ബിടിഎസ് ബാൻഡ്: നിഷ്കളങ്കതയുടെ സംഗീതം

 
Literature

ബിടിഎസ് ബാൻഡ്: നിഷ്കളങ്കതയുടെ സംഗീതം

ജീവിതത്തിൽ തിരിച്ചടികളും എതിർപ്പുകളും ഉണ്ടാകാം. നിരാശപ്പെടുന്നവർ അതിന്‍റെ ഒഴുക്കിൽപ്പെടാതെ നോക്കണം.

MV Desk

അക്ഷരജാലകം| എം. കെ. ഹരികുമാർ

മുതിർന്നവരുടെ സംഗീതം നാം കേട്ടിട്ടുണ്ട്. യുവജനങ്ങളുടെ പ്രേമവും വിരഹവും നാം വേണ്ടുവോളം മനസിലാക്കി. നമ്മെ എഴുതപ്പെട്ട ഒരു ഖണ്ഡമാക്കുന്ന ശാസ്ത്രീയ സംഗീതവും ആസ്വദിച്ചിട്ടുണ്ട്. കുട്ടികൾക്കുള്ള താരാട്ടു പോലും പലവട്ടം കേട്ടു. നാടൻ പാട്ടുകളും നമ്മെ സന്തോഷിപ്പിച്ചു. എന്നാൽ നാം നമുക്കു വേണ്ടി പാടുന്ന പാട്ടുകൾ കേൾക്കേണ്ടി വന്നിട്ടില്ല. പലതും ഉറവിടത്തിൽ തന്നെ നഷ്ടമാകുന്നു. എന്തെന്നാൽ നമ്മുടെ പാട്ട് ചിട്ടപ്പെടുത്താറില്ല. അത് ഒഴിവുനേരങ്ങളിലെ അലസ നിമിഷങ്ങൾക്ക് രൂപം നൽകി ലോകമറിയാതെ എവിടെയോ കൊഴിഞ്ഞുവീഴുന്നു.

നാം കൊഴിഞ്ഞ ഇലകൾക്ക് സമാനമായിരുന്നു. നമ്മുടെ കുട്ടിക്കാലം ഇല കൊഴിഞ്ഞ വൃക്ഷത്തെയാണ് ഓർമിപ്പിക്കുന്നത്. അതിന്‍റെ ഗാനം ആരും കേൾക്കുണ്ടായിരുന്നില്ല. അതിൽ ഋതുക്കൾ വന്ന് നൃത്തമാടി. കാറ്റിനൊത്തുള്ള ഉരച്ചിലും ഉന്മാദവും മാത്രം കണ്ടിട്ടുണ്ടാവും. കുട്ടിക്കാലം നഷ്ടമാണ്. അല്ലെങ്കിൽ അത് നഷ്ടപ്പെടാനുള്ളതാണ്. ആഗ്രഹങ്ങൾ കൊണ്ട് കനം വയ്ക്കുന്ന മനസുകളെ കീഴടക്കാൻ അത്ര തന്നെ നിഷ്കളങ്കത വേണം. ഒഴുക്കാനൊത്ത് നീന്തുകയാണ് കുട്ടികളുടെ കാലം. കുട്ടികൾക്ക് ഒരു പാത വെട്ടാൻ അനുവാദമില്ല. അവർ നിയന്ത്രിക്കപ്പെട്ടവരാണ്. ചിലർ തൊട്ടിലിലാണെങ്കിൽ അതിനേക്കാൾ മുതിർന്നവർ ക്ലാസ് മുറികളിലെ ട്യൂഷൻ സെന്‍ററുകളിലോ പാഠപുസ്തകങ്ങളിലോ കളിസ്ഥലങ്ങളിലോ ആയിരിക്കും.

ഒരിടവും സ്വാതന്ത്ര്യം തരുന്നില്ല. കളിസ്ഥലം കളികൾക്കുള്ളതാണ്. കളി രസിപ്പിക്കുമെങ്കിലും കളിക്കാരൻ നിയമത്തിന്‍റെ അധീനതയിലാണ്. ഒരു ഗോളിക്കും അലസതയോടെ കളി വീക്ഷിക്കാനാവില്ല. ഗാലറിയിലിരുന്ന് കളി കാണുന്നവനും കളിക്കളത്തിൽ കളിയിലേർപ്പെട്ടവനും രണ്ടു തരത്തിലാണ് കളി കാണുന്നത്.

