സ്വയം അനുകരിക്കുന്നവർ
എം.കെ. ഹരികുമാർ
മലയാളകഥ ഒരു എൻജിഒ അല്ലെങ്കിൽ ക്ലറിക്കൽ ലോകത്ത് ചുറ്റിക്കറങ്ങുകയാണ്. ഒരു ക്ലിനിക്കൽ നിലവാരമെങ്കിലും കൊണ്ടുവരുന്നത് വളരെ കുറച്ചു കഥകൾ മാത്രമാണ്. ക്ലിനിക്കൽ നിലവാരമെന്നു പറഞ്ഞത്, വായിച്ചാൽ ഒരു ശരാശരി കഥയാണെന്ന് തോന്നും, എന്നാൽ അത് വായിച്ചതുകൊണ്ട് ആത്മീയമായ മേൽഗതിയോ അനിശ്ചിതമായ ജീവിതത്തെക്കുറിച്ചുള്ള അറിവോ ലഭിക്കുകയില്ല. വെറുതെ വായിച്ചു മറക്കാം, അല്ലെങ്കിൽ നിരാശപ്പെടാം.
എഡ്ഗാർ അലൻ പോയുടെ 'ദ മർഡർ ഇൻ ദ റൂ മോർഗ്' ഒരു നീണ്ടകഥയാണ് രണ്ടു സ്ത്രീകൾ അടച്ചിട്ട മുറിയിൽ കൊല്ലപ്പെടുന്നു. പൊലീസ് അന്വേഷിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. എന്നാൽ സി. അഗസ്റ്റിൻ ഡ്യൂപിൻ എന്ന അന്വേഷകൻ അത് വിശദമായി പഠിച്ച്, വ്യാഖ്യാനിച്ചു കൊലപാതകിയെ കണ്ടെത്തുന്നു. ആ കൊല ചെയ്തത് ഒരു നാവികന്‍റെ സ്വന്തമായ ഒറാംഗുട്ടാങ് ആയിരുന്നു. ഈ കഥയിലെ പ്രധാന ആകർഷണം കഥ പറയാൻ പോ അവലംബിക്കുന്ന യുക്തിയും വിശകലനപാടവവുമാണ്. അന്വേഷകൻ യുക്തിയിലൂടെ സകല മാർഗങ്ങളും ആരായുന്നു. മനുഷ്യന്‍റെ യുക്തിവിചാരത്തിന്‍റെ നല്ലൊരു ദൃഷ്ടാന്തമാണിവിടെ കാണുന്നത്. മലയാളകഥയിൽ വ്യത്യസ്തമായ പ്രമേയങ്ങളില്ല. മിക്കവാറും എഴുത്തുകാരും തങ്ങളെത്തന്നെ അനുകരിക്കുകയാണ്. ഒരു സുരക്ഷിത മേഖല- കംഫർട്ട് സോൺ - ഉറപ്പാക്കിക്കൊണ്ടാണ് എഴുതുന്നത്. ഒരു കഥയെഴുതാൻവേണ്ടി അൽപ്പമെങ്കിലും കഷ്ടപ്പെടാൻ തയാറല്ല. മികച്ച ഭാവന പോലും കാണാനില്ല. വളരെ എളുപ്പത്തിൽ പരിഹരിക്കാവുന്നതും ലളിതവുമായ ജീവിതസൂത്രങ്ങളാണ് അവലംബിക്കുന്നത്. സെൽഫ് ഹെൽപ്പ് പുസ്തകങ്ങളെ ആശ്രയിച്ചു എഴുതുന്നവരുമുണ്ടെന്നു ചില കഥകൾ സൂചിപ്പിക്കുന്നു. ഒരു കഥ സർഗാത്മകമായ സഞ്ചാരത്തിന്‍റെ തീക്ഷ്ണമുഖമായിരിക്കേണ്ടതുണ്ട്. എഴുതേണ്ടതിന്‍റെ ആവശ്യകതയുണ്ട്. ഒരു ഓണത്തിന് സർക്കാർ ഉടമസ്ഥതയിലെ ചില കടകളിൽ ഉണ്ടാകാറുള്ള ഇളവുകൾ പോലെ എല്ലാവരും ഭൗതികമായി സ്വാഗതം ചെയ്യുന്ന കഥകളാണ് ഇപ്പോഴുള്ളത്. ഒന്നും നമ്മെ സ്പർശിക്കില്ല; ചിന്തിപ്പിക്കുന്നില്ല. വേദനിപ്പിക്കുന്നില്ല, കരയിപ്പിക്കുന്നില്ല. അത് എഴുതപ്പെടുന്നു, പ്രസിദ്ധീകരിക്കപ്പെടുന്നു. അത്രമാത്രം. അത് ആരെയും അലട്ടുന്നില്ല. ജീവിതത്തിൽ നിന്നകന്ന എഴുത്താണ് ഇപ്പോൾ കാണാനുള്ളത്.
