വിദ്യാർഥിയുടെ അടക്കം പീഡനത്തിനിരയായവരുടെ മൃതദേഹങ്ങൾ വർഷങ്ങളോളം കത്തിച്ച് കുഴിച്ചുമൂടി: ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ബംഗളൂരു: കർണാടയെ ഞെട്ടിച്ച് നിർണായക വെളിപ്പെടുത്തലുമായി ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി. സ്കൂൾ കുട്ടികൾ ഉൾപ്പെടെ ബലാത്സംഗത്തിനിരയായ നിരവധി പേരുടെ മൃതദേഹങ്ങൾ താൻ കത്തിച്ച് കുഴിച്ചു മൂടിയെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ. ധർമസ്ഥലം ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയാണ് ദക്ഷിണ കന്നഡ പൊലീസ് സ്റ്റേഷനിലെത്തി ഇക്കാര്യങ്ങൾ പറഞ്ഞത്.
സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങളിൽ ചിലതിന്‍റെ ദൃശ്യങ്ങളും ഇയാൾ പൊലീസിനു കൈമാറി. തന്‍റെ പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്നും കുടുംബത്തിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പശ്ചാത്താപം തോന്നിയതുകൊണ്ടും ഇരകള്‍ക്ക് നീതി ലഭിക്കണമെന്നതുകൊണ്ടുമാണ് ഇപ്പോള്‍ ഇക്കാര്യം തുറന്നുപറയുന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
1995നും 2014നും ഇടയിലാണ് ധർമസ്ഥലത്ത് താൻ ശുചീകരണ തൊഴിലാളിയായി ജോലിചെയ്തിരുന്നത്. അന്ന് ആ പരിസര പ്രദേശങ്ങളിൽ നിരവധി മൃതദേഹങ്ങൾ താൻ കണ്ടിരുന്നു. ഇതിൽ അധികവും സ്ത്രീകളുടേതും കുട്ടികളുടേതുമായിരുന്നു. അധികം മൃതദേഹങ്ങളും നഗ്നമായിരുന്നു. ക്രൂരമായ ലൈംഗിക പീഡനങ്ങൾക്കിരയായതായി മനസിലാകുമായിരുന്നു.
താൻ ഇത് തന്‍റെ സൂപ്പര്‍വൈസറോട് പറഞ്ഞെങ്കിലും അദ്ദേഹം അവയെല്ലാം രഹസ്യമായി കുഴിച്ചിടാൻ ആവശ്യപ്പെടുകയായിരുന്നു. അതിനു വിസമ്മതിച്ച താൻ പൊലീസിൽ വിവരമറിയിക്കുമെന്നു പറഞ്ഞതോടെ അയാൾ ക്രൂരമായി മർദിച്ചു. കുടുംബത്തോടെ തന്നെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ താൻ പേടിച്ച് വഴങ്ങുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹങ്ങളിൽ ഏറ്റവും വേദനിപ്പിച്ചത് ഒരു 12 -15 നും ഇടയിൽ പ്രായമുള്ള കുട്ടിയെ കണ്ടപ്പോഴാണ്. അവൾ സ്കൂൾ യൂണിഫോമിലായിരുന്നു. ബാഗും ഒപ്പമുണ്ടായിരുന്നു. അവൾക്ക് പാവാടയും അടിവസ്ത്രവും ഉണ്ടായിരുന്നില്ല. അതിക്രൂരമായ പാടുകൾ ശരീരത്തിലുണ്ടായിരുന്നു. മറ്റൊരു സ്ത്രീയുടെ മുഖം ആസിഡ് ഒഴിച്ച് കരിച്ച നിലയിലായിരുന്നു. ധര്‍മസ്ഥല പ്രദേശത്ത് വീടില്ലാത്തവരെയും യാചകരെയും കൊലപ്പെടുത്തിയതിന് താൻ സാക്ഷിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് 2014 ൽ തന്‍റെ കുടുംബത്തിലെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സൂപ്പർ വൈസറുടെ അറിവോടെ ഒരാൾ പീഡിപ്പിച്ചു. ഇതോടെ താനും കുടുംബവും ഭയന്ന് നാടുവിടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രതികൾ ധർമസ്ഥല ക്ഷേത്രവുമായി ബന്ധമുള്ളവരാണ്. അവർ വളരെ സ്വാധീനമുള്ളവരാണ്. അവരെ എതിര്‍ക്കുന്നവരെ അവര്‍ കൊലപ്പെടുത്തും. തനിക്കും കുടുംബത്തിനും സംരക്ഷണം ലഭിച്ചുകഴിഞ്ഞാല്‍ അവരുടെ പേരുകളും അവരുടെ പങ്കും വെളിപ്പെടുത്താന്‍ താൻ തയ്യാറാണെന്നും നുണപരിശോധനയ്ക്ക് വിധേയനാവാമെന്നും അദ്ദേഹം അറിയിച്ചു.