അനാസക്തിയും ആത്മാർഥതയും

കുട്ടികൾ കളിക്കളത്തിലിറങ്ങി കളിക്കുകയാണ്. അവർക്ക് സ്വന്തം കളി വീക്ഷിക്കാനാവില്ല. അതുകൊണ്ടാണ് അവരുടെ പാട്ട് ആരും കേൾക്കാതെ പോയത്. ദക്ഷിണ കൊറിയൻ സംഗീത ബാൻഡ് ബിടിഎസിന്‍റെ പ്രശസ്തിയും സന്ദേശവും ലോകമെങ്ങും എത്തിക്കഴിഞ്ഞല്ലോ. വിവിധ രാജ്യങ്ങളിലെ വിദ്യാർഥികളെ ബിടിഎസ് ആൽബങ്ങൾ ആകർഷിക്കുന്നു. ആ പാട്ടുകാരെ കാണാൻ വീടു വിട്ട്, പുറപ്പെട്ടുപോയ കുട്ടികളെക്കുറിച്ച് നാം പത്രങ്ങളിൽ വായിച്ചിട്ടുണ്ട്. കുട്ടികൾക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത, സ്വാതന്ത്ര്യത്തിലേക്ക് പ്രലോഭിപ്പിച്ച പാട്ടുകാരാണവർ. അവരുടെ നൃത്തവും പാട്ടും കുട്ടികൾക്ക് സംഘർഷം ലഘൂകരിക്കാൻ ഉപകരിച്ചു. അവർ ശാരീരികവും മാനസികവുമായ മിതത്വത്തെ ഒരു ജീവിത സമ്പദ് വ്യവസ്ഥയായി അവതരിപ്പിച്ചു. അവരുടെ പ്രത്യക്ഷതയിൽ, ശരീര ചലനങ്ങളിൽ അനാസക്തിയും ആത്മാർഥതയും സഹജീവിപ്രേമവും തുല്യതയെക്കുറിച്ചുള്ള ബോധവും പ്രസന്നതയും സമാധാനവുമാണ് ജ്വലിച്ചുയരുന്നത്. സമാധാനത്തിന് പല മാർഗങ്ങളുണ്ട്. നിശബ്ദതയിലൂടെ ഇഴഞ്ഞു നടക്കാം. ഒരു ബുദ്ധ പ്രതിമയെ സമീപത്തു നിന്ന് വീക്ഷിക്കാം. സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും ഒരു സെൻ മൗനത്തിലമരാം.

കുട്ടികളുടെ തലമുറയെ പഴയ പാഠങ്ങളുടെ ഭാരത്തിൽ നിന്ന് സ്വതന്ത്രമാക്കുകയാണ് ബിടിഎസ് ചെയ്തത്. നാം ഒരു ചട്ടക്കൂടിലാണെന്ന ധാരണ മൂലം നമുക്കു പരിചിതമായ ലോകമാണ് സ്വീകാര്യമായിട്ടുള്ളത്. അതിരുകൾ നാം തന്നെ തെരഞ്ഞെടുത്തിരിക്കുന്നു. നാം മറ്റുള്ളവരെ സന്തോഷിപ്പിക്കണം; എന്നാൽ നമ്മെ സന്തോഷിപ്പിക്കാൻ നാമല്ലാതെ മറ്റാരുമില്ല. ഓരോ കുട്ടിയും സ്വന്തം സന്തോഷത്തെക്കുറിച്ച് ചിന്തിക്കണം. അവനിൽ അല്ലെങ്കിൽ അവളിൽ സ്വയം ആദരിക്കുന്നതിന്‍റെ മഹനീയ ഗുണങ്ങൾ ഉണ്ടാവണം. അതിലൂടെയാണ് അവർക്ക് പ്രായമായവരെയും ദുർബലരെയും സ്നേഹത്തോടെ നോക്കാൻ മനസ് ലഭിക്കുന്നത്.

