ഇസ്ലാമബാദ്: ഓൺലൈൻ വഴി 33കാരിയായ ഒനിജ റോബിൻസണെ കാമുകിയാക്കിയപ്പോൾ പാക്കിസ്ഥാൻ പയ്യൻ പത്തൊമ്പതുകാരൻ നിദാൽ അഹമ്മദ് മേമൻ ഒരിക്കലും ഇങ്ങനൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോഴിതാ തന്‍റെ കാമുകനെ തേടി അമെരിക്കയിൽ നിന്നും പാകിസ്ഥാനിലെത്തിയിരിക്കുകയാണ് കാമുകി ഒനിജ. പക്ഷേ, കാമുകന്‍റെയോ അവന്‍റെ മാതാപിതാക്കളുടെയോ പൊടി പോലുമില്ല ഇവിടെങ്ങും.
ഓൺലൈൻ വഴി സൗഹൃദത്തിലും പിന്നീട് പ്രണയത്തിലുമായ കറാച്ചി സ്വദേശി നിദാൽ അഹമ്മദ് മേമനെ തേടിയാണ് ന്യൂയോർക്ക് സ്വദേശിനിയായ 33 കാരി ഒനിജ റോബിൻസൺ പാക്കിസ്ഥാനിലെത്തിയത്. പത്തൊമ്പതു കാരനായ നിദാലിനെ വിവാഹം കഴിക്കുക എന്നതായിരുന്നു 33 കാരി ഒനിജയുടെ ലക്ഷ്യം. എന്നാൽ നിദാലിന്‍റെ മാതാപിതാക്കൾ ഈ ബന്ധം നിഷേധിച്ചു.
കറാച്ചിയിലെ തങ്ങളുടെ വീടു പൂട്ടി കുട്ടിക്കാമുകനുമായി മാതാപിതാക്കൾ നാടു വിട്ടു. അതോടെ നിദാലിന്‍റെ കറാച്ചിയിലെ വീടിനു പുറത്തു തമ്പടിച്ച ഒനിജ നിരാശയിലായി. ഇപ്പോൾ പാക് സർക്കാരിനോട് ഒരു ലക്ഷം ഡോളർ നഷ്ടപരിഹാരം തേടിയിരിക്കുകയാണ് യുവതി.
കറാച്ചിയിലെ ഒരു പ്രാദേശിക ആക്റ്റിവിസ്റ്റും യൂട്യൂബറുമായ സഫർ അബ്ബാസ് സമൂഹ മാധ്യമങ്ങളിൽ ഈ വിഷയം പങ്കുവെച്ചതോടെയാണ് സംഭവം പുറത്തുവന്നത്. വിഷയത്തിൽ സിന്ധ് ഗവർണർ കമ്രാൻ ഖാൻ ടെസ്റ്റോറി ഇടപെട്ടിട്ടുണ്ട്. നിദാലിനെ പാക്കിസ്ഥാൻ ഇന്‍റലിജൻസ് അറസ്‌റ്റ് ചെയ്‌തതായാണ് വിവരം.