തദ്ദേശ'ത്തിൽ വോട്ട് ചെയ്യുമ്പോൾ ഓർക്കേണ്ടത്

 

file phot

Election

'തദ്ദേശ'ത്തിൽ വോട്ട് ചെയ്യുമ്പോൾ ഓർക്കേണ്ടത്..!

1994 ഏപ്രിൽ 23ന് പഞ്ചായത്തീരാജ് നിയമം കേരളത്തിൽ മുഴുവനായും നിലവിൽ വരുമ്പോൾ 991 പഞ്ചായത്തുകളും പിന്നീടത് 941 പഞ്ചായത്തുകളുമായി മാറി.

Reena Varghese

ജോത്സ്യൻ

ഇന്നും 11നുമായി കേരളത്തിലെ 14 ജില്ലകളിൽ പഞ്ചായത്തീരാജ് നിയമമനുസരിച്ചുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പു നടക്കുകയാണ്. അധികാരം താഴേത്തട്ടിലുള്ള ജനങ്ങളിലേക്കെത്തിക്കുന്ന വികേന്ദ്രീകൃത ഭരണസംവിധാനമാണല്ലോ പഞ്ചായത്തീരാജ്.

സ്വതന്ത്ര്യസമര കാലഘട്ടം മുതൽ വിഭാവനം ചെയ്ത ഗ്രാമ സ്വരാജ് എന്ന സങ്കല്പത്തിന്‍റെയും ഗ്രാമ സ്വരാജിലൂടെ പൂർണ സ്വരാജ് എന്ന സ്വപ്നത്തിന്‍റെയും നടപ്പാക്കലാണ് പഞ്ചായത്തീരാജിലൂടെ നാം കാണുന്നത്. സ്വതന്ത്ര്യസമര കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ രാജ്യം വിടുക എന്ന ലക്ഷ്യത്തോടെയാണു മുന്നോട്ടുനീങ്ങിയതെങ്കിൽ പഞ്ചായത്തീരാജിലൂടെ ഇന്ത്യയിലെ ഓരോ ഗ്രാമവും സ്വാശ്രയമായി തീരുക എന്നതാണു ലക്ഷ്യമിട്ടത്.

അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് ദീർഘമായ ചർച്ചകൾ സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഇന്ത്യയിൽ നടന്നിട്ടുണ്ട്. ഇന്ത്യയെപ്പോലെ അധികാര വൈരുധ്യവും വൈപുല്യവും വ്യത്യസ്തതകളും വലിയ ജനസംഖ്യയുമുള്ള ഒരു രാജ്യത്ത് അധികാരം ജനങ്ങളിൽ എത്തിക്കുക അത്ര എളുപ്പമായിരുന്നില്ല. എന്നാൽ ഈ സംവിധാനം വന്ന് 33 വർഷം കഴിയുമ്പോൾ കേരളം എന്ന സംസ്ഥാനം വീണ്ടും ജനവിധി തേടുകയാണ്.

1952 ഒക്റ്റോബർ 2ന് രാജസ്ഥാനിലെ നഗൌരിൽ ഇന്ത്യയിലെ പഞ്ചായത്തീരാജ് സംവിധാനത്തിന് തുടക്കമിട്ടെങ്കിലും 1960 ജനുവരി 18നാണ് കേരളത്തിലെ പഞ്ചായത്തീരാജ് സംവിധാനത്തിന് എറണാകുളത്ത് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിളക്കുകൊളുത്തി തുടക്കം കുറിച്ചത്.

73ാമത് ഭരണഘടനാ ഭേദഗതിപ്രകാരമാണ് പഞ്ചായത്തീരാജ് വ്യവസ്ഥ രാജ്യത്തു പ്രായോഗികമായി നിലവിൽ വന്നത്. 1992ലെ ഭരണഘടനാ ഭേദഗതി പ്രകാരം എല്ലാ പഞ്ചായത്തിലെയും വാർഡുകളിലെയും രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ കൂട്ടായ്മയായ ഗ്രാമസഭകൾക്ക് ഭരണഘടനാപരമായ അംഗീകാരം ലഭിച്ചു.

1993 ഏപ്രിലിൽ രാഷ്‌ട്രപതി ഒപ്പുവച്ചതോടെ ഇന്ത്യയിലെ എല്ലാ പഞ്ചായത്തുകളും ഭരണഘടനാ സാധുത കൈവരിക്കുകയുണ്ടായി. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നു. അഞ്ചു വർഷത്തിലൊരിക്കൽ ഈ സഭകളിലേക്ക് ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള സംവിധാനവും വനിത, പട്ടികജാതി, പട്ടികവർഗ സംവരണവും നിർബന്ധമാക്കി.

1962നു ശേഷം പല പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളായി മാറുകയും വലിയ പഞ്ചായത്തുകൾ വിഭജിക്കപ്പെടുകയും ചെയ്തു. ഈ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ 922 ഗ്രാമപഞ്ചായത്തുകൾക്ക് 1964 ജനുവരി ഒന്നിന് രൂപം നൽകി. 1994 ഏപ്രിൽ 23ന് പഞ്ചായത്തീരാജ് നിയമം കേരളത്തിൽ മുഴുവനായും നിലവിൽ വരുമ്പോൾ 991 പഞ്ചായത്തുകളും പിന്നീടത് 941 പഞ്ചായത്തുകളുമായി മാറി.

ഓരോ സംസ്ഥാനങ്ങളും അവരുടെ ബജറ്റിന്‍റെ ഒരു പ്രത്യേക ശതമാനം പഞ്ചായത്തീരാജ് പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കുന്നുണ്ട്. ഈ ഭരണരീതിയിൽ പ്രാഥമിക ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം എന്നിവയ്ക്ക് പ്രാദേശിക തലത്തിൽ തന്നെ വലിയ പ്രാധാന്യം നൽകുന്നു.

