ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചതേ ഓർമയുള്ളൂ, 80കാരന് നഷ്ടപ്പെട്ടത് 9 കോടി രൂപ!
freepik.com
മുംബൈ: ഫെയ്സ്ബുക്ക് വഴിയുള്ള സൗഹൃദത്തിലൂടെ 80കാരന് നഷ്ടപ്പെട്ടത് 9 കോടി രൂപ. മുംബൈ സ്വദേശിയാണ് സൈബർ തട്ടിപ്പിന് ഇരയായതായി കാണിച്ച് പരാതി നൽകിയിരിക്കുന്നത്. 2023 മുതൽ തുടർച്ചയായി രണ്ടു വർഷത്തോളം സ്നേഹത്തിന്‍റെയും സഹതാപത്തിന്‍റെയും പേരിൽ പണം തട്ടുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ പരാതിക്കാരന്‍റെ അക്കൗണ്ടിൽ നിന്ന് 734 തവണയാണ് ഓൺലൈൻ പണമിടപാട് നടന്നിരിക്കുന്നതെന്ന് കണ്ടെത്തി. നാല് സ്ത്രീകളുടെ അക്കൗണ്ടുകളിലേക്കാണ് പണം പോയിരിക്കുന്നത്. നാലു പേരിലുള്ള അക്കൗണ്ടുകളും ഒരാളുടെ തന്നെയാകാനുള്ള സാധ്യതകളും പൊലീസ് തള്ളിക്കളയുന്നില്ല.
2023 ഏപ്രിലിൽ ശാർവി എന്നു പേരുള്ള പെൺകുട്ടിക്ക് പരാതിക്കാരൻ ഫെയ്സ്ബുക്കിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ആദ്യം പെൺകുട്ടി റിക്വസ്റ്റ് സ്വീകരിച്ചില്ല. എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം ശാർവിയുടെ അക്കൗണ്ടിൽ നിന്നൊരു റിക്വസ്റ്റ് വന്നുവെന്ന് പരാതിക്കാരൻ പറയുന്നു. വൈകാതെ ഇരുവരും പരസ്പരം ചാറ്റ് ചെയ്യുകയും ഫോൺ നമ്പർ കൈമാറുകയും ചെയ്തു. പിന്നീട് വാട്സാപ്പിലും ചാറ്റ് തുടർന്നു. താൻ ഭർത്താവുമായി അകന്നു കഴിയുകയാണെന്നും രണ്ടു കുട്ടികളുണ്ടെന്നുമാണ് ശാർവി പറഞ്ഞിരുന്നത്. അധികം വൈകാതെ കുട്ടികൾക്ക് അസുഖമാണെന്നും ചികിത്സിക്കാൻ പണമില്ലെന്നും പറഞ്ഞതോടെ പരാതിക്കാരൻ പണം നൽകി സഹായിക്കാൻ തുടങ്ങി.
പിന്നീട് കവിത എന്നൊരു പെൺകുട്ടിയും പരാതിക്കാരനുമായി വാട്സാപ്പിലൂടെ ചാറ്റ് ചെയ്യാൻ തുടങ്ങി. ശാർവിയുടെ സുഹൃത്താണെന്നും സംസാരിക്കാൻ താത്പര്യമുണ്ടെന്നുമായിരുന്നു ആദ്യം പറഞ്ഞത്. പിന്നീട് ലൈംഗിക ചുവയുള്ള സംസാരത്തിലേക്ക് കടക്കുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. ഡിസംബറിൽ മറ്റൊരു സ്ത്രീയും പരാതിക്കാരനുമായി ചാറ്റിങ് ആരംഭിച്ചു. ദിനാസ് എന്നായിരുന്നു പേര്. ശാർവിയുടെ സഹോദരിയാണെന്നാണ് അവർ പരിചയപ്പെടുത്തിയത്. ശാർവി മരിച്ചു പോയെന്നും ആശുപത്രി ബിൽ അടയ്ക്കാൻ പണം നൽകണമെന്നും പറഞ്ഞതിനെത്തുടർന്ന് പരാതിക്കാരൻ വീണ്ടും പണം നൽകി.
കുറേ കാലത്തിനു ശേഷം പണം തിരികെ ചോദിച്ചപ്പോൾ ദിനാസ് ആത്മഹത്യാ ഭീഷണി മുഴക്കി. അധികം വൈകാതെ ജാസ്മിൻ എന്നൊരു സ്ത്രീയും പരാതിക്കാരനുമായി ചാറ്റ് ചെയ്യാൻ തുടങ്ങി. ദിനാസിന്‍റെ സുഹൃത്താണെന്നു പരിചയപ്പെടുത്തിയാണ് അവർ പണം ആവശ്യപ്പെടാൻ തുടങ്ങിയത്. 2023 ഏപ്രിൽ മുതൽ 2025 ജനുവരി വരെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് 8.7 കോടി രൂപയാണ് പരാതിക്കാരനിൽ നിന്ന് ഈ സ്ത്രീകൾ ഈടാക്കിയത്. കൈയിലുള്ള പണം തീർന്നതോടെ മരുമകളുടെ കൈയിൽ നിന്ന് 2 ലക്ഷം രൂപ കടം വാങ്ങിയാണ് പരാതിക്കാരൻ തട്ടിപ്പുകാരിക്ക് പണം നൽകിയത്. പിന്നെയും ആവശ്യം നീണ്ടപ്പോൾ മകനോട് 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. സംശയം തോന്നിയ മകൻ വിശദമായ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തു വന്നത്. സൈബർ തട്ടിപ്പിനിരയായെന്ന് അറിഞ്ഞ ഞെട്ടലിൽ തളർന്നു പോയ പരാതിക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.