കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ചു
കോട്ടയം: ലഹരി ഇടപാടിലെ സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കോട്ടയം പുതുപ്പളളി തോട്ടക്കാട് സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭയിലെ മുൻ കോൺഗ്രസ് കൗൺസിലർ വി.കെ.അനിൽകുമാറിനെയും, മകൻ അഭിജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് സംഭവം നടന്നത്. എംഡിഎംഎയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലെ തർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
ആദർശിന്‍റെ കൈയിൽ ഉണ്ടായിരുന്ന ലഹരി മരുന്ന് അഭിജിത്ത് വാങ്ങിയിരുന്നു. പക്ഷേ പണം കൊടുത്തിരുന്നില്ല. ഇതേതുടർന്ന് ആദർശ് മാണിക്കുന്നിലുളള അനിൽകുമാറിന്‍റെ വീട്ടിലെത്തി പ്രശ്നം ഉണ്ടാക്കി. തുടർന്ന് ഉണ്ടായ വാക് തർക്കത്തിൽ അനിൽകുമാറും, അഭിജിത്തും ചേർന്ന് ആദർശിനെ കുത്തിക്കുകയായിരുന്നു. ബോധരഹിതനായ ആദർശിനെ കോട്ടയം മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് ശേഷം ഇരുവരും കടന്നുകളയുന്നതിനിടെ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.