കുട്ടികളുടെ മനസ് പല മടക്കായി ഒടിഞ്ഞ് പഴയ ഉദ്ബോധനങ്ങളുടെയും പാഠങ്ങളുടെയും ഇടയിൽ കിടക്കുകയാണ്. ബിടിഎസ് അതിനെ പുറത്തെടുത്തു. ഓരോ കുട്ടിക്കും ആത്മാഭിമാനം നേടിക്കൊടുത്തു. ആരും എവിടെയും കെട്ടിയിടപ്പെട്ടിട്ടില്ലെന്നും ആത്മസ്വാതന്ത്യത്തിലൂടെ ലോകത്ത് പ്രേമവും അവനവനോടുള്ള കടമയും നിറവേറ്റാനാകുമെന്നും വിശ്വസിപ്പിച്ച മ്യൂസിക് ബാൻഡ് ഉദയം ചെയ്തതിന്‍റെ ആഘോഷമാണ് കുട്ടികൾ ഏറ്റെടുത്തത്.

മനസ് ഒരു ഗാനമാണ്

ഗാനത്തെക്കുറിച്ചുള്ള സങ്കല്പം മാറി. ഒരു കവിതയുടെ തലചുറ്റിക്കുന്ന ലഹരി ഇവിടെയില്ല. ഒരു ഗാനത്തിന്‍റെ പരമ്പരാഗതമായ സാഹിത്യമോ, കാല്പനികതയോ തലയിൽ ചുമന്ന് മനസിനെ കണ്ടീഷൻ ചെയ്യിക്കേണ്ടതില്ല. ഗാനമാലപിക്കാൻ മനസു മതി; വരികൾ തന്നെ വേണ്ട. മനസ് ഒരു ഗാനമാണ്. ആ ഗാനം കേൾക്കാൻ മനസിനെ പാകപ്പെടുത്തേണ്ടതുണ്ട്. ഇവിടെ ബിടിഎസ് ഗാനത്തിന്‍റെ ഭൂതകാലമല്ല പേറുന്നത്; അതിന്‍റെ വർത്തമാനവും നിമിഷങ്ങളുമാണ്. "ഡൈനാമിറ്റ് ' എന്ന ഗാനം അതിന്‍റെ നല്ല ഉദാഹരണമാണ്.

"ഞാൻ ഇന്ന്

നക്ഷത്രങ്ങളോടൊപ്പമാണ്.

അതുകൊണ്ട് എന്നെ നിരീക്ഷിച്ച്

തീ കൊണ്ടുവരുക.

അങ്ങനെ ഈ രാത്രിയെ

പ്രകാശമാനമാക്കുക.

പ്രഭാതത്തിൽ ഉണർന്ന് തയാറാകൂ,

ഒരു കപ്പ് പാല് കഴിച്ച്

ആടിത്തിമിർക്കാം.

കിംഗ് കോങ്ങിനെപ്പോലെ

ചെണ്ടകൊട്ടുക.

പോപ്പ് ഐക്കണായ

റോളിങ് സ്റ്റോണിനൊപ്പം നീങ്ങാം'.

വിഷാദത്തെ ഒരു വിഗ്രഹമായി പ്രതിഷ്ഠിക്കുന്ന ഗാനങ്ങളുടെ സ്ഥാനത്ത് എല്ലാ പാഠപുസ്തകങ്ങളിൽ നിന്നും അകന്നുമാറി സ്വയം അറിയുന്ന രംഗമാണിവിടെ കാണാനാവുക. ചുറ്റുമുള്ളവരിലേക്ക് ഒരു തരംഗം പ്രസരിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. അവർ യാതൊന്നിനെക്കുറിച്ചും ഓർമിക്കരുത്. എന്നാൽ മനസിന്‍റെ സജീവമായ നിമിഷങ്ങളിൽ ഉണർന്നിരിക്കുകയും വേണം.

ജീവിതത്തിൽ തിരിച്ചടികളും എതിർപ്പുകളും ഉണ്ടാകാം. നിരാശപ്പെടുന്നവർ അതിന്‍റെ ഒഴുക്കിൽപ്പെടാതെ നോക്കണം. നമ്മുടെ ആകാശത്തെയോ സൂര്യനെയോ നിലാവിനെയോ ആർക്കും തട്ടിയെടുക്കാനാവില്ലല്ലോ. ഹതാശമായ രാത്രികളിൽ ആകാശത്തിൽ ചന്ദ്രൻ കൊളുത്തിയ വിളക്കു മതി ഉള്ളിൽ പ്രകാശം നിറയ്ക്കാൻ. രാത്രിയെ പ്രകാശം കൊണ്ടു നിറയ്ക്കാം. വലിയ കാര്യങ്ങൾ നേടുമ്പോഴുള്ള സന്തോഷം പിന്നീട് നഷ്ടമായേക്കാം. ഒരു നേട്ടത്തിന്‍റെ പേരിൽ ആളുകൾ നമ്മെ ആദരിക്കുന്നതും ആശീർവദിക്കുന്നതും ചുരുങ്ങിയ കാലത്തേക്കു മാത്രമാണ്. ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ അവർ തന്നെ അതു മറന്നുപോകാം. അപ്പോൾ വീണ്ടും നാം പഴയ മാനസികാവസ്ഥയിലേക്കു മടങ്ങും.

