ഫലം കാത്ത് മുന്നണികൾ.
ശരത് ഉമയനല്ലൂർ
തിരുവനന്തപുരം: ഇനി കേരളം ഉറ്റുനോക്കുന്നത് മേയ് നാലിന്‍റെ പുലരിയിലേക്കാണ്. കേരളം ആര് 'തൂക്കും' എന്നു കണ്ടറിയാൻ തിങ്കളാഴ്ച വരെയാണ് കാത്തിരിക്കേണ്ടത്. കൂട്ടലും കിഴിക്കലുമായി മുന്നണി ക്യാംപുകൾ സജീവം. രാഷ്ട്രീയ കേരളം വിധിദിനത്തിന്‍റെ നെഞ്ചിടിപ്പിലാണ്. ഭരണത്തുടർച്ചയുടെ 'മാസ്' എൻട്രി പ്രതീക്ഷിക്കുന്ന ഇടതും അധികാരം തിരിച്ചുപിടിക്കാൻ 'ക്ലാസ്' പോരാട്ടം നടത്തിയ വലതും തമ്മിലെ അങ്കം ഇപ്പോൾ ഫോട്ടോ ഫിനിഷിലാണ്.
നിശബ്ദ വോട്ടുകൾ ആരെ തുണയ്ക്കും? അടിത്തട്ടിലെ അടിയൊഴുക്കുകൾ ആർക്ക് വിനയാകും? ഭരണ വിരുദ്ധവികാരം വോട്ടെണ്ണലിൽ പ്രതിഫലിക്കുമോ അതോ പ്രവചനങ്ങൾക്കപ്പുറമുള്ള ഒരു ജനവിധി കേരളത്തെ കാത്തിരിക്കുന്നുണ്ടോ? ആകാംക്ഷയുടെ മുൾമുനയിലാണ് രാഷ്ട്രീയ കേരളം. മേയ് നാലിന് വോട്ടിങ് യന്ത്രങ്ങൾ തുറക്കുമ്പോൾ സംസ്ഥാനം ആർക്കൊപ്പം എന്ന് ലോകമറിയും.
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യ മണിക്കൂറുകളിലെ ട്രെൻഡുകൾ തന്നെ കേരളത്തിന്‍റെ മനസ് വ്യക്തമാക്കും. അതുവരെ പ്രവചനങ്ങൾക്കും വിശകലനങ്ങൾക്കും വിരാമമിട്ട് ആവേശത്തോടെ കാത്തിരിക്കുകയാണ് കേരളം. ഓരോ ബൂത്തിൽ നിന്നും ലഭിച്ച ട്രെൻഡുകൾ വിലയിരുത്തി ഭരണത്തുടർച്ചയെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ്. വികസനത്തുടർച്ചയും ക്ഷേമപദ്ധതികളും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടെന്നും സംഘടനാ സംവിധാനത്തിന്‍റെ കരുത്തിൽ ഭരണം നിലനിർത്താനാകുമെന്നുമാണ് ഇടത് ക്യാംപിന്‍റെ വിശ്വാസം.
ഭരണവിരുദ്ധ വികാരം താഴെത്തട്ടിൽ ശക്തമാണെന്നും ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും യുഡിഎഫ് വിലയിരുത്തുന്നു. തങ്ങളുടെ പരമ്പരാഗത വോട്ടുകൾ തിരിച്ചുവരുന്നത് വലിയ വിജയത്തിന് കാരണമാകുമെന്ന് അവർ കരുതുന്നു. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കാനാകുമെന്നും വോട്ട് വിഹിതത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്നുമാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ കണക്കുകൂട്ടൽ.
90 സീറ്റ് വരെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ബൂത്തുകളിൽ നിന്ന് കിട്ടിയ കണക്കെടുപ്പിൽ 75-80 സീറ്റ് വരെ ലഭിക്കാമെന്നാണു സിപിഎമ്മിന്‍റെ വിലയിരുത്തൽ. 10 വർഷത്തെ ഇടതുഭരണത്തിനു വിരാമമിട്ട് അധികാരം തിരിച്ചുപിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം യുഡിഎഫ് ക്യാംപിൽ പ്രകടമാണ്. ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രിപദം സംബന്ധിച്ച അണിയറ നീക്കങ്ങളിലേക്കുവരെ കോൺഗ്രസ് കടന്നു. വോട്ടിങ് ശതമാനം കൂടിയതും കുറഞ്ഞതുമൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണു മുന്നണികൾ.
എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത് വിജയപ്രതീക്ഷയാണ്. ശക്തമായ ത്രികോണ മത്സരം കാഴ്ചവച്ച മണ്ഡലങ്ങൾ ആർക്കൊപ്പം നിൽക്കുമെന്നാണു കണ്ടറിയേണ്ടത്. പ്രധാന മത്സരം ആരു തമ്മിൽ എന്ന സംവാദമാണു ഏറ്റവുമൊടുവിൽ വിവാദമായത്. മത്സരം യുഡിഎഫും എൻഡിഎയും തമ്മിലെന്നു യുഡിഎഫും, എൽഡിഎഫും എൻഡിഎയും തമ്മിലെന്നു മറ്റു രണ്ടു മുന്നണികളും പ്രചരിപ്പിച്ചു. കേഡർ വോട്ടുകൾ വീണെന്നും വിജയിക്കുമെന്നുമുള്ള ആത്മവിശ്വാസമാണ് എൽഡിഎഫും എൻഡിഎയും പ്രകടിപ്പിക്കുന്നത്. സാമുദായിക വോട്ടുകൾ കാര്യമായി പോൾ ചെയ്തെന്നും ഇതു അനുകൂലമാകുമെന്നും വിലയിരുത്തുന്നു.
വാശിയേറിയ ത്രികോണ മത്സരം നടന്ന ഇടങ്ങളിലെല്ലാം സ്ഥിതി മറിച്ചല്ല. ഗ്രാമീണ മേഖലകളിലെ മുഴുവൻ വോട്ടും തങ്ങളുടെ പെട്ടിയിലാണെന്നാണു മൂന്നു മുന്നണികളുടെയും അവകാശവാദം. വോട്ടർ പട്ടികയിലെ ഇരട്ട വോട്ടുകൾ ഫലപ്രദമായി തടഞ്ഞതാണ് വോട്ടിങ് ശതമാനം കുറയാൻ കാരണമെന്ന് യുഡിഎഫ് ക്യാംപ് വിലയിരുത്തുന്നു.
പ്രാഥമിക വിലയിരുത്തലിൽ വിജയം ഉറപ്പായെന്ന് യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ കടുത്ത മത്സരമായിരുന്നെങ്കിലും കേരളത്തിൽ ഭരണം തുടരാമെന്നാണു എൽഡിഎഫിന്‍റെ നിഗമനം. എൻഡിഎ ക്യാംപ് വോട്ടെടുപ്പിനുശേഷം അമിതമായ അവകാശവാദങ്ങളൊന്നും പങ്കുവയ്ക്കുന്നില്ലെങ്കിലും അദ്ഭുതകമായ മുന്നേറ്റം നടത്തുമെന്നാണ് അവരുടേയും കണക്ക്.
കഴിഞ്ഞ തവണത്തേക്കാൾ വോട്ട് വിഹിതം വർധിപ്പിക്കാനും കൂടുതൽ സീറ്റുകളിൽ നിർണായക ശക്തിയാകാനും സാധിക്കുമെന്ന് ബിജെപി കരുതുന്നു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.