ഹോംവർക്ക് ചെയ്യാത്തതിന്‍റെ പേരിൽ രണ്ടാം ക്ലാസുകാരനെ തലകീഴാക്കി കെട്ടിയിട്ട് തല്ലി; സ്കൂൾ പ്രിൻസിപ്പാളിനും ഡ്രൈവർക്കുമെതിരേ കേസ്

 
Crime

ഹോംവർക്ക് ചെയ്യാത്തതിന് രണ്ടാം ക്ലാസുകാരനെ തലകീഴായി കെട്ടിയിട്ട് തല്ലി; പ്രിൻസിപ്പലിനും ഡ്രൈവർക്കുമെതിരേ കേസ്

കുട്ടി ഹോം വർക്ക് ചെയ്യാതിരുന്നതിനാൽ ശകാരിക്കാനായി സ്കൂൾ ബസ് ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നതായി പ്രിൻസിപ്പാൾ മൊഴി നൽകിയിട്ടുണ്ട്.

നീതു ചന്ദ്രൻ

പാനിപത്ത്: ഹോം വർക്ക് ചെയ്യാഞ്ഞതിന്‍റെ പേരിൽ രണ്ടാം ക്ലാസുകാരനെ തല കീഴാക്കി കെട്ടിയിട്ട് മർദിച്ചതായി പരാതി. ഹരിയാനയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. 7 വയസുള്ള കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പൊലീസ് പ്രിൻസിപ്പാൾ റീന, സ്കൂൾ ബസ് ഡ്രൈവർ അജയ് എന്നിവർക്കെതിരേ കേസെടുത്തു. ഇരുവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. സ്കൂൾ ഡ്രൈവർ കുട്ടിയെ തലകീഴാക്കി കെട്ടിയിട്ട് തല്ലുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വെളിച്ചത്ത് വന്നത്. കുട്ടിയുടെ അമ്മ ഡോളിയാണ് പരാതി നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ വിശദീകരണം തേടിയപ്പോൾ കുട്ടി ഹോം വർക്ക് ചെയ്യാതിരുന്നതിനാൽ ശകാരിക്കാനായി സ്കൂൾ ബസ് ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നതായി പ്രിൻസിപ്പാൾ മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ കുട്ടിയെ ഇത്തരത്തിൽ മർദിച്ചതായി അറിയില്ലായിരുന്നുവെന്നും പ്രിൻസിപ്പാൾ പറയുന്നു. ഡ്രൈവർ അജയ് ആവശ്യപ്പെട്ടതിനനുസരിച്ച് ക്ലാസ്റൂമിലെത്തിയപ്പോൾ ജനലിൽ തല കീഴാക്കി കെട്ടിത്തൂക്കി മുഖത്ത് പല തവണ അടിച്ചുവെന്നും വിഡിയോ എടുത്തുവെന്നും സുഹൃത്തുക്കളെ വിഡിയോകോൾ ചെയ്ത് കുട്ടിയെ കെട്ടിത്തൂക്കിയത് കാണിച്ചുവെന്നും ഇക്കാര്യം മറ്റാരോടെങ്കിലും പറഞ്ഞാൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

കുട്ടിയുടെ അമ്മയും പ്രിൻസിപ്പാളും ചേർന്ന് ഇക്കാര്യം ചോദിക്കാനായി ഡ്രൈവറുടെ വീട്ടിലെത്തിയെങ്കിലും പ്രതി ആ സമയത്ത്വീട്ടിലുണ്ടായിരുന്നില്ല. തൊട്ടു പിന്നാലെ 20 പേരോളം വരുന്ന സംഘം തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും മോശമായി പെരുമാറിയെന്നും ഡോളി ആരോപിക്കുന്നു. ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായി പ്രിൻസിപ്പാൾ വ്യക്തമാക്കി. സ്കൂൾ പ്രിൻസിപ്പാൾ രണ്ട് വിദ്യാർഥികളെ തല്ലുന്ന വിഡിയോയും പുറത്തു വന്നിരുന്നു.

ലോറൻസ് ബിഷ്‌ണോയി സംഘത്തെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് ക്യാനഡ

പാൽ ഉത്‌പാദനം 33.8 ലക്ഷം ടണ്ണിലേക്ക് എത്തിക്കും

സപ്ലൈകോ വിൽപന ശാലകൾ ചൊവ്വയും ബുധനും തുറക്കും

പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധം ശക്തം; 2 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

സംഘാടനത്തിൽ വീഴ്ച; മോട്ടോർ വാഹന വകുപ്പിന്‍റെ പരിപാടി ബഹിഷ്ക്കരിച്ച് ഗണേഷ് കുമാർ