സ്വയം സന്തോഷിക്കാനുള്ള കാരണങ്ങൾ കണ്ടെത്താത്തവരുടെ ജീവിതം വിരസമായിരിക്കും. ഈ കുട്ടികളുടെ പാട്ടും ചലനങ്ങളും ജീവിച്ചിരിക്കുന്നതിന്‍റെ ആനന്ദം കണ്ടെത്തുകയാണ്. ഈ ആഘോഷത്തിനു മാറ്റുകൂട്ടുന്ന ചുവടുകളാണ് സംഘത്തിന്‍റേത്. ഡിസ്കോ ഡാൻസ് നടക്കുന്ന ഫ്ലോറിലാണ് അവരത് ആവിഷ്കരിക്കുന്നത്. സംഘങ്ങളിൽ ഓരോരുത്തരും അവരവരുടെ സാന്നിധ്യത്തെ ആഘോഷിക്കുകയാണ്.

വികസനത്തിന് പരിധിയുണ്ട്

ബിടിഎസ് ഗാനങ്ങൾ ഈ ഭൗമലോകത്തിലെ അസാധാരണ സാഹചര്യങ്ങളിലേക്ക് ക്ഷണിക്കുന്നു. സംഗീതത്തിന്‍റെ അലൗകികതയിലൂടെ വ്രണിത മാനസങ്ങളെ സാന്ത്വനിപ്പിക്കുന്നു. ഇന്നത്തെ കുട്ടികളുടെ ഒറ്റപ്പെടലും ആശങ്കയുമാണ് പിന്നിൽ. അവർ മുതിർന്നവരുടെ ഭാരം പേറുകയാണ്. ലോകത്തെ മലിനമാക്കിയും പ്രകൃതിയെ നശിപ്പിച്ചും വികസനത്തെ പാരമ്യത്തിലെത്തിച്ച മുതിർന്ന തലമുറ ക്രൂരതയാണ് വിതച്ചത്. ജീവിഗണങ്ങൾ അതിന്‍റെ ശിക്ഷ അനുഭവിക്കുകയാണ്.

കുട്ടികളുടെ മനസിലേറ്റ മുറിവുകൾ ഉണക്കുന്ന അന്തരീക്ഷമാണ് ബിടിഎസ് ഒരുക്കുന്നത്. അവർ ലോകത്തെ കൂടുതൽ സുന്ദരമാക്കുന്ന ദൃശ്യങ്ങൾ വിന്യസിക്കുകയാണ്. ഭയപ്പെടുത്തുന്നതോ വിചിത്രമായതോ ഒന്നുമില്ല. നമ്മുടെ ജീവിതത്തിന്‍റെ സ്വഭാവം വന്യമായിത്തീർന്നതുകൊണ്ട് കുട്ടികൾ കൂടുതൽ സ്നേഹം അർഹിക്കുന്നു. ഈ ലോകത്തെ ഇനിയും കൂടുതൽ സുന്ദരമാക്കാനുണ്ട് എന്ന ആഹ്വാനമാണ് ഓരോ ഗാനത്തിലൂടെയും അവർ പുറത്തുവിടുന്നത്. അത് നമ്മുടെ മനസുകളിൽ നിന്നുണർന്ന് പുതിയ വസന്തങ്ങൾക്ക് ജന്മം കൊടുക്കുന്നു. ഭാവിയിലേക്കു നോക്കാൻ തന്നെ ഭയം തോന്നുന്ന വിധത്തിൽ വലിയ പൗരന്മാർ ഈ ലോകത്തെ ഒരു മരണക്കെണിയാക്കിയിരിക്കുന്നു. വികസനത്തിന് പരിധിയില്ല എന്ന കാഴ്ചപ്പാട് തെറ്റാണ്. വികസനത്തിനു പരിധിയുണ്ട്.

