മകളുടെ പ്രണയം നാണക്കേടായി; 16കാരിയെ കൊന്ന് മുഖം വികൃതമാക്കി ഉപേക്ഷിച്ച് പിതാവ്
symbolic image
ലക്നൗ: പ്രണയത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചതോടെ മകളെ കൊന്ന് മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി വഴിയിൽ ഉപേക്ഷിച്ച പിതാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. 16 വയസുള്ള വന്ദനയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ വിജയ് കുമാർ ചൗബേയാണ് പിടിയിലായിരിക്കുന്നത്. മകളെ കാണാനില്ലെന്ന് കാണിച്ച് വിജയകുമാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വിജയ് കുമാർ തന്നെയാണ് കൊലയാളിയെന്ന് തെളിഞ്ഞത്.
വന്ദന ഏറെക്കാലമായി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെ ഇരുവരും നാടു വിട്ടു പോകുകയും ചെയ്തു. വന്ദനയ്ക്ക് പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ കാമുകനെ പൊലീസ് പിടികൂടി. പെൺകുട്ടിയെ സ്വന്തം വീട്ടിലുമാക്കി. മൂന്നു മാസത്തെ ജയിൽവാസത്തിനു ശേഷം യുവാവ് പുറത്തിറങ്ങിയതോടെ വന്ദന വീണ്ടും അയാളുമായി അടുപ്പത്തിലായി.
വന്ദനയുടെ പ്രണയം മൂലം നാട്ടുകാരും ബന്ധുക്കളും കുടുംബത്തെ പരിഹസിക്കുകയും മാറ്റി നിർത്തുകയും ചെയ്തിരുന്നുവെന്ന് പ്രതി പറയുന്നു. പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറാതെ ഉറച്ചു നിന്നതോടെ നാണക്കേടൊഴിവാക്കാൻ മൂന്നു തവണ താൻ വീടുമാറിയെന്നും വിജയ് കുമാർ പറയുന്നു. അടുത്തു സർവകലാശാലയിലെ ഡ്രൈവറാണ് വിജയ കുമാർ. മറ്റു വഴികളൊന്നുമില്ലാതെ വന്നതോടെയാണ് മകളെ കൊല്ലാമെന്ന് തീരുമാനിച്ചത്. സുഹൃത്തായ അബ്ദുൾ മന്നന്‍റെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രാജസ്ഥാനിലെ മത ശുശ്രൂഷ കേന്ദ്രത്തിലേക്ക് പോകാനെന്ന മട്ടിൽ വാടകയ്ക്കെടുത്ത കാറിൽ ഇരുവരും മകളുമായി യാത്ര പുറപ്പെട്ടു. ബാരാബാങ്കിയിലെ ആളൊഴിഞ്ഞ പ്രദേശത്തെത്തിയപ്പോൾ ഉറക്കത്തിലായിരുന്ന പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്നു. പിന്നീട് ആരാണെന്ന് വ്യക്തമാകാതിരിക്കാനായി മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കി. അടുത്തുള്ള ശാർദ കനാലിൽ മൃതദേഹം ഒഴുക്കാനായിരുന്നു ഉദ്ദേശമെങ്കിലും റോഡിലൂടെ വാഹനങ്ങൾ വന്നു തുടങ്ങിയതോടെ ഇരുവരും പരിഭ്രാന്തരായി. അതോടെ വഴിയരികിൽ തന്നെ മൃതദേഹം ഉപേക്ഷിച്ച് മടങ്ങി.
എപ്രിൽ 13നാണ് വിജയ് കുമാർ മകളെ കൊന്നത്. പിന്നീട് നാട്ടിൽ എത്തിയ ശേഷം ഏപ്രിൽ 16ന് മകളെ കാണാനില്ലെന്ന് കാണിച്ച് ഐജിആർഎസ് പോർട്ടൽ വഴി പരാതി നൽകി. വിജയ കുമാറിന്‍റെയും വന്ദനയുടെയും കോൾ റെക്കോഡുകൾ ഉൾപ്പെടെ പരിശോധിച്ചതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ വിജയ കുമാർ കുറ്റം സമ്മതിച്ചു.