കൊച്ചിയിൽ ഇതരസംസ്ഥാന തൊഴിലാളികളായ സ്ത്രീകളെ നഗ്നരാക്കി 6.05 ലക്ഷത്തിന്‍റെ വൻ കവർച്ച
കൊച്ചി: പാലാരിവട്ടത്ത് വാടകവീട്ടിൽ താമസിച്ചിരുന്ന സ്ത്രീകൾ അടക്കമുള്ള ഏഴ് ഇതരസംസ്ഥാന തൊഴിലാളികളെ ആയുധധാരികളായ സംഘം നഗ്നരാക്കി കവർച്ച നടത്തി. 6.05 ലക്ഷം രൂപയിലധികം വിലമതിക്കുന്ന പണവും സ്വർണവും മൊബൈൽ ഫോണുകളുമാണ് കവർന്നത്. വ്യാഴാഴ്ച പുലർച്ച12.30നും 1.15നും ഇടയിലാണ് സംഭവം.
സംസ്കാര ജങ്ഷന് സമീപത്തെ വീട്ടിൽ അസമിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമുള്ള നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് താമസിച്ചിരുന്നത്. അഞ്ചംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി വാതിലുകൾ അകത്തുനിന്ന് പൂട്ടുകയും കത്തി ചൂണ്ടി തൊഴിലാളികളെ ബന്ദികളാക്കുകയും ചെയ്തു. തുടർന്ന് തൊഴിലാളികളെ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം പണവും സ്വർണവും മൊബൈൽ ഫോണുകളും കവർന്നു.
1.2 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാല, 60,000 രൂപ വിലയുള്ള ഒരു ജോഡി സ്വർണ കമ്മലുകൾ, 1.2 ലക്ഷം രൂപ, 3.05 ലക്ഷം രൂപ വിലമതിക്കുന്ന 10 മൊബൈൽ ഫോണുകൾ, പേഴ്സുകൾ, എടിഎം കാർഡുകൾ, വ്യക്തിഗത തിരിച്ചറിയൽ രേഖകൾ എന്നിവയാണ് സംഘം കവർന്നത്. ശരീരത്തിൽ കൂടുതൽ സ്വർണാഭരണങ്ങൾ ഉണ്ടോയെന്ന് അറിയാനാണ് സ്ത്രീകളുടെ വസ്ത്രങ്ങൾ സംഘം അഴിപ്പിച്ചത്.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രദേശവാസികളായ നാല് യുവാക്കളും ഹിന്ദി സംസാരിക്കുന്ന ഒരാളുമാണ് കവർച്ച സംഘത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. പ്രതികളിൽ ഒരാൾക്ക് ഇരകളെ നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തൊഴിലാളികൾ താമസിച്ചിരുന്ന വീടിന് സമീപം പ്രതികൾ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.