ഭർത്താവ് പീഡിപ്പിച്ചത് അനവധി സ്ത്രീകളെ; വാട്സാപ്പിലെ സന്ദേശങ്ങൾ അടക്കം കൈയോടെ പൊലീസിൽ ഏൽപ്പിച്ച് നാഗ്പുർ സ്വദേശി
നാഗ്പുർ: അനവധി സ്ത്രീകളെ വിവാഹവാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഭർത്താവിനെ കൈയോടെ പൊലീസിൽ ഏൽപ്പിച്ച് നാഗ്പുർ സ്വദേശിയായ യുവതി. 33 കാരനായ അബ്ദുൽ ഷരീഖ് ഖുറേഷിയാണ് തെളിവോടെ അറസ്റ്റിലായത്. ഇയാളുടെ വാട്സാപ്പ് അക്കൗണ്ട് തുറന്ന് തെളിവുകൾ അടക്കമാണ് ഭാര്യ ഇയാളെ പൊലീസിൽ ഏൽപ്പിച്ചത്.
2021ൽ വിവാഹിതരായ ദമ്പതികൾക്ക് ഒരു മകളുണ്ട്. ഭർത്താവ് അശ്ലീലചിത്രങ്ങളിലേതു പോലുള്ള പ്രവൃത്തികൾക്ക് നിർബന്ധിക്കുന്നു എന്നു കാണിച്ച് യുതി പാച്പാവോലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്ന് ഇയാൾക്കെതിരേ ക്രൂരതയ്ക്ക് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. അതോടെയാണ് കൂടുതൽ തെളിവുകൾക്കായി യുവതി കാത്തിരുന്നത്.
അടുത്തിടെ ഇയാളുടെ വാട്സാപ്പ് തുറക്കാൻ സാഘിച്ചപ്പോൾ അനവധി പെൺകുട്ടികളെ ഇയാൾ വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായും പിന്നീട് ഫോട്ടോകളും വീഡിയോയും പുറത്തു വിടുമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി. ടേകാ നാകയിൽ പാൻ കിയോസ്ക് നടത്തുന്ന ഖുറേഷി അവിവാഹിതനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പെൺകുട്ടികളുമായി അടുത്തിരുന്നത്. 19 വയസ്സുള്ള പെൺകുട്ടി വരെ ഇയാളുടെ ഇരയായിരുന്നു. നിലവിൽ ഈ പെൺകുട്ടി മാത്രമാണ് ഇയാൾക്കെതിരേ പരാതി നൽകാൻ തയാറായിട്ടുള്ളത്. 19കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം ഇയാൾ പതിവു പോലെ ചിത്രങ്ങൾ പകർത്തിയിരുന്നു. ആ ചിത്രങ്ങൾ പുറത്തു വിടാതിരിക്കാനായി പെൺകുട്ടിയുടെ മോതിരം വിറ്റ് 30,000 രൂപയും സ്വന്തമാക്കിയിരുന്നുവെന്ന് പൊലീസ്.