ശൈലി കാഴ്ചപ്പാടാണ്
ജീവിതത്തെ തൊട്ടാൽ മാത്രമേ അലട്ടലുണ്ടാവൂ. സാഹിത്യപരമായ ധാരയിൽ പ്രവേശിക്കാൻ പ്രയാസമുള്ളവരെല്ലാം ഇത്തരം കഥകൾ എഴുതിക്കൊണ്ടിരിക്കും. എഡ്ഗാർ അലൻ പോ മരണം, നഷ്ടം, വേർപാട് തുടങ്ങിയ വിഷയങ്ങളാണ് എഴുതിയിരുന്നത്. എന്തിനാണ് നമ്മൾ ആരെയും സ്പർശിക്കാത്ത വിഷയങ്ങൾ എഴുതുന്നത്? വലിയ രോഗപ്രതിരോധശേഷി പോലെ, യാതൊന്നും തങ്ങളെ സ്പർശിക്കുകയില്ലെന്നു ഉറപ്പുവരുത്തിയവരുണ്ട്. സ്വന്തം വ്യസനം മാത്രമേ അവർക്ക് മനസിലാവുകയുള്ളൂ. ജീവിതത്തിന്‍റെ ദുർഗ്രഹതയിലേക്ക് ചിന്തയെ നയിക്കാനാകണം. രാവിലെ സൂര്യനുദിക്കുന്നു, വൈകിട്ട് അസ്തമിക്കുന്നു, നാലുനേരം ഭക്ഷണം കിട്ടുന്നു, അതുകൊണ്ട് വേറൊരു രഹസ്യവും ലോകത്തില്ല എന്ന നിലപാട് എഴുത്തുകാർ സ്വീകരിക്കാൻ പാടില്ല. ആലോചിക്കുന്നവനു മാത്രമേ പ്രതിസന്ധിയുള്ളൂ. ആലോചിക്കാത്തവൻ തുച്ഛമായ വിഷയങ്ങളെ മഹത്വവത്കരിച്ചെഴുതും. അതാണ് വായനക്കാരൻ നേരിടുന്ന പ്രതിസന്ധി.
സി. റഹീമിന്‍റെ "കെട്ടുകുതിര'(ഗ്രന്ഥാലോകം, സെപ്റ്റംബർ) കാവിലെ ഉത്സവത്തിന്‍റെ പശ്ചാത്തലത്തിൽ പറഞ്ഞ ഒരു സാധാരണ കഥയാണ്. അതിലുപരി ഇത് പതിറ്റാണ്ടുകൾക്കു മുമ്പുള്ള ഒരു ആഖ്യാനശൈലിയിലാണ് എഴുതിയിരിക്കുന്നത്. ഒരു ശൈലിയിൽ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അടങ്ങിയിരിക്കുന്നു. കഥാകൃത്ത് കാലഘട്ടത്തെ താനുമായി ബന്ധപ്പെടുത്തി മനസിലാക്കുന്നതിലാണ് ശൈലിയുടെ പിറവി. അത് വ്യക്തിഗതമായ മനോഭാവമാണ്. കഥാകൃത്തിന്‍റെ മനോഭാവം അർഥപൂർണമായ ഒരാവിഷ്കാരമാകുന്നതിന്‍റെ പ്രത്യക്ഷമായ അടയാളമാണ് ശൈലി. അത് കാലഹരണപ്പെട്ടത് അല്ലെങ്കിൽ വളരെ പഴയത് ആയിരിക്കുന്നത് സമകാലിക ജീവിതത്തെ ഉൾക്കൊള്ളുന്നതിൽ, അതിനോട് പ്രതികരിക്കുന്നതിൽ, അതിന്‍റെ പ്രത്യക്ഷതയിലുള്ള വൈകാരിക പ്രശ്നങ്ങൾ മനസിലാക്കുന്നതിൽ പരാജയപ്പെട്ടു എന്നാണ് അർഥമാക്കുന്നത്. സി. റഹീമിനു ഈ ലോകത്തിലെ സങ്കീർണമായ ജീവിതപ്രശ്നങ്ങളുമായി ബന്ധമില്ല. കൊണ്ട് അദ്ദേഹത്തിനു ആഴം കുറഞ്ഞ ബോധ്യങ്ങൾ ഉത്പാദിപ്പിച്ച ഭാഷയിൽ ഒതുങ്ങേണ്ടിവരുന്നു.
