വളാഞ്ചേരി: യാത്രയ്ക്കിടെ ട്രെയിനിൽ വയോധിക ദമ്പതിമാരുമായി അടുപ്പം സ്ഥാപിച്ച് പിറ്റേ ദിവസം അവരുടെ വീട്ടിലെത്തി സ്വർണം കവർന്ന പ്രതി അറസ്റ്റിൽ. തൃശൂർ വാടാനപ്പള്ളി തിണ്ടിക്കൽ ബാദുഷ (33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 12-ാം തിയതിയായിരുന്നു ബാദുഷ വളാഞ്ചേരി കോട്ടയം പെട്രോൾ പമ്പിന് സമീപത്തുള്ള കോഞ്ചത്ത് ചന്ദ്രന്‍റെ വീട്ടിലെത്തി ഭാര‍്യ ചന്ദ്രമതിയുടെ ആഭരണങ്ങളുമായി കടന്നു കളഞ്ഞത്.
കൊട്ടാരക്കരയിൽ ഡോക്റ്ററെ കണ്ട് മടങ്ങവെ ട്രെയിനിൽ ഇരിക്കാൻ സീറ്റ് നൽകിയതിലൂടെയാണ് ഇയാൾ ദമ്പതിമാരുമായി സൗഹൃദം സ്ഥാപിച്ചത്. മുട്ടുവേദനയ്ക്ക് മരുന്ന് വാങ്ങാൻ പോയതാണെന്നു പറഞ്ഞപ്പോൾ താൻ നാവികസേന ഉദ‍്യോഗസ്ഥനാണെന്നു പറയുകയും സേനാ ആശുപത്രിയിൽ കുറഞ്ഞ ചെലവിൽ മുട്ടിന് ശസ്ത്രക്രിയ നടത്താനുള്ള സൗകര‍്യമേർപ്പെടുത്താമെന്നും ഇയാൾ പറഞ്ഞു വിശ്വസിപ്പിച്ചു.
ചേർത്തലയിൽ ഇറങ്ങുന്നതിനിടെ ഇയാൾ മൊബൈൽ നമ്പറും വാങ്ങി. അടുത്ത ദിവസം രാവിലെ ചന്ദ്രന്‍റെ ഫോണിൽ വിളിക്കുകയും ശസ്ത്രക്രിയക്ക് തിയതി ലഭിച്ചതായും മുമ്പ് നടത്തിയ ചികിത്സയുടെ പേപ്പറുകൾ വേണമെന്ന് ആവശ‍്യപ്പെട്ടു. വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തതനുസരിച്ച് കോട്ടപ്പുറത്തെ വീട്ടിലെത്തി.
തുടർന്ന് ജൂസിൽ മയക്കുഗുളിക ഇട്ട് ബോധംകെടുത്തി സ്വർണാഭരണങ്ങളുമായി രക്ഷപ്പെടുകയായിരുന്നു. ആറുപവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. വളാഞ്ചേരി പൊലീസിന്‍റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. തൃശൂരിലെ ജൂവലറിയിൽ നിന്നും സ്വർണാഭരണങ്ങൾ വീണ്ടെടുത്തതായി പൊലീസ് പറഞ്ഞു.