ഓം പ്രകാശ്
ജയ്പുർ: സംസാരിക്കാൻ വിസമ്മതിച്ചതിന്‍റെ പേരിൽ 14കാരിക്ക് നേരെ ആസിഡ് എറിഞ്ഞ ഫോട്ടൊഗ്രാഫർ അറസ്റ്റിൽ. രാജസ്ഥാനിലെ ശ്രീ ഗംഗാ നഗർ ജില്ലയിലാണ് സംഭവം. ആസിഡ് വീണ് പെൺകുട്ടിയുടെ വിരലുകളിൽ പരുക്കേറ്റിട്ടുണ്ട്. 19 വയസുള്ള ഓം പ്രകാശ് ആണ് അറസ്റ്റിലായിരിക്കുന്നത്. സംഭവം നടന്ന് മൂന്നു ദിവസത്തിനു ശേഷമാണ് പ്രതി പിടിയിലായത്. ഒരു വിവാഹ വീട്ടിൽ വച്ച് കണ്ട പെൺകുട്ടിയെ ഓംപ്രകാശ് പിന്തുടരുകയായിരുന്നു.
പെൺകുട്ടി സംസാരിക്കാൻ വിസമ്മതിക്കുകയും ശകാരിക്കുകയും ചെയ്തതോടെ ഇയാൾക്ക് വൈരാഗ്യമായി. പക തീർക്കാനായി ഒമ്പതാം ക്ലാസുകാരിയായ പെൺകുട്ടി സ്കൂളിൽ പോകുന്ന വഴിയിൽ കാത്തു നിന്നാണ് പ്രതി ആസിഡ് എറിഞ്ഞത്. ആസിഡിൽ ഭൂരിഭാഗവും കുട്ടിയുടെ വസ്ത്രത്തിൽ വീണതിനാൽ വലിയ അപകടം ഒഴിവായി എന്ന് പൊലീസ് പറയുന്നു.
മുഖം മുഴുവൻ മറച്ചു കൊണ്ടുള്ള തുണി കെട്ടിയ ശേഷം ഹെൽമറ്റും വച്ചാണ് പ്രതി പെൺകുട്ടിയെ ആക്രമിച്ചത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിന്‍റെ നമ്പറും മറച്ചിരുന്നു.