കണക്കൂർ ആർ. സുരേഷ്കുമാറിന്‍റെ "താംബൂലദൗത്യം'(ഒരുമ ഓണപ്പതിപ്പ്) എന്ന കഥയിൽ ഏതോ കാലത്തിലെ വിലകെട്ട ഒരു പ്രമേയമാണ് പൊടി തട്ടി എടുത്തുകൊണ്ടുവന്നിരിക്കുന്നത്. "പണ്ട് നമ്മുടെ കരയിലെ ഏറ്റവും സുന്ദരിയായ പെണ്ണായിരുന്നു മീന. അവളോട് പണ്ട് ചേട്ടനു ഒരിഷ്ടം തോന്നി. അവൾക്ക് തിരിച്ചും. അവളുടെ ആ ഇഷ്ടം ബലപ്പെട്ടു. പക്ഷേ അവളുടെ അച്ഛൻ സമ്മതിച്ചില്ല. ഒരു അലമ്പന് മകളെ കൊടുക്കില്ല എന്നയാൾ വാശിപിടിച്ചു. മകളെ നാടുകടത്തി."ഇതുപോലെ അച്ഛൻ ഹിറ്റ്ലർമാരെ പൊക്കിയെടുത്ത് പ്രതിഷ്ഠിക്കുന്ന വാക്യങ്ങളെഴുതാൻ ഈ കാലത്ത് കഥാകൃത്തിന് എങ്ങനെ സാധിക്കുന്നു? ഇതൊക്കെ സിനിമകളിൽ വന്നിട്ടുള്ളതാണ്. യാതൊരു പ്രതീക്ഷയുമില്ലാത്ത എഴുത്താണിത്. ഒരു കഥാകൃത്ത് കാലത്തിന്‍റെ വേദനയിലേക്ക് പ്രവേശിക്കണം. അതിനെയാണ് സെൻസിറ്റിവിറ്റി എന്നു പറയുന്നത്. സമൂഹത്തിലെ ഒരു സംഭവത്തെ വൈകാരികമായി അനുഭവിക്കാൻ കഴിയണം. അതിൽ നിന്നുരുത്തിരിയുന്ന മൗലികമായ ചിന്തകൾ പ്രധാനമാണ്. ഇ കഥ വായിച്ചതുകൊണ്ട് എന്താണ് പ്രയോജനം?
നഗ്നമായ സ്നേഹം
"ഉമ്മവയ്ക്കുമ്പോൾ
സ്നേഹച്ചുണ്ടുകൾ
തൊടുന്നു ഞാൻ.
പുണരും നിമിഷത്തിലോ
നീ തന്നെയാകുന്നു ഞാൻ.
നിന്നിൽ ഞാനില്ലാതായി.
നീയെന്നിലതുപോലെ
സ്നേഹത്തി-
ന്നവതാരമായി നാം,
നാമില്ലിപ്പോൾ;
ശേഷിപ്പതൊന്നേയൊന്ന്...
സ്നേഹമെന്നതാം സത്യം.'
രാജൻ കൈലാസിന്‍റെ "സ്നേഹവും ഇഷ്ടവും'(സ്ത്രീശബ്ദം, സെപ്റ്റംബർ) എന്ന കവിതയിലെ വരികളാണിത്. സ്ത്രീധനപീഡനവും ദുർമരണവും വെറുപ്പും വാഴുമ്പോൾ ഒരു കവി യഥാർഥമായ, നഗ്നമായ സ്നേഹത്തിനു വേണ്ടി എല്ലാ ഹിറ്റ്ലർ അപ്പൂപ്പൻമാരെയും തൃണവത്ഗണിച്ചുകൊണ്ട് ധീരമായി എഴുതുന്നതാണ് നാം കാണുന്നത്.
വില്യം അഡോൾഫി ബോഗുറെയോവിന്‍റെ "ദ റാപ്ചർ ഒഫ് സൈക്ക്' എന്ന ഒരു പെയിന്‍റിങ്ങുണ്ട്. രണ്ടുപേർ, കമിതാക്കൾ അൽപ്പവസ്ത്രത്തോടെ, പ്രേമിച്ച്, ആലിംഗനം ചെയ്തു നിൽക്കുകയാണ്. കാണികൾക്ക് അഭിമുഖമായാണ് അവരുടെ നിൽപ്പ്. അവൾ സ്തനങ്ങൾ കൈകൊണ്ട് മറച്ചിട്ടുണ്ട്. അതുകൊണ്ട് അവർ നഗ്നത ഒരിക്കലും ഒരു ആഘോഷമാക്കിയിട്ടില്ലെന്നു പറയരുത്. അവർ നഗ്നതയിൽ രമിക്കുന്നു. അവർക്ക് നഗ്നത ബാലികേറാമലയല്ല. കമിതാക്കളുടെ സ്നേഹത്തിൽ സാമൂഹ്യസ്ഥാപനങ്ങൾ എത്തിനോക്കുന്നതിനെ അവർ എതിർക്കുന്നു. അതുകൊണ്ടാണ് അവർ അൽപ്പവസ്ത്രധാരികളായി, കാണികൾ കാണത്തക്കവിധം നിൽക്കുന്നത്. ഈ ചിത്രത്തിലെ കമിതാക്കളുടെ ധൈര്യം പോലും ഇന്നത്തെ കഥാകൃത്തുക്കൾക്കില്ല. ഡി.എച്ച്. ലോറൻസ് നോവലിൽ ലൈംഗികത കണ്ടുപിടിച്ചത് പോലെ എഴുത്തുകാർ അവരുടെ സമൂഹത്തിലെ അന്തഃസംഘർഷങ്ങളുടെ ഉറവിടങ്ങളിലേക്ക് ചെല്ലണം. അത് എങ്ങനെയാണ് ഒരു കലാവസ്തുവായി പ്രത്യാനയിക്കപ്പെടേണ്ടതെന്ന് ആരായണം.