2010ലാണ് കൊറിയൻ കെ പോപ്പ് സംഗീത ബാൻഡ് ബിടിഎസ് ആരംഭിക്കുന്നത്; ഏഴംഗങ്ങളാണുള്ളത്- ജിൻ, സുഗ, കെ. ഹോപ്പ്, ആർഎം, ജിമിൻ, വി, ജും കൂക്ക്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ബിടിഎസ് അറിയപ്പെട്ടത്. ലോകമെമ്പാടുമുള്ള കുട്ടികളും ചെറുപ്പക്കാരുമാണ് ആരാധകർ. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ പേർ കണ്ട സംഗീത വീഡിയോ ബിടിഎസ് സൃഷ്ടിച്ചതാണ് - ബോയ് വിത്ത് ലൗ. പ്രസിദ്ധ ഗാനരചയിതാവും സംഗീത ആൽബം പ്രൊഡ്യൂസറുമായ ബാങ് സി ഹ്യൂക് സ്ഥാപിച്ച ഗ്രൂപ്പാണിത്. ബാങ് താൻ സോണിയോണ്ടാൻ (ബിടിഎസ്) എന്നാണ് അദ്ദേഹം ആ ഗ്രൂപ്പിനെ വിളിച്ചത്. 2014ൽ പുറത്തിറക്കിയ "ഡാർക് ആൻഡ് വൈൽഡ് ' എന്ന ആൽബം സാമൂഹിക പ്രശ്നങ്ങളിലേക്കും വ്യക്തിത്വങ്ങളിലേക്കും ശ്രദ്ധയൂന്നുന്നതായിരുന്നു. "ദ മോസ്റ്റ് ബ്യൂട്ടിഫുൾ മൊമെന്‍റ് ഇൻ ലൈഫ് ' ഒന്നും രണ്ടും ഭാഗങ്ങൾ റിലീസ് ചെയ്തതോടെ അന്താരാഷ്‌ട്രതലത്തിൽ കൂടുതൽ സ്വീകാര്യത നേടി. പ്രശസ്തമായ 6 അന്താരാഷ്‌ട്ര മ്യൂസിക് പ്രോഗ്രാമുകളിൽ രണ്ടാം സ്ഥാനത്തേക്കുയരാൻ ഇതിന്‍റെ രണ്ടാം ഭാഗത്തിന് കഴിഞ്ഞു. "ബോയ് വിത്ത് ലവ് ' 24 മണിക്കൂറിനുള്ളിൽ 74.4 ലക്ഷം പ്രേക്ഷകരാണ് യു ട്യൂബിൽ കണ്ടത്; ഇതൊരു റെക്കോഡാണ്.

യുവത്വം മാലാഖയെ പോലെ

"നിന്‍റെ കണ്ണുകളിലേക്ക്

നോക്കാൻ ഞാനാഗ്രഹിക്കുന്നു.

അപ്പോൾ നീ എന്നെ

പ്രേമം കൊണ്ട് നിറയ്ക്കും.

എന്തിനും, ഞാൻ നിന്നോടൊപ്പമാണ്.

എന്‍റെ ജീവിതകാലമത്രയും

ഇതിനായി ഞാൻ കാത്തു നിന്നു.

നിന്നെ അറിഞ്ഞ നിമിഷം മുതൽ

എന്‍റെ ജീവിതം നിന്നെ ചുറ്റിപ്പറ്റിയായി'.

ജീവിതത്തെ അറിയപ്പെടാതെ ബന്ധങ്ങളിലേക്ക് ഓടിച്ചു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരുടെ മനസുകളിൽ യുവത്വം മാലാഖയെ പോലെ വസിക്കുകയാണ്. പ്രതിബന്ധങ്ങളുടെ സൂചന പോലും ഇല്ല. ഓരോ മനുഷ്യനും മികച്ച ആവിർഭാവമാണ്. പ്രായമാകുന്തോറും വിശുദ്ധി നേടുന്ന മനുഷ്യരെയാണ് അവർ സ്വപ്നം കാണുന്നത്. കുട്ടികൾക്ക് മാത്രം ഭാവന ചെയ്യാൻ കഴിയുന്ന ജീവിതമെന്നും മൃദുവാണ്. അവർക്ക് നിരാശകൾ വേണ്ട; അവരുടെ അർഥങ്ങളുടെ അധികഭാരം വേണ്ട.

