ധർമരാജ് 'റോക്കി' കശ്യപ് 
Crime

പത്താം ക്ലാസിൽ ഉന്നത വിജയം, പിന്നെ വാടകക്കൊലയാളി: ബാബാ സിദ്ദിഖ് വധക്കേസിലെ പ്രതിയുടെ ക്രിമിനൽ പ്രൊഫൈൽ

സമൂഹ മാധ്യമങ്ങളിലൂടെ ഗുണ്ടാ സംഘാംഗങ്ങൾ നടത്തുന്ന പൊങ്ങച്ചം പറച്ചിലുകളിൽ ആകൃഷ്ടനായാണ് ധർമരാജ് അക്രമത്തിന്‍റെ വഴി തെരഞ്ഞെടുത്തതെന്ന് മൂത്ത സഹോദരൻ

MV Desk

ലഖ്നൗ: പത്താം ക്ലാസിലെ ബോർഡ് പരീക്ഷയിൽ 78 ശതമാനം മാർക്കോടെ ജയിച്ചതാണ് ധർമരാജ് കശ്യപ്. മകനെ ഡോക്റ്ററാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ മോഹം. എന്നാൽ, ധർമരാജ് കശ്യപ് ഇപ്പോൾ അറിയപ്പെടുന്നത് റോക്കി കശ്യപ് എന്നാണ്- എൻസിപി നേതാവ് ബാബാ സിദ്ദിഖിനെ വെടിവച്ചു കൊന്ന കേസിലെ പ്രതി!

സമൂഹ മാധ്യമങ്ങളിലൂടെ ഗുണ്ടാ സംഘാംഗങ്ങൾ നടത്തുന്ന പൊങ്ങച്ചം പറച്ചിലുകളിൽ ആകൃഷ്ടനായാണ് ധർമരാജ് അക്രമത്തിന്‍റെ വഴി തെരഞ്ഞെടുത്തതെന്ന് മൂത്ത സഹോദരൻ അനുരാഗ് പറയുന്നു. ''പെട്ടെന്ന് പണവും സ്വാധീനവും ഉണ്ടാക്കുക എന്നതായിരുന്നു അവന്‍റെ ലക്ഷ്യം. ലോറൻസ് ബിഷ്ണോയിയോട് ആരാധന മൂത്താണ് അവരുടെ സംഘത്തിൽ ചേർന്നത്. അവനെ നേർവഴിക്കു നടത്താൻ കഴിയാത്തതിൽ പശ്ചാത്തപിക്കുന്നു'', അനുരാഗ് പറയുന്നു.

പ്ലസ് ടു പരീക്ഷ എഴുതാതിരുന്നപ്പോൾ തന്നെ ധർമരാജിന്‍റെ വഴി തെറ്റിയെന്ന് കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞിരുന്നു. അതിന് അനുരാഗ് ശകാരിച്ചതിൽ ക്ഷുഭിതനായ ധർമരാജ്, അയൽക്കാരൻ ശിവകുമാർ ഗൗതമിനൊപ്പം പൂനെയ്ക്ക് വണ്ടി കയറി. ബാബാ സിദ്ദിഖ് വധക്കേസിൽ ധർമരാജിന്‍റെ കൂട്ടുപ്രതിയാണിപ്പോൾ ശിവകുമാർ ഗൗതം. ബന്ധു ഹരീഷ് നിഷാദിനൊപ്പം ആക്രിക്കച്ചവടമായിരുന്നു ശിവകുമാറിന്. നിഷാദും കേസിൽ പ്രതിയാണ്.

ബാബാ സിദ്ദിഖ് കൊല്ലപ്പെട്ടതിന്‍റെ പിറ്റേന്ന് അനുരാഗിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനു ശേഷം വീട്ടിൽ തിരിച്ചെത്തുന്നത് രണ്ടു ദിവസത്തിനു ശേഷമാണ്. ധർമരാജിനൊപ്പം ഇരുത്തിയാണ് തന്നെ ചോദ്യം ചെയ്തതെന്ന് അനുരാഗ്. ബിഷ്ണോയി ഗാങ്ങിലെ ഷാർപ്പ് ഷൂട്ടറായ ശുഭം ലോങ്കറുടെ നിർദേശമനുസരിച്ചാണ് താൻ പ്രവർത്തിച്ചിരുന്നതെന്ന് ധർമരാജ് പറഞ്ഞതായും അനുരാഗ് വെളിപ്പെടുത്തുന്നു. മറ്റാരുടെയോ നിർദേശമാണ് ലോങ്കറും ഇവർക്കു കൈമാറിയിരുന്നത്. അതാരൊക്കെയെന്നു ധർമരാജിന് അറിയില്ലെന്നാണ് സഹോദരൻ പറയുന്നത്.

വീട്ടിലെ ആറു സഹോദരങ്ങളിൽ ഏറ്റവും ഇള‍യവനാണ് ധർമരാജ്. അനുരാഗ് നാട്ടിൽ തന്നെ ഒരു വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്നു. ശിവകുമാർ ആകട്ടെ, ആക്രിക്കച്ചവടം തുടങ്ങും മുൻപ് ഫുഡ് ഡെലിവറി ഏജന്‍റായിരുന്നു. അഞ്ചാം ക്ലാസിൽ പഠനം ഉപേക്ഷിച്ചതാണ്. ധർമരാജിനെക്കാൾ ചെറുപ്പമാണെങ്കിലും അയാളെക്കാൾ പക്വതയുണ്ടെന്ന് അനുരാഗ്. നാട്ടിൽ ഒരു തരത്തിലുള്ള ക്രിമിനൽ പ്രവർത്തനമോ അക്രമമോ നടത്തിയിട്ടുള്ള ആളല്ല ശിവകുമാറെന്നും അനുരാഗ് സാക്ഷ്യപ്പെടുത്തുന്നു.

രണ്ടാം ഏകദിനവും ഇന്ത്യ തോറ്റു: പരമ്പര ഓസ്ട്രേലിയക്ക്

പൂക്കളുമായി കാത്തു നിന്ന് കുട്ടികൾ; വഴിയിലിറങ്ങി കേഡറ്റുകൾക്ക് സല്യൂട്ട് നൽകി രാഷ്‌ട്രപതി

പൊറോട്ടയും ബീഫും പരാമർശം; എൻ.കെ. പ്രേമചന്ദ്രനെതിരേ പരാതി

കെഎസ്ആർടിസി ബിസിനസ് ക്ലാസ് തിരുവനന്തപുരം - എറണാകുളം റൂട്ടിൽ | Video

ഒക്റ്റോബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 27 മുതൽ