30 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും തട്ടിച്ച പ്രതി 18 വർഷത്തിനു ശേഷം പിടിയിൽ 
Crime

30 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും തട്ടിച്ച പ്രതി 18 വർഷത്തിനു ശേഷം പിടിയിൽ

പാരമ്പര്യമായി സ്വർണ്ണപ്പണിക്കാരനായ പ്രതി സ്വർണ്ണക്കട്ടി ശുദ്ധി ചെയ്തുകൊടുക്കാമെന്ന് പറഞ്ഞാണ് 30 പവൻ സ്വർണ്ണം ജ്വല്ലറിയിൽ നിന്നും വാങ്ങിയത്.

നീതു ചന്ദ്രൻ

കൊച്ചി: മൂവാറ്റുപുഴയിലെ ജ്വല്ലറിയിൽ നിന്ന് 240 ഗ്രാം സ്വർണവും മറ്റൊരാളിൽ നിന്ന് ഒന്നര ലക്ഷം രൂപയും കൈക്കലാക്കി മുങ്ങിയ പ്രതിയെ 18 വർഷത്തിന് ശേഷം മൂവാറ്റുപുഴ പോലീസ് സാഹസികമായി പിടികൂടി. മുംബൈ മുലുന്ദ് ജോർജിയോൺ ലിങ്ക് റോഡിൽ മഹീന്ദ്രാ ഹശ്ബാ യാദവ് (53)നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2006 ൽ ആണ് സംഭവം. ജ്വല്ലറിയിലെ വിശ്വസ്തനായ സ്വർണ്ണ പണിക്കാരനായിരുന്നു ഇയാൾ. പാരമ്പര്യമായി സ്വർണ്ണപ്പണിക്കാരനായ പ്രതി കുടുംബസമേതം മൂവാറ്റുപുഴ ഭാഗത്താണ് താമസിച്ചിരുന്നത്.

സ്വർണ്ണക്കട്ടി ശുദ്ധി ചെയ്തുകൊടുക്കാമെന്ന് പറഞ്ഞ് 240 ഗ്രാം സ്വർണ്ണം ജ്വല്ലറിയിൽ നിന്നും വാങ്ങി. യാദവിന്‍റെ സുഹൃത്തിൽ നിന്ന് ഒന്നര ലക്ഷം രൂപയും മേടിച്ച് കടുംബസമേതം മുങ്ങി. ആ സമയം ഇയാൾ മുംബൈയിൽ താമസിച്ചിരുന്നത് സാൻഗ്ലീ ജില്ലയിലെ പൽ വൻ ഗ്രാമത്തിലായിരുന്നു. അവിടെ പോലീസ് വ്യാപക അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. പതിനെട്ടു വർഷങ്ങൾക്ക് ശേഷം ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ കേസ് പുനരന്വേഷണം നടത്തുകയായിരുന്നു.

ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നു അന്വേഷണം. ഇയാൾ മുംബൈയിലുണ്ടെന്ന് കണ്ടെത്തി. സമ്പന്നർ താമസിക്കുന്ന പ്രദേശത്ത് ജ്വല്ലറികളുടെ ഉടമയായി കഴിയുകയായിരുന്നു. ഇയാളെ അവിടെ നിന്ന് അറസ്റ്റ് ചെയ്യുക ബുദ്ധിമുട്ടായിരുന്നു. തുടർന്ന് പുലർച്ചെ നടത്തിയ പ്രത്യേക ഓപ്പറേഷനിൽ സാഹസികമായി പിടി കൂടി. മൂവാറ്റുപുഴ ഡിവൈഎസ്പി പി എം ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്പെക്ടർമാരായ മാഹിൻ സലിം, വിഷ്ണു രാജു, കെ. കെ. രാജേഷ്, പി. കെ. വിനാസ്, പി.സി. ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.എ. അനസ്, ബിബിൽ മോഹൻ എന്നിവർ ഉൾപ്പെട്ട ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മഞ്ഞുമ്മൽ ബോയ്സ് മികച്ച ചിത്രം, മമ്മൂട്ടി നടൻ, ഷംല നടി

മുംബൈ സ്വദേശിനിക്ക് മൂന്നാറിൽ ദുരനുഭവം; 2 പൊലീസുകാർക്ക് സസ്പെൻഷൻ

''ആര് മത്സരിച്ചാലും തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫിന് സ്വന്തം'': വി. ശിവന്‍കുട്ടി

മെസി മാർച്ചിൽ എത്തും; മെയിൽ‌ വന്നെന്ന് മന്ത്രി അബ്ദു റഹ്മാന്‍

പിഞ്ചുകുഞ്ഞ് അമ്മയുടെ കൈയിൽ നിന്ന് കിണറ്റിൽ വീണു മരിച്ചു