ശാരീരിക ബന്ധത്തിന് വിസമ്മതിച്ചതിന്‍റെ പേരിൽ ഭാര്യയെ കൊല്ലാൻ ശ്രമം; 46കാരൻ അറസ്റ്റിൽ
മുംബൈ: ശാരീരിക ബന്ധത്തിന് വിസമ്മതിച്ചതിന്‍റെ പേരിൽ ഭാര്യ കൊല്ലാൻ ശ്രമിച്ച മുംബൈ ചെമ്പൂർ സ്വദേശി അറസ്റ്റിൽ. 46 വയസുള്ള ദിനേശ് അവ്ഹാദ് ആണ് പിടിയിലായത്. വെള്ളിയാഴ്ചയാണ് സംഭവം. വീട്ടുജോലിക്കാരിയായ ഭാര്യ ജോലിക്കു പോകുന്നതിനു മുൻപാണ് ദിനേശ് ശാരീരിക ബന്ധത്തിന് ശ്രമിച്ചത്. ജോലിക്കെത്താൻ വൈകുമെന്നതിനാൽ ഭാര്യ വിസമ്മതിച്ചു. ഇതിനു പിന്നാലെ ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി.
ഒടുവിൽ ഭാര്യ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ദേഹത്തേക്കൊഴിച്ചു. തൊട്ടു പുറകേ ദിനേശ് കടലാസ് കത്തിച്ച് ഭാര്യയുടെ ദേഹത്തേക്കിട്ടു.
തീ ആളിപ്പടർന്ന് ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദിനേശിനെതിരേ വധശ്രമം ഉൾപ്പെടെയുള്ള കേസുകളാണ് ചുമത്തിയിരിക്കുന്നത്.