കന്നഡ നടിയെ തട്ടിക്കൊണ്ടു പോയി; ഭർത്താവിനെതിരേ കേസ്
ബംഗളൂരു: കന്നഡ സീരിയൽ നടിയെ ഭർത്താവ് തട്ടിക്കൊണ്ടു പോയതായി പരാതി. കന്നഡ താരം ചൈത്രയെ ഭർത്താവും സിനിമാ നിർമാതാവുമായ ഹർഷവർധൻ തട്ടിക്കൊണ്ടു പോയതായി സഹോദരി ലീലയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. എട്ടുമാസമായി ചൈത്രയും ഹർഷവർധനും പരസ്പരം പിരിഞ്ഞു താമസിക്കുകയാണ്. ഒന്നര വയസുള്ള മകളെ വിട്ടു കിട്ടുന്നതിനായാണ് ഹർഷവർധൻ ഭാര്യയെ തട്ടിക്കൊണ്ടു പോയതെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
2023ലായിരുന്നു ചൈത്രയുടെയും ഹർഷ വർധന്‍റെയും വിവാഹം. പ്രശ്നങ്ങളെത്തുടർന്ന് ഹസനിലെ ഹർഷവർധന്‍റെ വീട്ടിൽ നിന്നും മകൾക്കൊപ്പം ചൈത്ര ഇറങ്ങിപ്പോരുകയായിരുന്നു. നിസവിൽ മഗഡി റോഡിൽ വാടക വീട്ടിലാണ് താമസിക്കുന്നത്. ഡിസംബർ 7ന് സീരിയലിന്‍റെ ചിത്രീകരണത്തിനായി ചൈത്ര മൈസൂരുവിലേക്ക് പോയി.
പക്ഷേ അത് ഹർഷവർധന്‍റെ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നാണ് സഹോദരി ആരോപിക്കുന്നത്. ചൈത്രയെ മൈസൂരുവിലെത്തിക്കാൻ ഹർഷവർധൻ സീരിയലിന്‍റെ അസോസിയേറ്റിന് 20,000 രൂപ നൽകിയിരുന്നുവെന്നും പിന്നീട് ചൈത്രയെ നിർബന്ധിച്ച് കാറിൽ കയറ്റി കൊണ്ടു പോകുകയായിരുന്നുവെന്നുമാണ് പരാതിയിലുള്ളത്. ഇക്കാര്യം ചൈത്ര ഗിരീഷ് എന്ന സുഹൃത്തിനെ വിളിച്ചറിയിച്ചതായും പരാതിയിലുണ്ട്.
വൈകിട്ടോടെ ചൈത്രയുടെ അമ്മയുമായി ഫോണിൽ ബന്ധപ്പെട്ട് മകളെ തട്ടിക്കൊണ്ടു പോയതായി ഹർഷവർധൻ അറിയിച്ചു. അയാൾ പറയുന്ന സ്ഥലത്തെ കുഞ്ഞിനെ എത്തിച്ചെങ്കിൽ മാത്രമേ ചൈത്രയെ മോചിപ്പിക്കൂ എന്നായിരുന്നു അറിയിച്ചത്. ചിത്രയുടെ മറ്റൊരു ബന്ധുവിനെ വിളിച്ചും ഇക്കാര്യം ആവർത്തിച്ചു. ആദ്യം ഭയന്നു പോയ കുടുംബാംഗങ്ങൾ പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.