1999ൽ വികേന്ദ്രീകരണത്തിനുള്ള സെൻ കമ്മിറ്റിയുടെയും ഒന്നാം ധനകാര്യ കമ്മറ്റിയുടെയും ശുപാർശയുടെ അടിസ്ഥാനത്തിൽ ആകെയുള്ള 255 വകുപ്പുകളിൽ 105 ഓളം വകുപ്പുകളിൽ സമഗ്രമായ ഭേദഗതികൾ വരുത്തുകയുണ്ടായി. സർക്കാരിന് പഞ്ചായത്തുകൾക്കു മേൽ ഉണ്ടായിരുന്ന പല നിയമങ്ങളും അധികാരങ്ങളും ഇതോടെ ഇല്ലാതായി. പഞ്ചായത്തിലെ തെരഞ്ഞെടുപ്പും വാർഡ് വിഭജനവും സംവരണ നിർണയവും തെരഞ്ഞെടുപ്പു കമ്മിഷന് നൽകി. സംസ്ഥാനങ്ങളുടെ നയപരിപാടികളിൽ ഗ്രാമസഭകളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും തീരുമാനമുണ്ടായി. ഇത് ഉറപ്പുവരുത്താൻ കേന്ദ്രം നിർദേശവും നൽകി.

പാർലമെന്‍റ്, നിയമസഭാ തെരഞ്ഞെടുപ്പുകൾ പോലെ പഞ്ചായത്തീരാജ് തെരഞ്ഞെടുപ്പുകൾ പൂർണമായി രാഷ്‌ട്രീയ വിധേയമാകരുതെന്ന് പാർലമെന്‍റിലും നിയമസഭകളിലും നടന്ന പല ചർച്ചകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ചർച്ചകളിൽ ഉയർന്നുവന്ന വളരെ പ്രധാനപ്പെട്ട അഭിപ്രായം സങ്കുചിത രാഷ്‌ട്രീയ ചട്ടക്കൂടുകൾക്കുള്ളിൽ പഞ്ചായത്തീരാജിന്‍റെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടരുത് എന്നായിരുന്നു. എന്നാൽ ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും പോലും അമിതമായ രാഷ്‌ട്രീയ വത്കരണം നടത്തുന്ന കേരളത്തെ പോലുള്ള ചില സംസ്ഥാനങ്ങളിൽ പഞ്ചായത്തീരാജ് തെരഞ്ഞെടുപ്പുകൾ പൂർണമായി രാഷ്‌ട്രീയവത്കരിക്കപ്പെട്ടിരിക്കുന്നു.

പഞ്ചായത്തുകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകി വികസന പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുമ്പോഴും പഞ്ചായത്തുകളിലെ പദ്ധതി ചെലവ് 29.98 ശതമാനം മാത്രമാണ് എന്നതു നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. തദ്ദേശ സ്ഥാപനങ്ങൾ വിഭാവനം ചെയ്യുന്ന പദ്ധതികൾ പണമില്ലാതെ എങ്ങനെ നടപ്പിലാക്കാൻ കഴിയുമെന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകളും അവയെ നിയന്ത്രിക്കുന്ന രാഷ്‌ട്രീയ പാർട്ടികളും ആലോചിക്കണം.

കേരളത്തിലെ കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ജില്ലാ പഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ പദ്ധതിച്ചെലവ് പരിശോധിച്ചാൽ തദ്ദേശ സ്ഥാപനങ്ങൾ നേരിടുന്ന വലിയ സാമ്പത്തിക പ്രതിസന്ധി കാണാൻ കഴിയും. കഴിഞ്ഞ സംസ്ഥാന ബജറ്റ് 9,215 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾക്കു വേണ്ടി മാറ്റിവച്ചതെങ്കിൽ 2,578 കോടി രൂപ മാത്രമാണ് ചെലവഴിക്കാൻ കഴിഞ്ഞത്. പലപ്പോഴുമുണ്ടാകുന്ന ട്രഷറി നിയന്ത്രണങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടുന്നു.

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അകമഴിഞ്ഞ സാമ്പത്തിക സഹായം തദ്ദേശ സ്ഥാപനങ്ങൾക്കു ലഭിച്ചാൽ മാത്രമേ പഞ്ചായത്തീരാജ് എന്ന മഹാത്മാ ഗാന്ധിയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ കഴിയൂ. അതോടൊപ്പം അമിത രാഷ്‌ട്രീയവത്കരണം പഞ്ചായത്തീരാജ് എന്ന മഹത്തായ ലക്ഷ്യം തന്നെ തകർക്കും എന്നും ജോത്സ്യൻ അഭിപ്രായപ്പെടുന്നു.

പറക്കുന്നതിനിടെ വിമാനച്ചിറകിന് രൂപമാറ്റം വരുത്താം; പുതിയ സാങ്കേതിക വിദ്യയുമായി ഇന്ത്യ

ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ലൈംഗികാതിക്രമം; തെറ്റിദ്ധരിച്ചതെന്ന് സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ്

വന്ദേമാതരത്തിൽ പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

സഞ്ജുവും ഗില്ലും സെലക്ഷനിൽ തലവേദന നൽകുന്നവർ‌: സൂര്യകുമാർ യാദവ്

ജപ്പാനിൽ ഭൂചലനം; തീരദേശങ്ങളിൽ സുനാമി മുന്നറിയിപ്പ്