വി.കെ. ശ്രീകണ്ഠൻ, കെ.എ. തുളസി
പാലക്കാട്: കോൺഗ്രസിന്‍റെ കെ.എ. തുളസി കോങ്ങാട് മണ്ഡലത്തിൽ വിജയക്കൊടിപ്പാറിക്കുമ്പോൾ അതു ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു അപൂർവതയ്ക്ക് സാക്ഷിയായി. പാലക്കാട് എംപിയായ വി.കെ. ശ്രീകണ്ഠന്‍റെ ഭാര്യയാണ് തുളസി. ഇതോടെ ഒരു വീട്ടിൽ നിന്ന് ഭർത്താവ് എംപിയും ഭാര്യ എംഎൽഎയുമെന്ന കൗതുകരമായ രാഷ്ട്രീയ നേട്ടം കുറിക്കപ്പെട്ടു. സിപിഎമ്മിന്‍റെ സിറ്റിങ് എംഎൽഎയായിരുന്ന കെ. ശാന്തകുമാരിയെയാണ് തുളസി പരാജയപ്പെടുത്തിയത്. 3706 വോട്ടുകൾക്ക് തുളസിയുടെ ജയം.
കേരള രാഷ്ട്രീയ ചരിത്രത്തിൽ മുൻപും ഒരു വീട്ടിൽ നിന്ന് രണ്ടു ജനപ്രതിനിധികളുണ്ടായിട്ടുണ്ട്. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരനും മകൻ കെ. മുരളീധരനും ഒരേ സമയം ജനപ്രതിനിധികളായവരാണ്. 1991ൽ കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ മുരളീധരൻ കോഴിക്കോട് നിന്ന് ലോക്സഭയിലെത്തി. മുൻ ധനമന്ത്രി കെ.എം. മാണിയെയും മകൻ ജോസ് കെ. മാണിയെയും ഈ നിരയിൽ ഉൾപ്പെടുത്താം.
1965 മുതൽ കെ.എം. മാണി നിയമസഭാംഗത്വം കാത്തുസൂക്ഷിച്ചപ്പോൾ, 2009 മുതൽ 2019 വരെ ജോസ് കെ. മാണി പാർലമെന്‍റിൽ കോട്ടയത്തെ പ്രതിനിധീകരിച്ചു. 2001ൽ ആർ. ബാലകൃഷ്ണപിള്ള കൊട്ടാരക്കരയിൽ നിന്നും മകൻ കെ.ബി. ഗണേഷ് കുമാർ പത്തനാപുരത്ത് നിന്നും നിയമസഭയിലെത്തിയിട്ടുണ്ട്. ഒന്നാം നിയമസഭയിലെ അംഗങ്ങളായിരുന്ന ടി.വി. തോമസും ഭാര്യ കെ.ആർ. ഗൗരിയമ്മയുമാണ് ആദ്യമായി ഒരു വീട്ടിൽ നിന്ന് ജനപ്രതിനിധികളായവർ. അന്ന് മന്ത്രിസ്ഥാനവും രണ്ടുപേർക്കും ലഭിച്ചു. 1967ലെ ഇ.എം.എസ് മന്ത്രിസഭയിലും തോമസും ഗൗരിയമ്മയും അംഗങ്ങളായിരുന്നു.