മധ്യപ്രദേശിൽ നടുറോഡിലിട്ട് ഭാര്യയെ ഭർത്താവ് വെടിവച്ച് കൊന്നു
ഭോപാൽ: മധ്യപ്രദേശിൽ നടുറോഡിലിട്ട് ഭാര്യയെ ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി. ഗ്വാളിയോർ നിവാസിയായ നന്ദിനി (28) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് അരവിന്ദ് പരിഹാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി അരവിന്ദും നന്ദിനിയും ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് വേർപിരിഞ്ഞാണ് താമസം. വെള്ളിയാഴ്ച വൈകീട്ട് സ്റ്റേഡിയത്തിന് സമീപത്തുകൂടെ നടന്നുവരികയായിരുന്ന നന്ദിനിയെ അരവിന്ദ് തടഞ്ഞുനിര്‍ത്തി.
തുടർന്ന് അരവിന്ദ് കൈയില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് നന്ദിനിക്ക് നേരേ വെടിയുതിര്‍ത്തു. യുവതിക്ക് നേരേ അഞ്ചു തവണയാണ് പ്രതി നിറയൊഴിച്ചത്. വെടിയേറ്റ് യുവതി റോഡില്‍ വീണതോടെ പ്രതിയും കൈയിൽ തോക്കുമായി ഇവർക്ക് സമീപത്തായി ഇരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.
എന്നാൽ അരവിന്ദ് തോക്കുമായി പൊലീസ് നേരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ആളുകൾക്ക് നേരേ വെടിയുതിർക്കുമെന്നും സ്വയം നിറയൊഴിച്ച് മരിക്കുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി. പ്രതിയെ കീഴ്‌പ്പെടുത്താനായി പോലീസ് ആദ്യം കണ്ണീര്‍വാതകം പ്രയോഗിച്ചു. പിന്നാലെ മല്‍പ്പിടിത്തത്തിലൂടെ പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.