കറി കുറഞ്ഞതിനെ ചൊല്ലി ഹോട്ടലിൽ സംഘർഷം: ആറ് പേർക്കും ഹോട്ടൽ ജീവനക്കാരനും പരുക്കേറ്റു
ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ ഊണിന് കറി കുറഞ്ഞതിനെ ചൊല്ലി ഹോട്ടലിലെ സംഘർഷം. അക്രമത്തിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആറ് പേർക്കും ഹോട്ടൽ ജീവനക്കാരനും പരുക്കേറ്റു. കല്യാണത്തിന് വസ്ത്രം എടുക്കാനെത്തിയ മ്ലാമല സ്വദേശി ഷംസും കുടുംബവും ഭക്ഷണം കഴിക്കാൻ കട്ടപ്പന പുളിയൻമല റോഡിലെ അമ്പാടി ഹോട്ടലിൽ എത്തിയപ്പോഴാണ് സംഘർഷം നടന്നത്.
കറി കുറഞ്ഞു പോയതിന്‍റെ പേരിൽ വീണ്ടും ആവശ്യപ്പെട്ടതോടെയാണ് തർക്കം നടക്കുന്നത്. ഒടുക്കം പൊലീസെത്തിയാണ് സംഘർഷം നിയന്ത്രിച്ചത്.
പ്രതിശ്രുത വരൻ ഉൾപ്പെടെ ആറ് പേർക്കും ഹോട്ടൽ ജീവനക്കാരനുമാണ് പരുക്കേറ്റത്. ചികിത്സയ്ക്കായി കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ ഇരു കൂട്ടരും തമ്മിൽ വീണ്ടും സംഘർഷം ഉണ്ടായി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.