അമെരിക്കൻ എഴുത്തുകാരൻ ബിൽ ബാരിച്ച് പറഞ്ഞു: "ഒരു നല്ല എഴുത്തുകാരൻ സമൂഹത്തിൽ ഇടപഴകി ചിരപരിചിതനായിരിക്കാൻ ഇഷ്ടപ്പെടുന്നില്ല. അയാൾ സ്വന്തം ബോധ്യത്തിൽ, സ്വന്തം വിലയിരുത്തലുകളിൽ ഉറച്ചുനിൽക്കും. അതിലൂടെ വായനക്കാരുടെ കണ്ണുകളെ സ്ഥിരം ചാലിൽ നിന്ന് പിൻവലിപ്പിച്ച് വസ്തുക്കളെ പുതിയ രീതിയിൽ കാണാൻ സഹായിക്കും'. ഇങ്ങനെയുള്ള ശ്രദ്ധ മലയാളകഥയിൽ, പ്രത്യേകിച്ച് കഥയുടെ ഓണക്കാലത്തെ ധാരാളിത്തത്തിൽ കാണാനില്ല. അയ്മനം ജോണിന്‍റെ "കുചേലവൃത്തത്തിന്‍റെ ദിവസം'(ദേശാഭിമാനി ഓണം വിശേഷാൽപ്രതി) എന്ന കഥയുടെ തുടക്കത്തിൽ തന്നെ പ്രധാന കഥാപാത്രത്തിന്‍റെ വിദ്വേഷ മൂരാച്ചിത്തരത്തെ തൊട്ടുതലോടി കഥാകൃത്ത് അഭിമാനിക്കുന്നത് കാണാം. തന്‍റെ വീട്ടിൽ വന്ന് കോളിങ് ബെല്ലടിക്കുന്നവനെ പോലും പുച്ഛത്തോടെ കാണുകയാണ് ഒരുവൻ. ആ ഭാഗം ഇതാണ്:"സാധാരണ മട്ടിലാണ് ബെല്ലടിക്കുന്നതെങ്കിൽ അത് പതിവ് സന്ദർശകനാരോ തന്നെ എന്നുറപ്പിക്കും. അതല്ല മര്യാദകെട്ട മട്ടിലാണ് അടിക്കുന്നതെങ്കിൽ പഞ്ചായത്തിലെയോ പബ്ലിക് ഹെൽത്തിലെയോ വില്ലെജ് ഓഫിസിലെയോ ഇലക്‌ട്രിസിറ്റി ഓഫിസിലെയോ മറ്റോ ജനസേവകരിൽ ആരെങ്കിലുമെന്ന് കരുതും. അക്ഷമയോടെ ഒന്നിനു പിന്നാലെ മറ്റൊന്നായി ബെൽ ശബ്ദം മുഴക്കുമ്പോൾ തപാൽക്കാരനെയോ കൊറിയർ വിതരണക്കാരനെയോ മറ്റോ ആയിരിക്കും പ്രതീക്ഷിക്കുക. ഇനി കുറച്ചൊരു സങ്കോചത്തോടെ 'ക്ണിം' എന്നു മാത്രം ബെല്ലടിച്ചാൽ ഏതോ കാര്യസാധ്യത്തിനെത്തിയ ഒരാളെന്നോ സഹായാഭ്യർഥനയുമായി വിനയാന്വിതനായി നിൽക്കുന്ന ഒരപരിചിതനെന്നോ കണക്കുകൂട്ടും. ഇപ്പറഞ്ഞ അനുമാനങ്ങളെല്ലാം ഒട്ടു മിക്കപ്പോഴും ശരിയാകുകയാണ് പതിവ്.'
ലോകത്തെ പുച്ഛിക്കരുത്
കഥാകൃത്ത് വീണ്ടുവിചാരമില്ലാത എഴുതിയ ജീർണവാക്യങ്ങളാണിത്. അയ്മനം ജോൺ ഏതോ ഉയർന്ന ജോലിയിൽ പ്രവർത്തിച്ച ആളായിരുന്നുവെന്നാണ് കരുതുന്നത്. അന്ന് തന്നെ ആരെങ്കിലും കാണാൻ വരുമ്പോൾ ഇങ്ങനെ തരംതിരിച്ചാണോ കണ്ടിരുന്നതെന്ന് അറിയില്ല. മറ്റുള്ളവരോട് വല്ലാത്ത അകലം പാലിച്ച്, അർഥശൂന്യമായ പുച്ഛം സമ്പാദിച്ച ഒരുവനു മാത്രമേ ഇത്തരം വൃത്തികെട്ട രീതിയിൽ ചിന്തിക്കാനാകൂ. ഈ കഥാപാത്രം തന്‍റെ വീട്ടിൽ സ്ഥാപിച്ച കോളിങ് ബെല്ലിൽ പോലും വിദ്വേഷത്തിന്‍റെ എൻജിനീയറിങ് സാധ്യമാക്കിയിരിക്കുകയാണ്. ഒരു കഥാപാത്രത്തിലേക്കുള്ള പരകായപ്രവേശമായി ഈ പ്രസ്താവനയെ ലഘൂകരിക്കാനാവില്ല. ഇത് കഥാകൃത്തിന്‍റെ മനസിൽ അടിഞ്ഞുകൂടിയിരിക്കുന്ന വിദ്വേഷമായി വായനക്കാർ ധരിക്കുകയാണെങ്കിൽ അതിനെ എങ്ങനെ പ്രതിരോധിക്കാനാകും. പഞ്ചായത്തിലെയോ പബ്ലിക് ഹെൽത്തിലെയോ ആളുകൾ വീട്ടിൽ വന്നാൽ അവർ മര്യാദകെട്ട രീതിയിൽ കോളിങ് ബെൽ അടിക്കുന്നുവെന്ന് എഴുതിവയ്ക്കുന്ന പിന്തിരിപ്പൻ കഥാകൃത്തുക്കളാണ് ഇപ്പോൾ മലയാളത്തിലുള്ളതെന്ന് ആരെങ്കിലും പറഞ്ഞാൽ അവരോടു വിയോജിക്കുന്നവർ കുറവായിരിക്കും. ഒരു കഥാപാത്രത്തെ കൊണ്ട് നമുക്ക് എന്തും ചെയ്യിക്കാം. ആരെ വേണമെങ്കിലും ആക്ഷേപിക്കാൻ കൂട്ടുനിൽക്കാം. എന്നിട്ടും അതെല്ലാം കഥാപാത്രത്തിന്‍റെ ചിന്തകൾ മാത്രമാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കാം. പക്ഷേ എല്ലാ ചിന്തകളുടെയും അണുക്കൾ കഥാകൃത്തിന്‍റെ മനസിൽ നിന്നാണ് വരുന്നത്. കഥാകൃത്തിന്‍റെ ചിന്ത തന്നെയാണത്.
കഥാകൃത്തിൽ നന്മയും തിന്മയും അടങ്ങിയിരിക്കുന്നു. ഇതൊരു മനഃശാസ്ത്രപ്രശ്നമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വെറുക്കുക, അത് ഒളിപ്പിച്ചുവയ്ക്കുക, അതിന്‍റെ മറുവശത്താണ് താനെന്നു സ്ഥാപിച്ചുകൊണ്ട് മറ്റൊരു വാദം പുറമേ ഉന്നയിക്കുക- ഇതാണ് മിക്ക എഴുത്തുകാരുടെയും രാഷ്ട്രീയചിന്തകളുടെയും അടിത്തറ.
അയ്മനം ജോൺ എഴുതിയ 'നാട്ടുനടപ്പ്'(പച്ചക്കുതിര, സെപ്റ്റംബർ) എന്ന കഥ അമ്പത് വർഷം മുമ്പ് എഴുതേണ്ടതായിരുന്നു. യാതൊരു വികാരവും ജനിപ്പിക്കാത്ത നിർജീവമായ കഥ. ഒരു ആൽത്തറ സംഘത്തെപ്പറ്റി പറഞ്ഞുകൊണ്ടാണ് കഥ തുടങ്ങുന്നത്. ചിലർ ഇങ്ങനെയാണ്. അവർ എത്ര വയസായാലും ജീവിക്കുന്ന ലോകത്തെ മനസിലാക്കാൻ ശ്രമിക്കില്ല. എപ്പോഴും തല തിരിച്ചു പിറകോട്ട് നോക്കിക്കൊണ്ടിരിക്കും. കോളെജിൽ പഠിക്കുന്ന കാലത്ത് തിരുനക്കര മൈതാനത്ത് കൂട്ടുകാരുമൊത്ത് സൊറ പറഞ്ഞതും പന്തയംവച്ചതും വലിയ സംഭവമായി വിവരിക്കും. ഒരു ഓർമ എഴുതാൻ പറഞ്ഞാൽ പല തവണ ആവർത്തിച്ച ഈ കഥ തന്നെ അവതരിപ്പിക്കും. എന്നാൽ ജീവിക്കുന്ന ഒരാളിന് പശമയുള്ള എന്തെല്ലാം ഓർമകൾ ഉണ്ടാവും ! മറ്റൊരാളിനോട് അൽപ്പമെങ്കിലും സ്നേഹം തോന്നിയാലേ ഓർമകൾക്ക് പ്രസക്തിയുണ്ടാവൂ. നഷ്ടപ്പെട്ട ജീവിതത്തെ തിരികെ കൊണ്ടുവരുന്ന ശക്തിയാണ് ഓർമ. ഓർക്കുന്തോറും നാം വീണ്ടും ജീവിക്കുകയാണ്, ഉയർത്തെഴുന്നേൽക്കുകയാണ്. ഓർക്കാതിരുന്നാൽ വകതിരിവില്ലാത്ത ഒരു നന്ദികെട്ടവനായി മാറും. ഓർക്കുന്തോറും പഴയതെല്ലാം പുതിയതാവുകയാണ്. പക്ഷേ ഒരേ ഓർമ തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നവർക്ക് ഈ സിദ്ധിയില്ല.