ഇളം കാറ്റ് പോലെ സ്നേഹം വന്നു സ്പർശിക്കുന്നതാണ് അവരുടെ അനുഭവം. സ്നേഹത്തിനും ഒരു അതിമൃദുലമായ യുവത്വമുണ്ട്. അത് പ്രായമാകാതിരിക്കാൻ കൊതിക്കുന്നു. സംഗീതം ആ മൃദുത്വത്തിലേക്ക് വന്നു ചേരുകയാണ്, പുതുസ്വപ്നങ്ങൾ മുളപ്പിക്കാൻ. ബിടിഎസിന്‍റെ ഒരു ഗാനശകലം കുറിക്കട്ടെ:

"നിങ്ങൾക്ക് പറക്കാൻ

കഴിയുന്നില്ലെങ്കിൽ ഓടുക.

ഇന്ന് നമ്മൾ അതിജീവിക്കും.

നിങ്ങൾക്ക് ഓടാൻ

കഴിയുന്നില്ലെങ്കിൽ നടക്കുക.

ഇന്ന് നമ്മൾ അതിജീവിക്കും.

നിങ്ങൾക്ക് നടക്കാൻ

കഴിയുന്നില്ലെങ്കിൽ ഇഴയുക'.

ഇതുപോലുള്ള സമാശ്വാസം ഒരു ക്ലീഷേ അല്ല; വ്യർഥമായ വാക്കുകളല്ല; ഭാവിയുടെ നിശ്ചയത്തിന്‍റെ പരാവർത്തനമാണ്. നമ്മൾ ഒരിക്കലും പരാജയപ്പെടാൻ ജനിച്ചവരല്ല. അതേസമയം നാം ജീവിച്ചുകൊണ്ടാണ് വിജയിക്കുന്നത്. തുമ്പികൾ പറക്കുമ്പോൾ ലോകത്തിന് അതൊരു ചുമടല്ല; അലട്ടലല്ല. അത് ലോകത്തിന് അനുപമമായ നൃത്തത്തിന്‍റെയും കിടമത്സര രാഹിത്യത്തിന്‍റെയും പുതിയ അവസ്ഥ സമ്മാനിക്കുന്നു.

രജത രേഖകൾ

1) സാംസ്കാരിക മന്ത്രിക്ക്

കേരളത്തിൽ പുതിയ സർക്കാർ വന്നിരിക്കുകയാണ്. എല്ലാ രംഗത്തും പുതിയ മുഖങ്ങൾ വരട്ടെ. കഴിഞ്ഞ സർക്കാരിന്‍റെ മുഖം വികൃതമാക്കിയ പ്രധാനികൾ സാംസ്കാരിക, സാഹിത്യ രംഗത്ത് ഔദ്യോഗികമായി അവതരിച്ച അരസികന്മാരായിരുന്നു. സാങ്കല്പിക ശത്രുക്കളെ സൃഷ്ടിച്ചുകൊണ്ടാണ് അവർ ജീവിച്ചത്. 10 വർഷവും ധാരാളം കഴിവുള്ള കവികളെയും കഥാകൃത്തുക്കളെയും ഒരു കാരണവുമില്ലാതെ അവർ അകറ്റി നിർത്തി. കേരള സാഹിത്യ അക്കാദമി 10 വർഷം കൊണ്ട് പരിധിയില്ലാതെ ജീർണിച്ചു. കഴിഞ്ഞ 5 വർഷം യാതൊരു ജനാധിപത്യ മര്യാദയുമില്ലാതെ സ്വജനപക്ഷക്കാർക്ക് മാത്രം വച്ചു വിളമ്പി. ഒരു വ്യക്തിക്കു തന്നെ 5 വർഷക്കാലത്തിനിടയിൽ ഒന്നിലധികം അവാർഡുകൾ കൊടുത്തു!

