24 കുട്ടികളെ സ്കൂളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ
സിംല: ഹിമാചൽ പ്രദേശിലെ സർക്കാർ സ്കൂളുകളിൽ 24 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. ഗണിത ശാസ്ത്ര അധ്യാപകനെതിരേ പെൺകുട്ടികൾ നൽകിയ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇയാൾക്കെതിരേ പോക്സോ വകുപ്പ് പ്രകാരമാണ് കേസ്.
ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ സർക്കാർ സ്കൂളിൽ സംഘടിപ്പിച്ച ശിക്ഷ സംവാദ് പരിപാടിക്കാടെയാണ് കുട്ടികൾ അധ്യാപകനെതിരേ പരാതി നൽകിയത്. എട്ടു മുതൽ പത്താംക്ലാസ് വരെയുള്ള കുട്ടികളാണ് പരാതി നൽകിയത്. മാതാപിതാക്കളോടും കുട്ടികള്‍ വിവരം പറഞ്ഞിരുന്നില്ല. പീഡന വിവരം പുറത്തു വന്നതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായത്.
അധ്യാപകനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. അധ്യാപകനെ കോടതിയിൽ ഹാജരാക്കി, കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു.