യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; 49 കാരൻ അറസ്റ്റിൽ
representative image
തിരുവല്ല: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തൊടുപുഴ സ്വദേശി ടി.ആർ. ബൈജുവാണ് അറസ്റ്റിലായത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് സമൂഹമാധ‍്യമത്തിലൂടെയാണ് അവിവാഹിതയായ നാൽപ്പതു വയസുകാരിയെ ബൈജു പരിചയപ്പെട്ടത്.
2022 ജൂൺ ഒന്നു മുതൽ 2025 മേയ് നാലുവരെയുള്ള കാലയളവിൽ വിവിധയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് പ്രതി അറസ്റ്റിലായത്.
യുവതിയെ വിവാഹം കഴിക്കാമെന്നും താൻ വിവാഹമോചിതനാണെന്നും ഇയാൾ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. തമ്പാനൂർ, ചെങ്ങന്നൂർ, കോഴഞ്ചേരി, തിരുവല്ല, ഇടുക്കി എന്നിവിടങ്ങളിലെ ലോഡ്ജുകളിലും പിഡബ്ല‍്യുഡി റസ്റ്റ് ഹൗസുകളിലും എത്തിച്ച് യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി.
പരാതിക്കാര‍്യം അറിയാതെ യുവതിയെ കാണാൻ തിരുവല്ല ബസ് സ്റ്റാൻഡിലെത്തിയ ബൈജുവിനെ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് പ്രതിയെ റിമാൻഡ് ചെയ്തു.