ഇത് ഒരാളിൽ ഒതുങ്ങില്ല. ഈ ഭരണ സമിതിയോട് പ്രതിഷേധിച്ച നൂറുകണക്കിന് എഴുത്തുകാർ ഈ നാട്ടിലുണ്ട്. ദുഷിച്ച ഈ സമ്പ്രദായത്തെ ആസ്വദിച്ച്, അതിൽ മതിമറന്ന് ഓടി നടന്ന് പ്രസംഗിച്ചവരുണ്ട്! മലിനമായ ആ കാലത്തിന്‍റെ ഓർമകൾ ഇനി യാതൊരു രൂപത്തിലും തിരിച്ചുകൊണ്ടുവരരുതെന്ന് നല്ല വായനക്കാരനായ മുഖ്യമന്ത്രിയോടും എഴുത്തുകാരെ അറിയുന്ന സാംസ്കാരിക മന്ത്രിയോടും അഭ്യർഥിക്കുന്നു. മനുഷ്യത്വമുള്ള, മര്യാദയുള്ള, പകയില്ലാത്ത, സഹിഷ്ണുതയുള്ള വ്യക്തികളെ തെരഞ്ഞെടുക്കുക.

2) വി.എം. കൊറാത്ത്

മഹാനായ പത്രാധിപർ വി.എം. കൊറാത്തിന് ഒരു നല്ല ലേഖനമയച്ചാൽ അദ്ദേഹം അത് ശരിക്കും വായിച്ചു നോക്കുമായിരുന്നു. ഉചിതമായി പ്രസിദ്ധീകരിക്കും. മരിക്കും വരെ അദ്ദേഹം മറ്റുള്ളവരുടെ ഉപദേശമോ വെറുപ്പോ എവിടെ നിന്നും സ്വീകരിച്ചിരുന്നില്ല.

3) ബ്രദേഴ്സ് കരമസോവ്

ദസ്തയെവ്സ്കിയുടെ "ദ് ബ്രദേഴ്സ് കരമസോവ്' (കരമസോവ് സഹോദരന്മാർ) എന്ന നോവലിനെക്കുറിച്ച് മഹാനായ മനഃശാസ്ത്രജ്ഞൻ സിഗ്മണ്ട് ഫ്രോയ്ഡ് പറഞ്ഞു: ലോകത്ത് എഴുതപ്പെട്ടതിൽ ഏറ്റവും അതിഗംഭീരമായ നോവലാണിത്. ആൽബർട്ട് ഐൻസ്റ്റീന്‍റെ അഭിപ്രായം ഇതാണ്: ഞാൻ കൈവച്ചിട്ടുള്ള ഏറ്റവും മഹത്തായ പുസ്തകം ഈ നോവലാണ്.

4) കവിത

ഷീബ ദിനേശ് എഴുതിയ "പതിറ്റടിപ്പൂക്കൾ' (ഗ്രന്ഥാലോകം,ഏപ്രിൽ) എന്ന കവിതയിലെ ഈ വരികൾ അനുഭവത്തിന്‍റെ രഹസ്യം കൂട്ടിവയ്ക്കുന്നു.

"നോക്കൂ...

രാവിന്‍റെ മറുകരയിലപ്പോഴും

തളർന്നുവീഴാൻ പാകത്തിൽ

പകലുറക്കത്തിലേക്കൊരു

പായ നീർത്തി

പതിവുപോലെ പ്രഭാതം

പതിറ്റടിപ്പൂക്കളെ

കാത്തുനിൽക്കുന്നത്!'

5) ഡാവിഞ്ചി

"ഡാവിഞ്ചിയുടെ വിസ്മയം: ദ് ലിസ്റ്റ് സപ്പർ ചിത്രത്തിലെ പ്രതീകങ്ങൾ' (പ്രഭാവം, മെയ് ) എന്ന പേരിൽ ഡോ. ബി. ഇക്ബാൽ എഴുതിയ ലേഖനം സൂക്ഷ്മമായ വിശകലനവും പഠനവുമാണ്. ചിത്രത്തിലെ ഓരോ ശിഷ്യനും യേശുവിന്‍റെ വാക്കുകളോട് വ്യത്യസ്തമായ വികാരങ്ങളോടെ പ്രതികരിക്കുന്നു എന്ന് വിശദീകരിക്കുന്ന ലേഖകൻ ഇത് വെറും അന്ത്യഅത്താഴം അല്ലെന്നും ക്രിസ്തുവിന്‍റെ സ്നേഹവും ശിഷ്യന്മാരുടെ മനുഷ്യസഹജമായ ബലഹീനതകളും വിവരിക്കുന്ന പ്രതീകാത്മക കാവ്യമാണെന്നും കണ്ടെത്തുന്നു.