ആൽത്തറ സംവാദകമാക്കെ പലരും എഴുതിയതാണ്. യാതൊന്നും എഴുതാനില്ലാത്തതുകൊണ്ടാവാം ഒരു ആൽത്തറ സംഘത്തിലേക്ക് തിരിഞ്ഞത്. പ്രചോദനമില്ലെങ്കിൽ, അർഥവത്തായ ആലോചനകൾക്കു മനസ് അശക്തമാണെങ്കിൽ എഴുതാതിരിക്കുന്നതാണ് നല്ലത്. ബഷീർ മുപ്പത് വർഷത്തോളം എഴുതാതിരുന്നു. അത് അദ്ദേഹത്തിന്‍റെ അഭിമാനമാണ്. എന്നാൽ പൊള്ളയായ കഥകൾ വീണ്ടുംവീണ്ടും എഴുതി പരാജയപ്പെടുന്നവർ സ്വയം അപമാനിക്കുകയാണ് ചെയ്യുന്നത്.
രജതരേഖകൾ
1. ആധുനികതയുടെ കാലത്തും അതിനുശേഷവും സന്ദിഗ്ധവും വിഭ്രാമത്മകവുമായ മനുഷ്യാവസ്ഥയെ വിവരിക്കാൻ കാഫ്കയെസ്ക് എന്ന പദം ഉപയോഗിക്കുന്നതായി റഷീദ് പാനൂർ (പച്ചമലയാളം, സെപ്റ്റംബർ) എഴുതുന്നുണ്ട്. ഇത് വി. രാജകൃഷ്ണൻ "ചെറുകഥയുടെ ഛന്ദസ്' എന്ന പുസ്തകത്തിൽ ചൂണ്ടിക്കാണിച്ചത് പാനൂർ ഓർമിപ്പിക്കുന്നു. കാഫ്കയെസ്ക് എന്നാൽ ചെക്ക് എഴുത്തുകാരനായ ഫ്രാൻസ് കാഫ്കയുടെ കൃതികളിൽ കാണുന്ന തരത്തിലുള്ള ഒറ്റപ്പെടൽ, കാരണം ഇല്ലാതെയുള്ള പീഡനം, സന്ദിഗ്ധത തുടങ്ങിയ അവസ്ഥകളാണ് ഉദ്ദേശിക്കുന്നത്.
2. കലയുടെ കാര്യത്തിൽ ജനാധിപത്യപരമായ രീതിയിൽ വോട്ടിനിട്ട് വിജയിയെ പ്രഖ്യാപിക്കാനാകില്ല. അതുകൊണ്ടുതന്നെ അവാർഡ് കമ്മിറ്റികളോ ഭൂരിപക്ഷാഭിപ്രായമോ ഒരു അന്തിമതീർപ്പല്ല. റിച്ചാർഡ് ബാക് എഴുതിയ "ജൊനാഥൻ ലിവിങ്സ്റ്റൺ സീഗൾ' എന്ന നോവൽ ഇരുപത്തഞ്ച് പ്രസാധകർ തള്ളിക്കളഞ്ഞതാണ്. എന്നാൽ ഈ കൃതി ഇന്ന് ഇരുപതാം നൂറ്റാണ്ടിലെ എണ്ണപ്പെട്ട ഒന്നാണ്. ശങ്കരാചാര്യരുടെ കൃതികൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ജയിക്കില്ല. പക്ഷേ അതിനു മൂല്യമുണ്ട്.
