തിരുവനന്തപുരത്തും കൊച്ചിയിലും വിമത ഭീഷണി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക് പോകാൻ ഇനി രണ്ടാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ഇതോടെ മുന്നണികൾ ആവേശത്തോടെ പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ്.
ഇതിനിടെ സ്ഥാനാർഥികൾക്ക് ഭീഷണിയായി വിമത ശല്യവുമുണ്ട്.
എറണാകുളം ജില്ലകളിലാണ് കൂടുതല്‍ വിമത ഭീഷണിയുള്ളത്. തിരുവനന്തപുരത്ത് അടക്കം മേൽക്കൈ നേടുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിനും യുഡിഎഫിനും അഞ്ചിടങ്ങളിലാണ് വിമതർ ഉള്ളത്. ഉള്ളൂർ, വാഴോട്ടുകോണം, ചെമ്പഴന്തി, കാച്ചാണി, വിഴിഞ്ഞം വാർഡുകളിലാണ് എൽഡിഎഫിന് വിമത ഭീഷണി. പൗണ്ട് കടവിലും ഉള്ളൂരിലും കഴക്കൂട്ടത്തും പുഞ്ചക്കരിയിലും വിഴിഞ്ഞത്തുമാണ് യുഡിഎഫിന് വിമതശല്യം. കൊച്ചി കോർപ്പറേഷനിൽ മുൻ ഡെപ്യൂട്ടി മേയർ പ്രേംകുമാർഅടക്കം പത്തിലേറെ വാർഡിൽ യുഡിഎഫിനും വിമത ഭീഷണിയുണ്ട്.
തൃശൂരിൽ കോൺഗ്രസിനും സിപിഎമ്മിനും സിപിഐക്കും വിമതരുണ്ട്. പാലക്കാട് പിരിയാരി പഞ്ചായത്തിൽ അഞ്ചിടങ്ങളിൽ യുഡിഎഫിന് വെല്ലുവിളിയായി വിമതർ മത്സരിക്കും. പിൻവാങ്ങാത്ത വിമതരെ പുറത്താക്കുമെന്നാണ് കോൺഗ്രസ് പ്രഖ്യാപനം.