പാരഡി ഗായകൻ അൻവർ
തെരഞ്ഞെടുപ്പു കാലം പാരഡി ഗാനങ്ങളുടെ സമയമാണ്. ഓരോ പാർട്ടികളും സ്ഥാനാർഥികളുടെ പേരും ചിഹ്നവുമൊക്കെ വച്ച് പാരഡികളിറക്കും. തെരഞ്ഞെടുപ്പിന്‍റെ വിജയത്തിന് ഇത്തരം പാരഡികൾ അത്യാവശ്യമാണെന്നാണ് പറയാറ്. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് കാലത്തിന് ശേഷവും ഒരു പാരഡി ഹിറ്റായിട്ടുണ്ട്. എന്നാൽ ഇതിൽ നേതാക്കളും പാർട്ടിയുമില്ല. പക്ഷേ പാട്ടുകൊണ്ട് ഉപകാരമുണ്ടായില്ലെങ്കിൽ പാട്ടിൽ പാർട്ടിയും നേതാക്കളും എത്തുമെന്നാണ് അറിയിപ്പ്.
സംഭവം മറ്റൊന്നുമല്ല, പാരഡിയെഴുതി നൽകി പണം കിട്ടാത്ത ഒരു പാവം ഗായകന്‍റെ രോദനമാണ്. ഒരു നേതാവിനു വേണ്ടിയോ ഒരു പാർട്ടിക്ക് വേണ്ടിയോ മാത്രമല്ല, നിരവധി പേർക്ക് വേണ്ടി പാരഡി ഗാനങ്ങളെഴുതി ആലപിച്ച അൻവറാണ് തന്‍റെ പ്രതിഷേധം പാരഡിയിലൂടെ തന്നെ അറിയിച്ചിരിക്കുന്നത്. പാട്ട് ഇപ്പോൾ ഹിറ്റാണ്.
ഒരു ഓർമപ്പെടുത്തൽ എന്ന തലക്കെട്ടോടെയാണ് അൻവർ വീഡിയോ ചെയ്തിരിക്കുന്നത്. വോട്ടിനായി പാട്ട് ചെയ്തു കാശ് കിട്ടീല്ല, കാശിനായി കോളു ചെയ്തു ഫോണെടുത്തില്ല... എന്നിങ്ങനെയാണ് പാരഡി ഗാനം തുടങ്ങുന്നത്.