ചെങ്കോട്ടയിൽ നിന്ന് ഒരു കോടി രൂപ വിലയുള്ള സ്വർണ കലശങ്ങൾ മോഷ്ടിക്കപ്പെട്ടു
ന്യൂഡൽഹി: ചെങ്കോട്ടയിൽ നിന്ന് ഒരു കോടിയിലധികം രൂപ വില മതിക്കുന്ന രണ്ട് സ്വർണ കലശങ്ങൾ മോഷ്ടിക്കപ്പെട്ടു. ജൈന മത വിശ്വാസികളുടെ 10 ദിവസം നീണ്ടു നിൽക്കുന്ന ദശലക്ഷൺ മഹാപർവിനിടെയാണ് മോഷണം നടന്നത്. പൂജാരിയായി വേഷം മാറിയെത്തിയയാൾ മോഷണം നടത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞുവെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും പൊലീസ് വെളിപ്പെടുത്തി. ജൈന ആചാരങ്ങൾക്കായി ഉപയോഗിക്കുന്ന സ്വർണ കലശങ്ങളും 760 ഗ്രാമുള്ള സ്വർണത്തിൽ തീർത്ത നാളികേരവുമാണ് മോഷ്ടിക്കപ്പെട്ടത്. പരിപാടിയുടെ സംഘാടകർ അതിഥികളെ സ്വീകരിക്കുന്നതിനുള്ള തിരക്കിൽ പെട്ട സമയത്താണ് മോഷണം നടന്നിരിക്കുന്നത്.
സ്വർണ കലശങ്ങളിൽ വജ്രം, മരതകം മാണിക്യം തുടങ്ങിയ വിലയേറിയ രത്നങ്ങൾ പതിപ്പിച്ചിരുന്നതായും എഫ്ഐആറിൽ ഉണ്ട്. സുധീർ ജെയിൻ എന്ന വ്യവസായിയുടേതാണ് സ്വർണ കലശമുൾപ്പെടെയുള്ള വസ്തുക്കൾ. ദിവസവും സുധീർ ജൈൻ ആചാരങ്ങൾക്കായി ഇവ കൊണ്ടു വരികയാണ് പതിവ്.
കലശത്തിലെ രത്നങ്ങൾ ഭംഗിക്കു വേണ്ടി പതിപ്പിച്ചിരിക്കുന്നവയാണ്. എന്നാൽ കലശങ്ങളുമായി വൈകാരിക അടുപ്പമാണുള്ളതെന്നും അവയ്ക്ക് വില പറയാനാകില്ലെന്നും സുധീർ ജയിൻ പറയുന്നു.