വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളിക്കെതിരേ വധശ്രമക്കുറ്റം

 
Representative image
Crime

വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളിക്കെതിരേ വധശ്രമക്കുറ്റം

കൂടുതൽ തെളിവുകൾ ലഭിച്ചാൽ അധിക വകുപ്പുകൾ ചുമത്തുകയും വിശദമായ അന്വേഷണത്തിനായി കേസ് മറ്റ് ഏജൻസികൾക്ക് കൈമാറുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു

Sarath Nath MS

കൊച്ചി: മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യാത്രക്കാരനെതിരേ വധശ്രമക്കുറ്റം ചുമത്തി. വിമാനത്തിലുണ്ടായിരുന്ന മറ്റു യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് വധശ്രമക്കുറ്റം ചുമത്തിയത്.

പാലക്കാട് കൂട്ടനാട് സ്വദേശി ജംഷീർ അത്താണിക്കൽ ആണ് കേസിലെ പ്രതി. ബുധനാഴ്ച ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ബാറ്റിക് എയറിന്‍റെ വിമാനത്തിലായിരുന്നു ഇയാൾ യാത്ര ചെയ്തിരുന്നത്. യാത്രയ്ക്കിടെ ഇ‍യാൾ ആകാശത്ത് വച്ച് വിമാനത്തിന്‍റെ എമർജൻസി എക്സിറ്റ് ബലംപ്രയോഗിച്ച് തുറക്കാൻ ശ്രമിക്കുകയും ജനൽ പാനലിന് കേടുപാടുകൾ വരുത്തുകയും സഹയാത്രികരെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. വിമാനം കൊച്ചിയിൽ ഇറങ്ങിയതിനു പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

അന്വേഷണത്തിന്‍റെ ഭാഗമായി പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പ്രതിയെ അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് അപേക്ഷ നൽകും. പ്രതിയുടെ മാനസികനില പരിശോധിക്കുന്നതിനുള്ള പരിശോധന നടത്താനും കോടതിയിൽ അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു.

അറസ്റ്റിന് പിന്നാലെ നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ വിമാനയാത്രയ്ക്കിടെ തനിക്ക് മരിക്കണമെന്ന് തോന്നിയിരുന്നതായി ജംഷീർ പൊലീസിനോട് പറഞ്ഞതായാണ് വിവരം. പ്രതിയുടെയും ബന്ധുക്കളുടെയും ആരോഗ്യചരിത്രവും അന്വേഷണത്തിന്‍റെ ഭാഗമായി പരിശോധിച്ചുവരികയാണ്.

വിമാനത്തിലുണ്ടായിരുന്ന മറ്റു യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തും. നിലവിൽ വിദേശത്തുള്ള ക്യാബിൻ ജീവനക്കാരുടെ മൊഴിയും ശേഖരിക്കാൻ ശ്രമിക്കുന്നതായി പൊലീസ് അറിയിച്ചു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോഴും ജംഷീർ അക്രമാസക്തമായി പെരുമാറിയതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷമായി മലേഷ്യയിൽ സുഹൃത്തിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു ജംഷീർ. നവജാത ശിശുവിനെ കാണുന്നതിനായാണ് കേരളത്തിലേക്ക് യാത്ര ചെയ്തതെന്നും പൊലീസ് അറിയിച്ചു.

അതേസമയം, മറ്റ് സംസ്ഥാന-കേന്ദ്ര അന്വേഷണ ഏജൻസികളും ജംഷീറിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്. അന്വേഷണത്തിനിടെ കൂടുതൽ തെളിവുകൾ ലഭിച്ചാൽ അധിക വകുപ്പുകൾ ചുമത്തുകയും വിശദമായ അന്വേഷണത്തിനായി കേസ് മറ്റ് ഏജൻസികൾക്ക് കൈമാറുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡിശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