3. സക്കറിയയുടെ "ട്രൂ സ്റ്റോറി ഒഫ് എ റൈറ്റർ, എ ഫിലോസഫി ആൻഡ് എ ഷേപ്പ് ഷിഫ്റ്റർ' എന്ന നോവലിനെക്കുറിച്ച് എതിരവൻ കതിരവൻ എഴുതിയ ലേഖനം (വിപ്ലവങ്ങൾക്കുശേഷം എന്ത് സംഭവിക്കണം? സക്കറിയയുടെ മാനിഫെസ്റ്റോ, മാതൃഭൂമി ആഴ്ചപ്പതിപ്പ് , സെപ്റ്റംബർ 14) കുറേക്കൂടി സംവേദനക്ഷമമായി എഴുതാമായിരുന്നു. ഇംഗ്ലിഷ് നോവൽ എന്ന നിലയിൽ ഇത് എത്ര മലയാളികൾ വായിച്ചിട്ടുണ്ട് എന്നറിയില്ല. അതുകൊണ്ട് നോവലിനെ നന്നായി പരിചയപ്പെടുത്താമായിരുന്നു. സക്കറിയ ആധുനികവും അനന്തരവുമായ അവസ്ഥകളെ വർത്തമാന സാഹചര്യങ്ങളുമായി ബന്ധിപ്പിച്ച് ആഴത്തിൽ പരിശോധിക്കാൻ ശേഷിയുള്ള എഴുത്തുകാരനാണ്. എന്നാൽ ഈ നോവലിനെക്കുറിച്ച് അവ്യക്തമായ ഒരു ധാരണയാണ് ലേഖനം സൃഷ്ടിക്കുന്നത്.
4. സാവിത്രി രാജീവൻ നല്ല കവിതകൾ എഴുതിയിട്ടുണ്ട്. വസ്തുവിനെ മൗലികമായി കാണാൻ സിദ്ധിയുള്ള കവിയാണ്. എന്നാൽ 'അയ്യപ്പപ്പണിക്കരും ഗുലാം ഷെയ്ഖും'(മാതൃഭൂമി ആഴ്ചപ്പതിപ്പ്, സെപ്റ്റംബർ 7-13) എന്ന കവിത എന്തിനെഴുതിയെന്ന് മനസിലാകുന്നില്ല. ഗുലാം മുഹമ്മദ് ഷെയ്ഖ് എന്ന ചിത്രകാരൻ വർഷങ്ങൾക്കു മുമ്പ് അയ്യപ്പപ്പണിക്കർക്ക് ഒരു കത്തയച്ചു. അത് "കേരളകവിത'യിൽ ചേർക്കാൻ തീരുമാനിച്ചു. എന്നാൽ ആ കത്തിൽ ഷെയ്ഖ് ഏതോ ഒരു ഭാഗം വെട്ടി വായിക്കാൻ പറ്റാതാക്കിയിരുന്നു. ഇത് കണ്ട് അയ്യപ്പപ്പണിക്കർ അത് ഒരു ചിത്രമാണെന്നു വ്യാഖ്യാനിച്ചു. ഇതാണ് സാവിത്രി രാജീവൻ എഴുതിയിരിക്കുന്നത്. എന്തിനാണ് ഇത് കവിത എന്ന പേരിൽ അവതരിപ്പിക്കുന്നത് ? രണ്ടു പേജാണ് കവിത അപഹരിച്ചത്. സാവിത്രിക്ക് ഈ സന്ദർഭം എത്രയോ നല്ല രീതിയിൽ ഉപയോഗിക്കാമായിരുന്നു.
5. അരുന്ധതി റോയിയുടെ ആത്മകഥ "മദർ മേരി കംസ് ടു മി'ഇപ്പോൾ വാർത്തകളിലുണ്ട്. കൊച്ചിയിൽ ഔപചാരികമായ പ്രകാശനവും ഉണ്ടായിരുന്നു. അമ്മ മേരി റോയിയുമായുള്ള ബന്ധമാണ് പുസ്തകത്തിലെ വിഷയം. ഇതുപോലൊരു പുസ്തകമാണ് ലോകപ്രശസ്തമായ ആയുർവേദ ഹെർബൽ ബ്യൂട്ടി കെയർ സ്ഥാപകയായ ഷഹനാസ് ഹുസൈനെക്കുറിച്ച് മകൾ നിലോഫർ കറിംഫോയ് എഴുതിയ "ഫ്ളെയിം: ദ ഇൻസ്പൈറിങ് ലൈഫ് ഒഫ് മൈ മദർ ഷഹനാസ് ഹുസൈൻ'(2012).
എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് എങ്ങനെയാണ് ഷഹനാസ് ഹുസൈൻ ഒരു വലിയ സംരംഭകരായി വളർന്നതെന്ന് വിവരിക്കുകയാണ് നിലോഫർ. "മദർ മേരി കംസ് ടു മി'(2013) എന്ന പേരിൽ മറ്റൊരു പുസതകമുണ്ട്. ക്രിസ്ത്യൻ പ്രബോധകനായ ഡെനിസ് ദത്ത് ആണ് രചയിതാവ്. 1981ൽ ആറ് കുട്ടികൾക്ക് വിശുദ്ധ കന്യാമറിയത്തിന്‍റെ അനുഭവവെളിപാട് ഉണ്ടായതിന്‍റെ പേരിൽ പ്രശസ്തമായ മെഡ്ജുഗോർജി (ബോസ്നിയ ഹെർസ്ഗോവിന) എന്ന പട്ടണത്തിൽ നിന്നുള്ള സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ എഴുതിയതാണ് ഈ കൃതി. ഇതിൽ മേരി എന്ന് വിളിക്കുന്നത് കന്യാമറിയത്തെയാണ്. അരുന്ധതി റോയി ഈ പുസ്തകത്തെക്കുറിച്ച് അറിയേണ്ടതാണ്. ഇനി മറ്റൊരു കൃതി കൂടിയുണ്ട്. കാരൻ ഹെഡ്, കോളിൻ കാലി എന്നിവർ ചേർന്ന് എഡിറ്റ് ചെയ്ത "മദർ മേരി കംസ് ടു മി '(2020) എന്ന പുസ്തകം ഒരു പോപ് കൾച്ചർ കവിതാ സമാഹാരമാണ്. കന്യാമറിയത്തെ ആസ്പദമാക്കി എഴുതിയ കവിതകളാണ് ഇതിലുള്ളത്. ഒരാൾക്ക് സ്വന്തം അമ്മയെക്കുറിച്ച് എഴുതാനുള്ള പ്രചോദനം ഈ പുസ്തകം നൽകാതിരിക്കില്ല.
6. ആത്മാവിനെ മഥിക്കുന്ന വേദനയ്ക്കിടയിലും അസുലഭമായ പ്രത്യാശയെക്കുറിച്ചാണ് ശ്രീകല ചിങ്ങോലി "പറയാതിരുന്നത്'(ആശ്രയ മാതൃനാട്, സെപ്റ്റംബർ) എന്ന കവിതയിലെഴുതുന്നത്. മറഞ്ഞുപോയിരുന്ന പ്രതീക്ഷ മെല്ലെ പൂവിടുന്നത് കവി ഓർത്തെടുക്കുന്നു. മാനസികമായ അതിജീവനം ഒരു സന്ദേശമാണ്.
"വിണ്ടുകീറിയ ചെങ്കനൽച്ചാലുകൾ
ഒക്കെയേറ്റുനടക്കുമ്പോഴുച്ചയിൽ
പാറി വന്നു നിഴലായ് മറഞ്ഞു പോം മൂകസ്വപ്നങ്ങൾ ചൂഴുന്നു ചുറ്റിലും.
......
പാടുവാനൊരു മേഘമൽഹാറിന്‍റെ
ദൂത് ഞാനത് വായിച്ചു നിൽക്കവേ
എത്രയാർദ്രം ഹൃദയാന്തരാളത്തിൽ സ്നിഗ്ധമാകും സ്മൃതികൾ പൂക്കുന്നിതാ ....'
7. അന്തരിച്ച പ്രമുഖ നോവലിസ്റ്റ് മനോജിന്‍റെ രണ്ടു പുസ്തകങ്ങൾ "എന്‍റെ എഴുത്തിന്‍റെ ദർശനവും എം.സുകുമാരനും'(ബ്ലൂ ഇങ്ക് ബുക്സ്), തണുത്ത് മരവിച്ച മനുഷ്യരെക്കുറിച്ച് (നാടകം, സാഹിത്യ പുസ്തക പ്രസാധനം) പ്രസിദ്ധീകരിച്ചു. മനോജ് എഴുതുന്നു:"എന്‍റെ മിക്ക നോവലുകളും വായിച്ചിട്ടുള്ള എം. സുകുമാരന് എന്‍റെ കഴിവിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. കാലം എന്നെ കണ്ടെത്തുമെന്ന് അദ്ദേഹം വിശ്വസിച്ചു. പക്ഷേ ആളുവില, കല്ലുവില എന്ന സത്യത്തെ എം. സുകുമാരൻ എന്നോട് നിരന്തരം ആവർത്തിച്ചു കൊണ്ടിരുന്നു.'
8. ബി. ഷിഹാബിന്‍റെ "സംവിധായകൻ '(കേരളകൗമുദി ഓണപ്പതിപ്പ് ) എന്ന കവിത വൈദികമായ ഉന്നതമാനം കൈവരിച്ചിരിക്കുന്നു. വലിയൊരു സംവിധായകനുണ്ട് നമ്മെ അഭിനയിപ്പിക്കാൻ."പഞ്ചഭൂതങ്ങളും ഒരുമിച്ച് വേണുഗാനമൂതുന്ന' വലിയ നടനമാണ് ആ സംവിധായകൻ നിയന്ത്രിക്കുന്നത് !
mkharikumar33@gmail.com
9995312097