക്കേണ്ടതെന്നു ആലോചിക്കാൻ സമയമില്ല. സാമ്പത്തികമായ അന്തരമല്ല, ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിലെ അന്തരമാണ് പ്രധാനം. സാമ്പത്തികമായ സുരക്ഷിതത്വം നല്ലതാണ്; എന്നാൽ മാനസികമായ സുരക്ഷിതത്വം വലിയൊരു മതിൽക്കെട്ടു പോലെ ഉയർന്നു നിൽക്കുന്നത് മനസിനെ നശിപ്പിക്കും. ആത്മാവിൽ അരക്ഷിതമാകുന്നാണ് എഴുതാൻ നല്ലത്. എല്ലാറ്റിലും താൻ സ്വയംപര്യാപ്തനാണെന്നും ഏതിനും തന്‍റെ പക്കൽ ഉത്തരമുണ്ടെന്നും കരുതുന്നത് അപകടകരമാണ്.

സമീപകാലത്ത് എം.ആർ. അനിൽകുമാർ എഴുതിയ "ഏകാന്തതയുടെ മ്യൂസിയം' (ഡിസി) വായിച്ചു. 741 പേജുള്ള ഒരു ബൃഹദ് നോവലാണ്. തികച്ചും ഉത്തരാധുനികമായ സങ്കേതം ഉപയോഗിച്ചെഴുതിയതാണ്. സിദ്ധാർഥൻ എന്ന നായകൻ ഒരു പത്രപ്രവർത്തകനാണ്. അയാൾ അന്വേഷിക്കുന്നത് വേറൊരാളുടെ ബ്ലോഗിൽ പ്രത്യക്ഷപ്പെട്ട ഒരു നോവലിന്‍റെ രചയിതാവിനെക്കുറിച്ചാണ്. ആ എഴുത്തുകാരനെ തേടിയുള്ള യാത്രയാണ് നോവൽ. ചിലിയൻ നോവലിസ്റ്റ് റോബർട്ടോ ബൊലാനോയുടെ "2666'ൽ മൂന്നു വിമർശകർ ഒരു എഴുത്തുകാരനെ തേടിപ്പോകുന്നതിന്‍റെ വിവരണമുണ്ട്. കാലത്തിനിണങ്ങുന്ന ക്രാഫ്റ്റും ഭാവനയുടെ മായികമായ ഭാഷയും ശൈലിയും ആശയപരമായ നവീനതയുമാണ് "ഏകാന്തതയുടെ മ്യൂസിയ'ത്തെ അസാധാരണമാക്കുന്നത്.

പാരമ്പര്യത്തിന്‍റെ സ്ഥിരം ചാലുകളിൽ നിന്നു മാറി നടക്കുകയാണ് നോവലിസ്റ്റ്. ഇത് സമകാലികതയ്ക്ക് അർഥം നൽകുകയാണ്. 21ാം നൂറ്റാണ്ടിലെ പ്രധാന മലയാള നോവലുകളിലൊന്നായി ഭാവിയിലെങ്കിലും ഇതിനെ പരിഗണിക്കേണ്ടിവരും. സിദ്ധാർഥൻ കണ്ടുമുട്ടുന്ന എഴുത്തുകാരൻ ഉന്നതമായ ചിന്ത കൊണ്ടാണ് ആകർഷിക്കുന്നത്. അദ്ദേഹം പറയുന്നു: "ആധുനിക മനുഷ്യൻ ഒരു അസ്തിത്വത്തിന്‍റെ ഒരു കഷണം മാത്രമാണ്. വ്യക്തിയെന്ന ഏകാന്തതയാണവൻ. ഒരടഞ്ഞ മുറി. അയാൾ വലിയ വലിയ തിരക്കിലൂടെ, നഗരത്തിലൂടെ ഒഴുകിപ്പോകുന്ന ഒരു ചെറിയ മുറിയാണ്. ഇടുങ്ങിയ മുറി. അല്ലെങ്കിൽ നദിയിലെ ഏകാന്തമായ ഒരു രാത്രി ബോട്ടു പോലെയാണവർ. പക്ഷേ നഗര മധ്യത്തിലൂടെയാണ് ഒഴുക്ക്. ഒന്നിനും സമയമില്ലാതെ അവർ ഒഴുകുകയാണ്.'

എത്രയും പുതുമയുള്ള ആശയ ലോകമാണ് നോവലിസ്റ്റ് ഒരുക്കുന്നത്. സദാസമയവും തിരക്കുകൂട്ടുന്ന ആളുകൾക്ക് എന്താണ് സംഭവിക്കുന്നത്? എഴുത്തുകാരൻ അതിനു നൽകുന്ന ഉത്തരം ഇതാണ്: "ഏകാന്തതയിലും നിർത്താതെ ഒഴുകിക്കൊണ്ടിരിക്കുക. ഒരു തകരച്ചെണ്ട പോലെ ഒച്ചയുണ്ടാക്കിക്കൊണ്ടിരിക്കുക. അതാണവരുടെ ധർമം.'

