ധോണ്ടിറാം ഭോൻസ്‌ലെ, സാധ്ന ഭോൻസ്‌ലെ
സാംഗ്ലി: നീറ്റ് മോക്ക് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്‍റെ പേരിൽ മകളെ അടിച്ചു കൊന്ന അധ്യാപകൻ അറസ്റ്റിൽ. സാംഗ്ലി സ്വദേശിയായ സാധ്ന ഭോൻസ്‌ലെ (17) ആണ് കൊല്ലപ്പെട്ടത്. സ്കൂൾ അധ്യാപകൻ കൂടിയായ പിതാവ് ധോണ്ടിറാം ഭോൻസ്‌ലെയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസ് പൊതു പരീക്ഷയിൽ 92.60 ശതമാനം മാർക്ക് നേടിയാണ് സാധ്ന വിജയിച്ചത്. പിന്നീട് നീറ്റ് പരീക്ഷയ്ക്കു വേണ്ടി പരിശീലിച്ചു വരുകയായിരുന്നു. പരിശീലനത്തിന്‍റെ ഭാഗമായി നടത്തിയ മോക് ടെസ്റ്റിൽ സാധ്നയ്ക്ക് മാർക്ക് കുറഞ്ഞതാണ് പിതാവിനെ പ്രകോപിപ്പിച്ചത്.
പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ വടി കൊണ്ട് നിരന്തരമായി അടിച്ചതാണ് മരണത്തിന് കാരണമായത്. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മകളുടെ മരണത്തിന് കാരണം ഭർത്താവാണെന്ന് ആരോപിച്ച് സാധ്നയുടെ അമ്മ ജൂൺ 22ന് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.