ലതാകുമാരി
പത്തനംതിട്ട: കീഴ്‌വായ്പൂരിൽ മോഷണശ്രമത്തിനിടെ അയൽവാസി തീകൊളുത്തിയ സ്ത്രീ മരിച്ചു. പുളമല വീട്ടിൽ ലതാകുമാരി (62) ആണ് മരിച്ചത്. ഗുരുതരമായി പൊളളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ വെളളിയാഴ്ചയാണ് മരിച്ചത്. ഒക്റ്റോബർ 9നാണ് അയൽവാസിയായ സുമയ്യ സുബൈർ (30) മോഷണശ്രമത്തിനിടെ ലതാകുമാരിയെ കെട്ടിയിട്ട് തീകൊളുത്തിയത്.
ഓൺലൈൻ വായ്പാ ആപ്പുകളിലൂടെ സുമയ്യയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരുന്നത്. എന്നാൽ, കടം വിട്ടാൻ ലതാകുമാരിയോട് പണം ചോദിച്ചപ്പോൾ നൽകിയിരുന്നില്ല. പിന്നീട് സ്വർണാഭരണങ്ങൾ ആവശ്യപ്പെടുകയായിരുന്നു സുമയ്യ. എന്നാൽ അതും ലതാകുമാരി നൽകാതെയിരുന്നതോടെ പിന്നീട് വീട്ടിൽ കയറി മോഷണം നടത്താനുളള പദ്ധതിയായി.
വ്യാഴാഴ്ച വൈകീട്ട് സുമയ്യ കുഞ്ഞിനെയും കൊണ്ട് ലതാകുമാരിയുടെ വീട്ടിലെത്തി കുഞ്ഞിനെ റൂമിൽ കിടത്തി. പിന്നീട് ലതാകുമാരിയെ ഭീഷണിപ്പെടുത്തി കെട്ടിയിട്ട് സ്വർണാഭരണങ്ങൾ ഊരിയെടുക്കുകയായിരുന്നു. കൈയിലുണ്ടായരുന്ന വളകളും, മാലയും ഊരിയെടുത്തതിന് ശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി.
കുഞ്ഞുമായി പുറത്തെത്തിയ സുമയ്യ ക്വാർട്ടേഴ്സിലെത്തി മൂത്തമകനെയും കൊണ്ടു പൊലീസ് സ്റ്റേഷന് അടുത്തുളള മറ്റൊരു വീട്ടിലെത്തി. സുമയ്യയാണ് ആക്രമണം നടത്തിയതെന്ന് എസ്ഐ ആർ. രാജേഷിന് മൊഴി നൽകിയതോടെ രാത്രി തന്നെ ക്വാർട്ടേഴ്‌സ് പൂട്ടി സീൽ വെച്ചിരുന്നു. ഇവരെ വനിതാ പോലീസ് നിരീക്ഷണത്തിൽ കോഴഞ്ചേരിയിലെ മഹിളാ സദനത്തിലുമാക്കി.
വെളളിയാഴ്ച രാവിലെ വിരലടയാള വിദഗ്ധരടങ്ങുന്ന ശാസ്ത്രീയ കുറ്റാന്വേഷണ സംഘം സ്ഥലത്തെത്തി. അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചതോടെ സുമയ്യയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് ഉറപ്പിച്ചു. ശനിയാഴ്ച സുമയ്യയെ ലതാകുമാരിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സുമയ്യയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.