അനിൽ അംബാനി
മുംബൈ: റിലയൻസ് ചെയർമാൻ അനിൽ അംബാനിക്കെതിരെ പുതിയ കള്ളപ്പണക്കേസ് രജിസ്റ്റർ ചെയ്ത് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. 2,929 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതി ചേർത്തുകൊണ്ടാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്. ഇഡിയുടെ നടപടി കഴിഞ്ഞ മാസം സിബിഐ ഫയൽ ചെയ്ത എഫ്ഐആറിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് അദ്ദേഹം നഷ്ടം വരുത്തിയെന്നാണ് ആരോപണം. തെളിവു ശേഖരണത്തിനായി അംബാനിയുമായി ബന്ധപ്പെട്ട മുംബൈയിലെ ആറു സ്ഥലങ്ങളിൽ പരിശോധന നടത്തി. ഇതിനെ തുടർന്ന് അനിൽ അംബാനിയെയും റിലയൻസ് കമ്യൂണിക്കേഷൻസിൽ ഉള്ളവർക്കെതിരേയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിലയൻസ് കമ്യൂണിക്കേഷൻസിന് നൽകിയ നോട്ടിസിൽ വായ്പാ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയതിന് മതിയായ വിശദീകരണം ലഭിച്ചില്ല. അനിൽ അംബാനിക്കെതിരേ യെസ് ബാങ്ക് 3,000 കോടി രൂപ വായ്പ വഴി തിരിച്ചു വിട്ടതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.