സിസിടിവി ദൃശ്യങ്ങളിൽ നിന്ന്
ഇടുക്കി: ചെറുതോണിയിൽ ചുമട്ടു തൊഴിലാളിയെ കയ്യേറ്റം ചെയ്തതിനു പിന്നാലെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച വ്യാപാരി അറസ്റ്റിൽ. മത്സ്യ വ്യാപാരം നടത്തുന്ന ചെറുതോണി സ്വദേശി സുഭാഷ് ആണ് ചുമട്ടുത്തൊഴിലാളിയായ ടി.കെ. കൃഷ്ണനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സുഭാഷിന്‍റെ കടയിൽ എത്തിയ മീൻ പെട്ടികൾ ഇറക്കിയതിലെ കൂലി തർക്കം സംഘർഷമാവുകയും പിന്നീട് നാട്ടുകാർ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കൃഷ്ണനെ സുഭാഷും സഹോദരൻ സുരേഷും പിക്കപ്പ് വണ്ടിയുമായി എത്തി ഇടിച്ചത് തെറിപ്പിക്കുകയായിരുന്നു.
ആക്രമണത്തിൽ സുഭാഷിനെതിരേ വധ ശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തു. സഹോദരൻ സുരേഷ് ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള അന്വേഷണണം തുടങ്ങിയതായും ഇടുക്കി പൊലീസ് അറിയിച്ചു.