സത്യം പറയാമല്ലോ, 2019 ൽ പ്രസിദ്ധീകരിച്ച ഈ നോവലിനെക്കുറിച്ച് ആദ്യമായിട്ടായിരിക്കും ഇതുപോലൊരു കുറിപ്പ് പ്രത്യക്ഷപ്പെടുന്നത്. ആരും എഴുതിക്കണ്ടില്ല. ഈ ലേഖകന്‍റെ ജലഛായ (2012) ശ്രീനാരായണായ (2014), വാൻഗോഗിന് (2017) എന്നീ നോവലുകളിൽ വ്യാജ യാഥാർഥ്യം എന്ന നൂതനമായ ഒരു സങ്കേതമാണ് പരീക്ഷിച്ചത്. അതെഴുതിയപ്പോൾ പ്രത്യേകമായ ഒരു അനുഭൂതി ലഭിച്ചു. അതിനു ശേഷം അനിൽകുമാറിന്‍റെ "ഏകാന്തതയുടെ മ്യൂസിയം' വായിച്ചപ്പോഴാണ് ഏതാണ്ട് സമാനമായ അവസ്ഥയിലൂടെ കടന്നുപോയത്.

രജത രേഖകൾ

1) മനുഷ്യ മനസിന്‍റെ പ്യൂപ്പയിൽ (കോശസ്ഥകീടം) നടക്കുന്നത് ചാർവാക ദർശനവും യോഗ ദർശനവും തമ്മിലുള്ള സംഘട്ടനമാണ്. മരണാനന്തര ജീവിതത്തെ, ദൈവത്തെ നിഷേധിച്ച് സുഖഭോഗങ്ങളിൽ മുഴുകാൻ യുക്തിയിൽ ആഹ്വാനം ചെയ്യുന്ന ചാർവാക ദർശനവും, അഹിംസയും സത്യവും സദാചാരവും ഉദ്ഘോഷിക്കുന്ന പതഞ്ജലീ ദർശനമായ യോഗയും തമ്മിലുള്ള ഈ സംഘട്ടനം ഓരോ നിമിഷത്തിലും, ഓരോ ഭാരതീയന്‍റെയും മനസിൽ, ചിന്തയുടെ പ്യൂപ്പയിൽ സംഭവിക്കുകയാണ്. ഇതിൽ ആരാണോ ജയിക്കുന്നത് അതാണ് ഒരുവന്‍റെ വിധി നിർണയിക്കുന്നത്. മനുഷ്യന്‍റെ രാഷ്‌ട്രീയ, ബൗദ്ധിക തിരഞ്ഞെടുപ്പുകളിൽ പോലും ഈ യുദ്ധം അന്തർഭവിച്ചിട്ടുണ്ട്. ചിത്രശലഭമാകുന്നതിനു മുമ്പുള്ള അവസ്ഥയാണ് പ്യൂപ്പ. മനുഷ്യ ചിന്ത വളർച്ച പ്രാപിക്കുന്നതിനു മുമ്പുള്ള സമയത്താണ് സംഘട്ടനത്തിലേർപ്പെടുന്നത്.

2) സ്വാമി ബോധിതീർഥ രചിച്ച "ഭാരതീയ ദർശനമഞ്ജരി' (ഓപ്പൺ ഡോർ മീഡിയ) മഹത്തായ ഭാരതീയ സാംസ്കാരിക പൈതൃകത്തിലേക്കുള്ള തീർഥാടനമാണ്. ഭാരതത്തിലെ എല്ലാ ദർശനങ്ങളെയും സ്വാമി ഇതിൽ വിവരിക്കുന്നു. ദർശനങ്ങൾ ആവിഷ്ക്കരിച്ച മുനിമാരെക്കുറിച്ചും എഴുതുന്നുണ്ട്. ഏറ്റവും ഒടുവിലത്തെ ലേഖനം വ്യാസമഹർഷിയെക്കുറിച്ചാണ്, വേദാന്ത ദർശനത്തെക്കുറിച്ചാണ്. സ്വാമി എഴുതുന്നു: "യമുനാ നദിയിലുള്ള ഒരു ദ്വീപിലാണ് വ്യാസൻ പിറന്നത്. കറുത്ത നിറമായിരുന്നു കുട്ടിക്ക്. ദ്വീപിൽ പിറക്കുകയും കൃഷ്ണവർണം ഉണ്ടായിരുന്നതിനാലും വ്യാസനു കൃഷ്ണദ്വൈപായനൻ എന്നു മറ്റൊരു പേർ വീണു. ഒന്നായിരുന്ന വേദത്തെ പകുത്തതിനാൽ വേദ വ്യാസൻ എന്നറിയപ്പെട്ടു. വേദസാരത്തെ സൂത്രരൂപത്തിലാക്കി ലോകത്തിനു സമർപ്പിച്ചത് വേദ വ്യാസനായിരുന്നു.'