6) കൂത്താട്ടുകുളത്തെ മേരി വിജയം

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തിന്‍റെ സാംസ്കാരിക പാരമ്പര്യത്തിൽ മൂന്നു മേരിമാർ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. ഒരു പെൺ അതിജീവന, പോരാട്ടവീര്യമാണ് അതിന്‍റെ ഉള്ളടക്കം. കൂത്താട്ടുകുളം മേരി സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവകാരിയുമായിരുന്നു. കൂത്താട്ടുകുളം മേരി ജോൺ 16ാം വയസിൽ വീടുവിട്ട് തിരുവനന്തപുരത്ത് പോയി സാഹസികമായി ജീവിച്ച് പ്രമുഖ കവിയായി. കവി സിസ്റ്റർ മേരി ബനീഞ്ജയാകട്ടെ കന്യാസ്ത്രീ മഠത്തിൽ നിന്ന് കവിതയുടെ സ്വാതന്ത്ര്യത്തിലേക്ക് ഉയർത്തപ്പെട്ട വ്യക്തിയാണ്.

7) സൂപ്പർ സ്റ്റാർ

ഒരു സൂപ്പർ സ്റ്റാറാകണമെങ്കിൽ അഭിനയ ശേഷിയോ സൗന്ദര്യമോ മാത്രം പോരാ; ഓരോ ചലനത്തിലും മറ്റുള്ളവർക്ക് ഇഷ്ടപ്പെടാൻ എന്തെങ്കിലും വേണം. ഒരു നടന്‍റെ സംഭാഷണം, ചിരി, നോട്ടം, ചലനം, പെരുമാറ്റം എന്നിവയിൽ സൂപ്പർ സ്റ്റാർഡം ഒളിച്ചിരിപ്പുണ്ട്. ആളുകളെ വശീകരിക്കുന്ന ഒരു കലയാണത്. ഒരു സൂപ്പർ സ്റ്റാർ വികാര നിയന്ത്രണത്തിൽ വിദഗ്ധനായിരിക്കണം. മറ്റുള്ളവരുടെ മനസിനെ നിയന്ത്രിക്കാൻ പ്രാപ്തമാക്കുന്നത് ഇതാണ്.

8) പ്രയാണം

ഭരതൻ സംവിധാനം ചെയ്ത "പ്രയാണം' (1975) നവതരംഗ സിനിമയുടെ മനോഹരമായ ഒരു ആവിഷ്കാരമായിരുന്നു. പത്മരാജൻ തിരക്കഥയെഴുതിയ ആ ചിത്രത്തിന്‍റെ ഛായാഗ്രഹണം ബാലു മഹേന്ദ്രയായിരുന്നു. മോഹൻ, കൊട്ടാരക്കര ശ്രീധരൻ നായർ, ലക്ഷ്മി തുടങ്ങിയവർ അഭിനയിച്ചു. അതിൽ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത എം.ബി. ശ്രീനിവാസൻ സംഗീതം നൽകിയ ഗാനങ്ങളാണ്.

9) മാർക് ട്വെയ്ൻ

ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും അമെരിക്കൻ ഹാസ സാഹിത്യകാരനായ മാർക് ട്വെയ്ൻ ഇങ്ങനെ പറഞ്ഞു: "ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ആഴ്ചയുടെ ഒടുവിലാണ്. ആ സമയത്ത് ദൈവം പരിക്ഷീണിതനായിരുന്നു'.

ക്ഷേത്രങ്ങൾ ഹരിതാഭമാക്കാൻ ദേവാരണ്യം

ടിക്ക് ടോക്ക് തർക്കം: ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു

''അവരെ വാഴാൻ അനുവദിച്ചാൽ പിന്നെ കേരളമുണ്ടാകില്ല'', പ്രതിജ്ഞയ്ക്ക് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി | Video

നെല്ല് സംഭരണം: തുക വിതരണം സുഗമമാക്കാൻ നിർദേശം

കാട് പിടിച്ച പറമ്പുകൾ തദ്ദേശ സ്ഥാപനങ്ങൾ വെട്ടിത്തെളിക്കണം