പ്രതീകാത്മക ചിത്രം
കാൺപുർ: പെട്രോൾ പമ്പിൽ വച്ച് ഉണ്ടായ വാക്ക്തർക്കത്തെ തുടർന്ന് യുവാവിന്‍റെ രണ്ടു കൈകളും മഴു ഉപയോഗിച്ച് വെട്ടിമാറ്റി ആക്രമി സംഘം. ചോരയിൽ കുളിച്ചുകിടന്ന യുവാവിന് രക്ഷയായി എത്തിയത് സ്വന്തം അമ്മ. ഉത്തർപ്രദേശിൽ കാൺപൂർ-സാഗർ ഹൈവേയിൽ ചൊവ്വാഴ്ച രാത്രി 11നാണ് ദാരുണസംഭവം.
പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തിയ ജൈവേന്ദ്ര സിങ്ങ് (28) ആണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. പമ്പിൽ എത്തിയ ആക്രമി സംഘം മഴു ഉപയോഗിച്ച് യുവാവിന്‍റെ ഇരു കൈകളും മുട്ടിനു മുകളിൽ വച്ച് വെട്ടിമാറ്റുകയായിരുന്നു. ഇരു വിഭാഗവും തമ്മിൽ വാക്ക്തർക്കമുണ്ടായതോടെയാണ് ആക്രമി സംഘം കൃത്യം നടത്തിയത്. തുടർന്ന് സംഭവസ്ഥലത്തു നിന്ന് കടന്നുകളഞ്ഞു.
ആക്രമണത്തിൽ യുവാവിന്‍റെ കൈകൾ മുറിച്ചുമാറ്റപ്പെട്ടതിനു പുറമെ തലയ്ക്കും കാലുകൾക്കും ആഴത്തിൽ വെട്ടേൽക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ യുവാവിന്‍റെ അമ്മയുടെ അവസരോചിതമായ ഇടപെടലാണ് ജീവൻ കാത്തുസൂക്ഷിച്ചത്. മകന്‍റെ സ്ഥിതി കണ്ട് അമ്മ ഞെട്ടിയെങ്കിലും മനസാന്നിധ്യം കൈവിടാതെ യുവാവിന്‍റെ അറ്റുപോയ ഇരു കൈകളും മുട്ടിനോട് ചേർത്തുവച്ച് തുണി ഉപയോഗിച്ച് കെട്ടുകയായിരുന്നു. ഇതാണ് രക്തം വാർന്നുപോകാതെ യുവാവിന്‍റെ ജീവൻ കാത്തുസൂക്ഷിക്കാൻ സഹായിച്ചത്. കൂടാതെ തലയിലെ മുറിവും തുണി ഉപയോഗിച്ച് കെട്ടിവച്ചു. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ യുവാവിന്‍റെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്‌റ്റർമാർ അറിയിച്ചു.
യുവാവും ആക്രമി സംഘവും തമ്മിൽ മുൻ വൈരാഗ്യമില്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്നാണ് ആക്രമണം നടത്തിയതെന്നും യുവാവിന്‍റെ കുടുംബം പറയുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് ഒരു പ്രതിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.