3) ഒരു രാജാവ് ചത്തെന്നും ഇനി താൻ സ്വതന്ത്രനാണെന്നും പ്രഖ്യാപിക്കുകയാണ് ആഗസ്റ്റിൻ കുട്ടനെല്ലൂർ "ഒരു പുല്ലാങ്കുഴൽ സ്വപ്നം' (പ്രഭാതരശ്മി,മെയ്) എന്ന കവിതയിൽ. ഏതാണ് ആ രാജാവ്? സാങ്കല്പിക രാജാവായിരിക്കും. അല്ലെങ്കിൽ സ്വന്തം മനസിനെ തടവറയിലിട്ട അഹം എന്ന രാജാവായിരിക്കും. ഇതാണോ സ്വാതന്ത്ര്യ പ്രഖ്യാപനം?

"ഞങ്ങളുടെ രാജാവ് ചത്തു!

ഇനിയെനിക്ക്

പുഴുങ്ങിയ ഉരുളക്കിഴങ്ങ് മാത്രം

ഉപ്പിട്ടു തിന്നുന്ന

കാഞ്ഞ വയറുള്ള കർഷകർക്കൊപ്പം

കിരാതവും ഹീനവുമായ

ആ ദുരാത്മാവിന്‍റെ വിലക്കുകളുടെ

ശിലാ ശാസനങ്ങൾ

പിഴുതെറിയാനറിയാം.''

4) സർഗാത്മകത അവസാനിക്കുന്നില്ല. ഒരു വ്യക്തിയിൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ അതിനു മങ്ങലേൽക്കുന്നുണ്ടാകാം.എന്നാൽ അത് പതിന്മടങ്ങു ശക്തിയോടെ വേറൊരിടത്തു പ്രത്യക്ഷപ്പെടും.

എസ്. രമേശൻ നായർ എഴുതി:

"ഒരു കണ്ഠമിടറുമ്പോൾ

ആയിരം കണ്ഠത്തിൽ

സരിഗമ കൊളുത്തും

പരംപൊരുളേ''

വളരെ ശരിയായ നിരീക്ഷണമാണിത്.

5) സ്വന്തമായി പത്രമോ അക്കാദമിയോ പാർട്ടിയോ ഇല്ലാത്തതുകൊണ്ട് കഥാകൃത്ത് യു.പി. ജയരാജിനു സ്മാരകമില്ല.

6) ജീവിതത്തിന്‍റെ ദുരിതത്തിൽ നിന്നു രക്ഷപ്പെടാൻ ജർമൻ -ഫ്രഞ്ച് എഴുത്തുകാരൻ ആൽബർട്ട് ഷ്വൈറ്റ്സർ രണ്ട് മാർഗങ്ങളാണ് നിർദ്ദേശിക്കുന്നത്: സംഗീതവും പൂച്ചകളും.

7) ഇംഗ്ലീഷ് എഴുത്തുകാരി വിർജിനിയ വുൾഫ് ഒരു സ്ത്രീ എന്ന നിലയിൽ ജീവിതത്തെ കണ്ടെത്താൻ ശ്രമിച്ചു. സ്ത്രീകളും കഥകളും നമ്മുടെ മുന്നിൽ അവശേഷിപ്പിക്കുന്നത് പരിഹരിക്കാനാവാത്ത പ്രശ്നങ്ങളാണെന്നു വുൾഫ് പറഞ്ഞിട്ടുണ്ട്.

8) എൻജിഒ, അല്ലെങ്കിൽ സർക്കാർ വീക്ഷണമുള്ള കഥകളാണ് ഇന്നു മിക്കയിടങ്ങളിലും പ്രാധാന്യത്തോടെ അച്ചടിച്ചു വരുന്നത്. കാട്ടിൽ നിന്നു കുതറിയോടി നാട്ടിലേക്ക് വന്നു അക്രമം കാട്ടുന്ന ഒരു പന്നിയെ പോലെയാകണം കഥ. പന്നിക്ക് മുൻകാല മാതൃകകളില്ല. അത് പരിഭ്രാന്തമായി ഓടുകയാണ്. എന്നാൽ മലയാളത്തിൽ ഇന്നു കഥ കൂട്ടിലിട്ടു വളർത്തുന്ന തത്തയെപ്പോലെയാണ്. പഠിപ്പിച്ചു കൊടുക്കുന്നതിനപ്പുറം അത് പറയില്ല.

ബെല്ലിന്‍റെ നിയന്ത്രണം ബസ് കണ്ടക്റ്റർക്ക്, വ്യക്തിപരമായ വിഷയങ്ങളിൽ ഇടപെടില്ല: ഗണേഷ് കുമാർ

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