നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികൾക്കും 20 വർഷം കഠിനതടവ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും 20 വർഷം കഠിനതടവ് പ്രഖ്യാപിച്ച് എറണാകുളം സെഷൻസ് കോടതി. ജഡ്ജി ഹണി.എം.വർഗീസ് ആണ് കേസിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. കൂട്ടബലാത്സംഗക്കുറ്റത്തിന് നൽകാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്‍റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്.സലീം, പ്രദീപ് എന്നിവരെയാണ് കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
50,000 രൂപ വീതം പിഴ അടയ്ക്കാനും വിധിച്ചിട്ടുണ്ട്. 5 ലക്ഷം രൂപ അതിജീവിതയ്ക്ക് കൈമാറും. പ്രതികളുടെ പ്രായവും കുടുംബപശ്ചാത്തലവും പരിഗണിച്ചാണ് കൂട്ട ബലാത്സംഗത്തിനുള്ള പരമാവധി ശിക്ഷ നൽകാതിരിക്കുന്നതെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുമില്ല. ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ കസ്റ്റഡിയിൽ സൂക്ഷിക്കാനും കോടതി നിർദേശിച്ചു.
വിചാരണക്കാലയളവിലെ തടവും ശിക്ഷയിൽ ഉൾപ്പെടുത്തും. അതു പ്രകാരം ഒന്നാം പ്രതിയായ പൾസർ സുനി 12.5 വർഷവും രണ്ടാം പ്രതി മാർട്ടിൻ 13.5 വർഷവും ജയിൽ ശിക്ഷ അനുഭവിച്ചാൽ മതിയാകും. പ്രതികളെയെല്ലാം വിയ്യൂർ ജയിലിലേക്ക് മാറ്റും.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. അതിജീവിതയുടെ വിവാഹനിശ്ചയ മോതിരം തിരികെ നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഉച്ച കഴിഞ്ഞ് 3.30ന് വിധി പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചതെങ്കിലും വിധിപ്പകർപ്പ് പ്രിന്‍റ് ചെയ്യുന്നതിൽ കാലതാമസം നേടിട്ടതിനാൽ ഒരു മണിക്കൂറിലധികം വൈകി 4.45നാണ് വിധി പ്രഖ്യാപിച്ചത്.