കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസ്: പ്രധാന പ്രതിക്ക് പെൺവാണിഭ സംഘവുമായി ബന്ധം, കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: എറണാകുളം കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിൽ പ്രധാന പ്രതിയായ അക്ബർ പെൺവാണിഭ സംഘവുമായി ബന്ധമുണ്ടെന്ന് സൂചന. കൊച്ചി കേന്ദ്രീകരിച്ച് ഇയാൾ പെൺവാണിഭം നടത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
കലൂർ ലിബർട്ടി ലെയ്നിൽ ഹൈലാൻഡ് ലോഡ്ജ് നടത്തിപ്പുകാരനായ അക്ബറിനെതിരേ നേരത്തെയും ചില കേസുകളുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ ലോഡ്ജ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. നിലവിൽ ഒളിവിലായ അക്ബറിനെതിരേ കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
പാലക്കാട് സ്വദേശിയായ അക്ബർ തമിഴ്നാട് സ്വദേശിനികളെയും ഉത്തരേന്ത‍്യൻ സംസ്ഥാനങ്ങളിൽ നിന്നും യുവതികളെ എത്തിച്ച് പെൺവാണിഭം നടത്തിയിരുന്നുവെന്നാണ് വിവരം. അക്ബറിന്‍റെ മൊബൈൽ ഫോണിന്‍റെ അവസാന ലൊക്കേഷൻ പാലക്കാട് ആണ് കാണിക്കുന്നത്. അതിനാൽ അന്വേഷണ സംഘം പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്.
റോഡിലൂടെ നടന്നു പോയപ്പോള് കമന്‍റടിച്ചത് ചോദ്യം ചെയ്തതിനാണ് പെൺകുട്ടികളെ ആക്രമിച്ചത്. താമസിച്ചിരുന്ന മുറിയുടെ സമീപത്തുള്ള കടയിൽ നിന്ന് സാധനം വാങ്ങി പെൺകുട്ടികൾ മടങ്ങിപ്പോവുമ്പോൾ റോഡരികിൽ നിന്ന യുവാക്കൾ ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്തതോടെയാണ് യുവാക്കൾ ആക്രമണം നടത്തിയത്. സ്ത്രീകളടക്കം എട്ടോളം പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. തടഞ്ഞു നിർത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും ഫോൺ നിലത്തെറിഞ്ഞ് തകർക്കുകയും ചെയ്തു.
ഫോൺ എടുക്കാൻ ശ്രമിച്ചതോടെ മുടിക്ക് പിടിച്ച് കറക്കി നിലത്തെറിയാൻ ശ്രമിച്ചു. നെഞ്ചിൽ ചവിട്ടി പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രം വലിച്ചുകീറാനും സംഘത്തിലെ യുവാക്കൾ ശ്രമിച്ചു. പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.