പ്രതി ജോസ്മോൻ |കൊല്ലപ്പെട്ട എയ്ഞ്ചൽ ജാസ്മിൻ
കലവൂർ: ആലപ്പുഴ ഓമനപ്പുഴയിൽ മകളെ പിതാവ് തോർത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ സംഭവത്തിൽ ഭാര്യയുടെയും സാഹായം ലഭിച്ചുവെന്ന് പൊലീസ്. പിതാവ് കഴുത്തു ഞെരിച്ചപ്പോൾ എയ്ഞ്ചൽ ജാസ്മിൻ (28) രക്ഷപെടാൻ ശ്രമിച്ചു. ഇതോടെ അമ്മ ജെസിമോൾ ജാസ്മിനെ പിടിച്ച് നിർത്തുകയും കൈകൾ പിടിച്ച് വയ്ക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.
കേസിൽ ജെസിമോളെയും പ്രതിചേർത്ത പൊലീസ് ഇവരെ അറസ്റ്റു ചെയ്തു. യുവതിയുടെ അമ്മാവൻ അലോഷ്യസിനെയും കേസിൽ പ്രതി ചേർക്കും. കൊലപാതക വിവരം മറച്ചുവച്ചുവെന്നതാണ് കുറ്റം. അലോഷ്യസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രിയായിരുന്നു കൊലപാതകം. ജാസമിൻ രാത്രി പുറത്തു പോയതുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഭർതൃ വീട്ടിൽ നിന്നും പിണങ്ങിയെത്തിയ ജാസ്മിൻ വീട്ടിലും നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നും സഹികെട്ടപ്പോൾ ചെയ്തതാണെന്നും പിതാവ് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.