പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മദ്യ വിൽപ്പന നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജു (51) ആണ് പിടിയിലായത്. നാലര ലിറ്റർ വിദേശമദ്യവുമായാണ് ഇയാളെ പിടിയിലാവുന്നത്. സന്നിധാനം എൻഎസ്എസ് ബിൽഡിംഗിന് സമീപതുള്ള ശാസ്താ ഹോട്ടലിലെ ജീവനക്കാരനാണ് ബിജു. ഇയാളെ വെള്ളിയാഴ്ച വൈകുന്നേരം ഹോട്ടലില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
പൂർണമായും മദ്യനിരോധിത മേഖലയായ ഇവിടേക്ക് ഭക്തരെ കർശന പരിശോധനകളോടെയാണ് കടത്തിവിടാറുള്ളത്. അതിനാൽ തന്നെ സന്നിധാനത്തേക്ക് മദ്യം എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നാണ് രഹസ്യാന്വേഷന വിഭാഗം വിലയിരുത്തിയത്. ഇയാൾ ഏറെനാളായി സന്നിധാനത്ത് മദ്യ വിൽപ്പന നടക്കുന്നുവെന്നാണ് കണ്ടെത്തൽ.